Kollam
പ്രൊഫഷനല്‍ കോഴ്‌സുകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കുന്ന സംഘത്തിലെ കണ്ണി അറസ്റ്റില്‍

കൊല്ലം: പ്രൊഫഷനല്‍ കോഴ്‌സുകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി കൊടുക്കുന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റിലായി. ചാത്തന്നൂര്‍ മീനാട് താഴംവടക്ക് ചേരിയില്‍ സരസ്വതി വിലാസത്തില്‍ സന്‍ജിത്താ(38)ണ് അറസ്റ്റിലായത്. ഇയാളുടെ പോളയത്തോടുള്ള പ്രൊഫഷനല്‍ എഡ്യുക്കേഷനല്‍ കണ്‍സള്‍ട്ടന്‍സ് എന്ന സ്ഥാപനത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നിരവധി വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചെടുത്തു. പ്രധാനമായും എന്‍ജിനീയറിംഗ് കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റുകളാണ് ഇയാള്‍ തരപ്പെടുത്തി കൊടുക്കുന്നത്. തൃശൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.
എം ജി യൂനിവേഴ്‌സിറ്റിയില്‍ എന്‍ജിനീയറിംഗിന് പഠിച്ചിരുന്ന യുവാവിന് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുവഴി സന്‍ജിത്തിനെ പരിചയപ്പെടുത്തി കൊടുക്കുകയും 1,30,000 രൂപ ഇയാള്‍ക്ക് നല്‍കുകയും ചെയ്തു. മേഘാലയയിലുള്ള സി എം ജെ എന്ന യൂനിവേഴ്‌സിറ്റിയുടെ മാര്‍ക്ക്ഷീറ്റും പ്രഫഷനല്‍ സര്‍ട്ടിഫിക്കറ്റും നല്‍കിയെങ്കിലും കോഴ്‌സ് കംപ്ലീറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഉസ്മാനിയ യൂനിവേഴ്‌സിറ്റിയുടേതായിരുന്നു. ഇതില്‍ സംശയം തോന്നിയ യുവാവ് കൊച്ചിയിലുള്ള എജ്യുക്കേഷന്‍ കണ്‍സല്‍ട്ടന്‍സിയില്‍ നല്‍കി പരിശോധിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്നു പണം തിരികെ ചോദിച്ചപ്പോള്‍ നല്‍കാതിരുന്നതിനാല്‍ യുവാവ് പോലീസിനെ സമീപിക്കുകയായിരുന്നു. വിദേശത്ത് ജോലി തരപ്പെടുത്താന്‍ വേണ്ടിയാണ് പ്രധാനമായും ഇത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നത്. നിരവധി പേര്‍ക്ക് ഇത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുള്ളതായി പ്രതി പോലീസിനോട് പറഞ്ഞു. ഇയാള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി കൊടുത്തിരുന്ന തിരുവനന്തപുരം സ്വദേശികളായ രണ്ടുപേരുടെ സ്ഥാപനത്തിലും പോലീസ് റെയ്ഡ് നടത്തി.
എസ് ആര്‍ എം യൂനിവേഴ്‌സിറ്റി ചെന്നൈ, അണ്ണ യൂനിവേഴ്‌സിറ്റി ചെന്നൈ, സി എം ജെ യൂനിവേഴ്‌സിറ്റി മേഘാലയ, ഉസ്മാനിയ യൂനിവേഴ്‌സിറ്റി ഹൈദരാബാദ്, മാനവ ഭാരതി യൂനിവേഴ്‌സിറ്റി ഹിമാചല്‍ പ്രദേശ്, ശ്രീവിനായക മിഷന്‍ യൂനിവേഴ്‌സിറ്റി ചെന്നൈ, ആന്ധ്രാപ്രദേശ് ബോര്‍ഡ് ഓഫ് എജ്യുക്കേഷനല്‍ ഹൈദരാബാദ്, തമിഴ്‌നാട് ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ ചെന്നൈ, ശ്രീ വെങ്കിടേശ്വര യൂനിവേഴ്‌സിറ്റി ഹൈദരാബാദ് എന്നീ സര്‍വകലാശാലകളുടെയും ബോര്‍ഡുകളുടെയും വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് പിടികൂടിയത്. കൂടുതല്‍ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും.