Connect with us

Malappuram

വാഹനം തട്ടി മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് ഒന്നേകാല്‍ കോടി രൂപ നഷ്ടപരിഹാരം

Published

|

Last Updated

തിരൂര്‍: വാഹനാപകടത്തില്‍ മരിച്ച പ്രവാസിയുടെ കുടുംബാംഗങ്ങള്‍ക്ക് ഒന്നേകാല്‍ കോടി രൂപ നഷ്ട പരിഹാരം നല്‍കാന്‍ കോടതി വിധി. തലക്കടത്തൂര്‍ ഓവുങ്ങല്‍ സ്വദേശി പൂച്ചങ്ങല്‍ വീട്ടില്‍ മരക്കാറി(56)ന്റെ കുടുംബത്തിനാണ് 1,29,2,500 രൂപ നഷ്ട പരിഹാരം നല്‍കാന്‍ തിരൂര്‍ കോടതി ഉത്തരവിട്ടത്. യുനൈറ്റഡ് ഇന്ത്യാ ഇന്‍ഷ്വറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്. സംസ്ഥാനത്ത് വാഹനാപകടത്തില്‍ ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്നും ഏറ്റവും കൂടിയ തുക ഈടാക്കിയ രണ്ടാമത്തെ കോടതി വിധിയാണിത്.
ദുബൈയില്‍ ജുബൈ ഇന്റര്‍നാഷനല്‍ കമ്പനിയുടെ ബിസിനസ് പങ്കാളിയും എം ഡിയുമായ മരക്കാര്‍ ഒരാഴ്ചത്തെ അവധിക്കായി നാട്ടിലെത്തിയതായിരുന്നു. 2011 നവംബര്‍ 14ന് തലക്കടത്തൂരിന് സമീപം റോഡരികിലൂടെ നടക്കുകയായിരുന്ന ഇയാളെ സ്വകാര്യ ബസ് ഇടിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം തന്നെ മരിക്കുകയായിരുന്നു. ജുബൈ ഇന്റര്‍ നാഷനല്‍ കമ്പനിയില്‍ നിന്നും 80 ശതമാനം വരുമാനവും മരക്കാറിന് ലഭിച്ചിരുന്നു.
കമ്പനിയില്‍ ജോലി ചെയ്ത രേഖകളും ലഭിച്ചിരുന്ന തുകയുടെയും അടിസ്ഥാനത്തിലായിരുന്നു കോടതി വിധി. ഭാര്യ ഖദീജ, മക്കള്‍ ജുബൈരിയ, ജുനൈനിയ എന്നിവര്‍ ചേര്‍ന്ന് ഫയല്‍ ചെയ്ത കേസിലാണ് വിധി. പരാതിക്കാര്‍ക്ക് വേണ്ടി അഭിഭാഷകരായ എന്‍ ബി സുകുമാരന്‍ തൃശ്ശൂര്‍, ദീപ ഇയാനി, പി ഷംസുദ്ദീന്‍ എന്നിവര്‍ ഹാജരായി.

Latest