ജീവനക്കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ സ്ഥാപന ഉടമക്ക് 25 വര്‍ഷം കഠിനതടവും ഏഴ് ലക്ഷം രൂപ പിഴയും

Posted on: December 31, 2014 12:35 am | Last updated: December 30, 2014 at 11:35 pm

കോട്ടയം: ജീവനക്കാരിയെ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ച കേസില്‍ സ്ഥാപന ഉടമയായ ഒന്നാം പ്രതിക്ക് 25 വര്‍ഷം കഠിനതടവും ഏഴു ലക്ഷം രൂപ പിഴയും. കേസിലെ രണ്ട് മുതല്‍ എട്ടു വരെ പ്രതികളെ വെറുതെ വിട്ടു.

ചിറക്കടവ് ഇടത്തുംപറമ്പ് പ്ലാപ്പള്ളില്‍ ഷാജിയെ (42)യാണ് കോട്ടയം രണ്ടാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എസ് ഷാജഹാന്‍ ശിക്ഷിച്ചത്. പൊന്‍കുന്നത്തെ വിന്‍ടെക് എന്ന സ്ഥാപന ഉടമയായ ഷാജി ജീവനക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2007 ജൂണിലെ അവധി ദിവസം ജോലിക്കെന്ന പേരില്‍ യുവതിയെ ഓഫീസില്‍ വിളിച്ചുവരുത്തിയ ഷാജി ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കി ബോധരഹിതയാക്കിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതി ഉണരുമ്പോള്‍ വിവസ്ത്രയായ നിലയിലായിരുന്നു. തുടര്‍ന്ന് പുറത്തേക്കിറങ്ങി ഓടിയ യുവതിയെ ഷാജി പിടിച്ചുകൊണ്ടു വന്ന് മൊബൈലില്‍ പകര്‍ത്തിയ നഗ്‌നചിത്രങ്ങള്‍ കാണിക്കുകയും വിവരം പുറത്താരോടെങ്കിലും പറഞ്ഞാല്‍ ചിത്രങ്ങള്‍ കമ്പ്യൂട്ടര്‍ മുഖേനയും മൊബൈല്‍ ഫോണ്‍ മുഖേനയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണിച്ചു നിരവധി തവണ പ്രതി യുവതിയെ പീഡിപ്പിച്ചു. സംഭവ സമയം ഇരുപത് വയസ്സ് പോലും തികയാതിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച്, ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് മനുഷ്യത്വരഹിതവും സ്ത്രീത്വത്തിന്റെ മാഹാത്മ്യത്തെ വെല്ലുവിളിക്കുന്നതുമാണെന്ന് കോടതി നിരീക്ഷിച്ചു. വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഭക്ഷണത്തില്‍ വിഷം നല്‍കി ബോധരഹിതയാക്കിയതിന് എട്ടുവര്‍ഷം തടവും ഒരു ലക്ഷം രൂപയും പിഴയുമൊടുക്കണം. പിഴയൊടുക്കിയില്ലെങ്കില്‍ നാലു മാസം അധികമായി കഠിന തടവ് അനുഭവിക്കണം. പീഡിപ്പിച്ച കേസില്‍ 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമൊടുക്കണം. പിഴയൊടുക്കിയില്ലെങ്കില്‍ അധികമായി നാലു മാസം കൂടി കഠിന തടവ് അനുഭവിക്കണം. ഭീഷണിപ്പെടുത്തിയ കേസില്‍ രണ്ട് വര്‍ഷം കഠിന തടവ് അനുഭവിക്കണം. മൊബൈലില്‍ ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചതിന് ഐ ടി ആക്ട് പ്രകാരം അഞ്ച് വര്‍ഷം കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയൊടുക്കിയില്ലെങ്കില്‍ നാലുമാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴയൊടുക്കിയാല്‍ അഞ്ചു ലക്ഷം രൂപ പെണ്‍കുട്ടിക്കു നല്‍കണം. ഐ ടി ആക്ട് പ്രകാരം കോട്ടയം ജില്ലയില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ കേസാണിത്. കേസില്‍ 16 സാക്ഷികളെ വിസ്തരിച്ചു. 36 രേഖകള്‍ ഹാജരാക്കി. കേസിലെ രണ്ടു മുതല്‍ എട്ടു വരെ പ്രതികളായ അരുണ്‍ പി ഹരിദാസ്, സി ആര്‍ കാര്‍ത്തിക്, പി എസ് രാജേഷ്, പ്രജിത്കുമാര്‍, സുനില്‍, ക്രിസ്റ്റഫര്‍, മാര്‍ട്ടിന്‍ എന്നിവരെയാണു വെറുതെ വിട്ടത്. നഗ്‌നചിത്രങ്ങള്‍ മൊബൈല്‍ വഴി പ്രചരിപ്പിച്ചുവെന്നായിരുന്നു ഇവര്‍ക്കെതിരായ കേസ്.
പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോര്‍ജ്കുട്ടി ചിറയില്‍ കോടതിയില്‍ ഹാജരായി.