Connect with us

International

അമേരിക്കയില്‍ വീണ്ടും പോലീസിന് നേരെ ആക്രമണം; ഒരാള്‍ അറസ്റ്റില്‍

Published

|

Last Updated

ലോസ് ആഞ്ചലസ്: അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ സംഘര്‍ഷബാധിത പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് കാറിനു നേരെ രണ്ട് തോക്കുധാരികള്‍ വെടിയുതിര്‍ത്തു. എന്നാല്‍ കാറിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റിട്ടില്ല. ഇതില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അക്രമികള്‍ക്കുനേരെ തിരിച്ചും വെടിയുതിര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ പേരില്‍ ഒരാളെ പിന്നീട് പോലീസ് പിടികൂടിയെങ്കിലും രണ്ടാമന്‍ രക്ഷപ്പെട്ടു. കറുത്ത വര്‍ഗക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വെള്ളക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ കോടതി കുറ്റവിമുക്തനാക്കിയതിനെത്തുടര്‍ന്ന് രാജ്യത്തെങ്ങും പോലീസിനുനേരെ അക്രമങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ഈ സംഭവവും നടന്നത്. ദക്ഷിണ ലോസ് ആഞ്ചലസില്‍ ഗുണ്ടാ ആക്രമണം നടക്കുന്ന പ്രദേശത്തുവെച്ചാണ് ഞായറാഴ്ച രാത്രിയോടെ ആക്രമണം നടന്നത്. അക്രമത്തിനു പിന്നിലെ പ്രചോദനമെന്തെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
രാജ്യത്താകമാനം പോലീസിനുനേരെ നടക്കുന്ന ആക്രമണത്തിന്റെ ഭാഗമാണ് ഇതെന്ന സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. പ്രകോപനമൊന്നുമില്ലാതെയാണ് അക്രമികള്‍ പോലീസുകാരെ വധിക്കാന്‍ ശ്രമിച്ചതെന്ന് നഗരത്തിലെ സഹ പോലീസ് തലവന്‍ ബോബ് ഗ്രീന്‍ പറഞ്ഞു. ആക്രമണവുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ ക്രിസ്റ്റഫര്‍ ടെയ്‌ലര്‍ എന്ന 18കാരനെയാണ് പോലീസ് പിടികൂടിയത്. സംഭവസ്ഥലത്തുനിന്നും ഒരു റൈഫിളും ഒരു കൈത്തോക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Latest