Connect with us

Articles

മാവോയിസ്റ്റുകളെ അടിച്ചമര്‍ത്തുക തന്നെ ചെയ്യും

Published

|

Last Updated

സമീപ ദിവസങ്ങളില്‍ നമ്മുടെ സംസ്ഥാനത്തുണ്ടായ ചില സംഭവങ്ങള്‍ ജനങ്ങളില്‍ ആശങ്കകളുണര്‍ത്താന്‍ കാരണമായിട്ടുണ്ട്. സി പി ഐ മാവോയിസ്റ്റ് എന്ന നിരോധിത തീവ്രവാദ സംഘടനയുടെ മറവില്‍ ഏതാനും സാമൂഹികവിരുദ്ധര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടത് സൈ്വര്യജീവിതം കാംക്ഷിക്കുന്ന ജനങ്ങള്‍ക്കിടയില്‍ ചെറിയ അസ്വസ്ഥതകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. അത്തരം ആശങ്കകള്‍ക്ക് വലിയ അടിസ്ഥാനമില്ല.
എറണാകുളത്തെ നിറ്റാ ജലാറ്റിന്‍ കമ്പനിക്കും പാലക്കാട് കെ എഫ് സി റസ്റ്റോറന്റിനും നേരെ നടന്ന ആക്രമണങ്ങള്‍, വയനാട്ടില്‍ തണ്ടര്‍ ബോള്‍ട്ടിന് നേരെയുണ്ടായ വെടിവയ്പും ഫോറസ്റ്റ് ഔട്ട് പോസ്റ്റിന് നേരെയുണ്ടായ ആക്രമണവുമാണ് കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തിയത്. ഏതാനും ചെറുപ്പക്കാരെ ആകര്‍ഷിക്കാനും അവരെ ഉപയോഗിച്ച് സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും ഈ ഛിദ്ര ശക്തികള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാല്‍, കേരളം പോലുള്ള, ഉച്ചനീചത്വങ്ങളും അസമത്വങ്ങളും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നന്നേകുറവായ നമ്മുടെ സംസ്ഥാനത്ത്, ഉയര്‍ന്ന സാക്ഷരതാനിരക്കും പ്രബുദ്ധതയുമുള്ള ഈ നാട്ടില്‍ ഇത്തരം ആക്രമണകാരികള്‍ക്ക് യാതൊരു പിന്തുണയും ലഭിക്കില്ലെന്നുറപ്പാണ്. അത് കൊണ്ടു തന്നെ സായുധ സമരത്തിന്റെ പേരില്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുകയും പിന്നീട് തുടച്ചുനീക്കപ്പെടുകയും ചെയ്യും.
ജനാധിപത്യത്തിലൂന്നി നിന്നുകൊണ്ടുള്ള സാമൂഹിക കൂട്ടായ്മകളിലൂടെയും നവോത്ഥാന പ്രക്രിയയിലൂടെയുമാണ് ആറ് പതിറ്റാണ്ടുകള്‍കൊണ്ട് വലിയ നേട്ടങ്ങള്‍ കേരളം സ്വന്തമാക്കിയത്. ആയുധമേന്തിയുള്ള, അക്രമാധിഷ്ഠിതമായ പ്രക്ഷോഭങ്ങള്‍ ഒരു സമൂഹത്തെയും എവിടെയും കൊണ്ടെത്തിക്കില്ല. ആദിവാസി-പട്ടിക വര്‍ഗ മേഖലകളിലെ പ്രശ്‌നങ്ങള്‍ മുതലെടുത്താണ് മാവോയിസ്റ്റുകളെപ്പോലെയുള്ള തീവ്രവാദ സംഘടനകള്‍ വേരുപിടിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ആദിവാസി- പട്ടിക വര്‍ഗ മേഖലയില്‍ ഗുണകരമായ മാറ്റങ്ങള്‍ ഏറ്റവുമധികം സംഭവിച്ചിട്ടുള്ളത് കേരളത്തിലാണ്. 2001 ലും 2011ലും അധികാരത്തില്‍ വന്ന യു ഡി എഫ് സര്‍ക്കാറുകള്‍ കൈക്കൊണ്ട വിപ്ലവകരമായ മാറ്റങ്ങള്‍ ആദിവാസി മേഖലയുടെ മുഖഛായ തന്നെ മാറ്റുന്ന തരത്തിലായിരുന്നു. സെക്രേട്ടറിയറ്റിന് മുമ്പില്‍ ആദിവാസികള്‍ നടത്തിയ നില്‍പ്പുസമരം ഒത്തുതീര്‍പ്പാക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ കൈക്കൊണ്ട സമീപനത്തെ എല്ലാ ജനവിഭാഗങ്ങളും സ്വാഗതം ചെയ്യുകയാണുണ്ടായത്. ഒരക്രമത്തിലേക്കും വഴി തുറക്കാതെ ആദിവാസികള്‍ നടത്തിയ സമരത്തില്‍ അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു. പട്ടികജാതി മേഖലയുടെ വികസനത്തിനും അവിടെ അധിവസിക്കുന്ന ആദിവാസി ജനതയുടെ ഉന്നമനത്തിനുമായി 16 സുപ്രധാന തിരുമാനങ്ങളാണ് യു ഡി എഫ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. 2001ല്‍ എ കെ ആന്റണി സര്‍ക്കാര്‍ തുടക്കമിട്ട ആദിവാസി പുനരധിവാസ പദ്ധതി പുനരുജ്ജീവിപ്പിച്ച് 7693.2257 ഹെക്ടര്‍ നിക്ഷിപ്ത വനംഭൂമി ആദിവാസികള്‍ക്ക് പതിച്ചുനല്‍കാനുള്ള നിര്‍ദേശമാണ് അതില്‍ പ്രധാനം. കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് ഭൂരഹിത പട്ടിക വര്‍ഗക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് അനുവദിച്ച ഈ ഭൂമിയില്‍ വാസയോഗ്യവും കൃഷിയോഗ്യവുമായവ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രതിനിധികളും പട്ടികവര്‍ഗ സംഘടനാ പ്രതിനിധികളും ഉള്‍ക്കൊള്ളുന്ന കമ്മിറ്റി രൂപവത്കരിച്ച് സംയുക്ത പരിശോധന നടത്താനുള്ള നിര്‍ദേശമാണ് പ്രധാനപ്പെട്ട മറ്റൊന്ന്. വനം വകുപ്പ് ഇതിനായുള്ള ഉത്തരവ് പുറപ്പെടുവിച്ചു. മൂന്ന് മാസത്തിനുള്ളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മുത്തങ്ങയില്‍ നിന്ന് കുടിയിറക്കപ്പെട്ട 447 ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമിയും 447 കുടുംബങ്ങള്‍ക്ക് വീടും നല്‍കും. 44 കുട്ടികള്‍ക്ക് പഠിക്കാനായി ഒരു ലക്ഷം രൂപ വീതം ധനസഹായവും ലഭ്യമാക്കും. അതോടൊപ്പം സ്ഥാവര ജംഗമ വസ്തുക്കള്‍ നഷ്ടപ്പെവര്‍ക്ക് മതിയായ ധന സഹായവും നല്‍കും.
മുത്തങ്ങയുടെ മുറിവുണക്കുന്നതിന്റെ ഭാഗമായി ആദിവാസികള്‍ക്കെതിരായ എല്ലാ കേസുകളും പിന്‍വലിക്കും. പട്ടികവര്‍ഗക്കാരല്ലാത്തവരും വിവിധ സ്ഥാപനങ്ങളും കൈയ്യേറിയ ഭൂമിക്ക് പകരം തത്തുല്യമായ ഭൂമി ഭൂരഹിത പട്ടിക വര്‍ഗക്കാര്‍ക്ക് നല്‍കുന്നതിനും നടപടികള്‍ ആരംഭിച്ചു.
കൃഷിയോഗ്യവും വാസയോഗ്യവുമെന്ന് കണ്ടെത്തുന്ന ഭൂമി ഭൂരഹിതപട്ടിക വര്‍ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് നിയമാനുസൃതം വിതരണം ചെയ്യാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും. പ്രോജക്റ്റ്/ ഫാമുകളിലെ നിക്ഷിപ്ത വനഭൂമിയില്‍ പുനരധിവസിക്കപ്പെട്ട അര്‍ഹരായ പട്ടിക വര്‍ഗകുടുംബങ്ങള്‍ക്ക് 2006ലെ വനാവകാശ നിയമമനുസരിച്ച് നിലവിലുള്ള മാനദണ്ഡം പാലിച്ച് കൈവശാവകാശ രേഖ നല്‍കും. പട്ടിക വര്‍ഗ വികസന ഡയറക്ടര്‍ ആറളം ഫാം സന്ദര്‍ശിച്ച് ഒരു മാസത്തിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആറളം ഫാമിംഗ് കോര്‍പറേഷനും കരാറുകാരുമായി പൈനാപ്പിള്‍ കൃഷി അവസാനിപ്പിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍, പുരനധിവാസ മേഖലയിലെ പട്ടിക വര്‍ഗക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന കാര്യം, കോര്‍പറേഷന്റെ ഭൂമിയില്‍ നിന്ന് അധിക ഭൂമി കണ്ടെത്തി ഭൂരഹിത പട്ടിക വര്‍ഗക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള സാധ്യതകള്‍ ആരായുക തുടങ്ങിയവയെക്കുറിച്ചാണ് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
കേരളത്തിലെ ആദിവാസി ഊര് ഭൂമികളെ പട്ടികവര്‍ഗ മേഖലയില്‍ ഉള്‍പ്പെടുത്തുന്ന പെസ(provisions of panchayath extention to the sheduled area1996)നിയമം നടപ്പിലാക്കാനുള്ള തിരുമാനവും ഇതില്‍ പ്രധാനമാണ്. ഇതിന്റെ കരട് തയ്യാറാക്കാന്‍ ഒരു വിദഗ്ധ സമിതിയേയും സര്‍ക്കാര്‍ ചുമതലപ്പെടുത്തും. അട്ടപ്പാടിയില്‍ പരമാവധി അഞ്ച് ഏക്കര്‍ വരെ ഭൂരഹിത പട്ടികവര്‍ഗ കുടുംബത്തിന് നല്‍കും. അതോടൊപ്പം അട്ടപ്പാടിയെ സമഗ്ര കാര്‍ഷിക മേഖലയാക്കാനും ആറളത്തെ ജൈവമേഖലയാക്കാനും ശ്രമിക്കും. ആദിവാസി പുനരധിവാസ മിഷന്‍ പുനസ്ഥാപിച്ച് അതിന് നേതൃത്വം നല്‍കാന്‍ മിഷന്‍ ചീഫിനെ നിയോഗിക്കുക, ആറളത്ത് പ്രൈമറി സ്‌കൂളും, ഐ ടി സി യും സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളും നടപ്പിലാക്കുന്നതിന് മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ സ്വരൂപിച്ചിട്ടുണ്ട്.
കേരളത്തിലെ ആദിവാസി സമൂഹത്തിന്റെ മാഗ്നാകാര്‍ട്ടയെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന നിര്‍ദേശങ്ങളാണ് മുകളില്‍ പറഞ്ഞവയെല്ലാം. ഇതൊന്നും സായുധസമരത്തിലൂടെയോ അക്രമസമരത്തിലൂടെയോ നേടിയെടുത്തതല്ല. തികച്ചും ജനാധിപത്യപരവും സമാധാനപരവുമായ പരിശ്രമങ്ങളിലൂടെയാണ് ഇതെല്ലാം നേടിയെടുക്കാന്‍ സാധിച്ചത്. പോരായ്മകളുണ്ടെങ്കില്‍ അത് തിരുത്താനും അത്തരം മാര്‍ഗങ്ങളാണ് ഉപയോഗിക്കേണ്ടത്.
എന്നാല്‍, മാവോയിസ്റ്റുകള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍ക്ക് ഈ രീതി പഥ്യമല്ല. ആദിവാസികളെയും പട്ടിക വര്‍ഗക്കാരെയും സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് പൂര്‍ണമായും അകറ്റി, ജനാധിപത്യ സര്‍ക്കാറുകള്‍ അവര്‍ക്കായി രൂപപ്പെടുത്തിയ സാമൂഹിക, സാമ്പത്തിക വികസന പദ്ധതികളെയെല്ലാം തടഞ്ഞ് ഈ വിഭാഗങ്ങളെ ഇരുണ്ട കാലത്ത് തളച്ചിടുക എന്നതാണ് ഇത്തരം തീവ്രവാദ സംഘടനകളുടെ തന്ത്രം. സര്‍ക്കാര്‍ സംവിധാനങ്ങളെ ആദിവാസി മേഖലകളില്‍ നിന്നകറ്റി ആ മേഖലയുടെ പിന്നാക്കാവസ്ഥ നിലനിര്‍ത്തുക എന്നതാണ് ഇവര്‍ ലക്ഷ്യമിടുന്നത്. പിന്നാക്കാവസ്ഥയുടെ പേരില്‍ ആദിവാസികളെ സര്‍ക്കാറിന് എതിരാക്കുകയും ജനാധിപത്യ മാര്‍ഗങ്ങളിലൂടെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് പകരം ആയുധമെടുത്തുള്ള പോരാട്ടമാണ് തങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള മാര്‍ഗമെന്ന് വിശ്വസിപ്പിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. സായുധ വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യം മറച്ചുപിടിക്കാന്‍ ആദിവാസി പ്രശ്‌നങ്ങള്‍ക്കാണ് തങ്ങള്‍ ഊന്നല്‍ നല്‍കുന്നത് എന്ന ധാരണ പരത്തി പൊതുജനാഭിപ്രായത്തെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റാനും ഇവര്‍ ശ്രമിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളെ അകറ്റുന്തോറും ആദിവാസി മേഖലയില്‍ വികസനരാഹിത്യം വര്‍ധിക്കുമെന്നവര്‍ക്കറിയാം. അത് മുതലെടുത്തുകൊണ്ട് ആദിവാസികളെ സര്‍ക്കാറിനെതിരെ തിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഒരു തരത്തിലുള്ള ഗ്രീവന്‍സ് ഹണ്ടിംഗാണിത്. കഷ്ടപ്പെടുന്നവരെയും ബുദ്ധിമുട്ടനുഭവിക്കുന്നവരെയും തങ്ങളുടെ ഭാഗത്തേക്കാകര്‍ഷിക്കുക എന്ന തന്ത്രം. സോഷ്യല്‍ മീഡയയിലൂടെയും മറ്റും വിവിധ കൂട്ടായ്മകള്‍ രൂപവത്കരിച്ച് തീവ്രചിന്താഗതിയുള്ള യുവാക്കളെ മാവോയിസം പോലുള്ള പ്രത്യയശാസ്ത്രത്തിലേക്കാകര്‍ഷിക്കാനും സമൂഹത്തില്‍ അരാജകത്വം വളര്‍ത്തുന്ന തരത്തിലുള്ള സമരരൂപങ്ങളിലേക്ക് ഇവരെ കൊണ്ടുചെന്നെത്തിക്കാനും ഇവര്‍ ശ്രമിക്കുന്നു. കൊച്ചിയും കോഴിക്കോട്ടും അടുത്തകാലത്ത് “കിസ് ഓഫ് ലവ്” എന്ന പേരില്‍ അരങ്ങേറിയ ചുംബന സമരത്തിലും ഇത്തരം ഘടകങ്ങള്‍ ഗോപ്യമായി പ്രവര്‍ത്തിച്ചിരുന്നു.
ദളിത്, ആദിവാസി കോളനികളെ സായുധവത്കരിക്കുക എന്ന ലക്ഷ്യവും ഇവര്‍ക്കുണ്ട്. പൊലീസ് ഇടപെടല്‍ ക്ഷണിച്ചുവരുത്തുക എന്ന തന്ത്രത്തിന്റെ ഭാഗമായാണത്. ജനാധിപത്യമാര്‍ഗങ്ങളിലുടെ ആദിവാസി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ നേടുന്ന സാമൂഹിക, സാമ്പത്തിക വികസനത്തെ തടഞ്ഞ് അവരെ ജനാധിപത്യവിരുദ്ധരും സായുധ സമരത്തിന്റെ വക്താക്കളുമാക്കി മാറ്റാന്‍ നടത്തുന്ന ഹീന തന്ത്രത്തിന്റെ ഭാഗമാണ് കേരളത്തില്‍ സമീപകാലത്ത് കണ്ട മാവോയിസ്റ്റ് ആക്രമണങ്ങളെന്ന പേരിലുള്ള സാമൂഹികവിരുദ്ധപ്രവൃത്തികള്‍.
എന്നാല്‍, കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഇത് അശേഷം വിലപ്പോകില്ലെന്ന് നിശ്ചയദാര്‍ഢ്യത്തോടെ പറയാന്‍ കഴിയും. മാവോയിസത്തിന്റെയോ മറ്റേതെങ്കിലും തീവ്രവാദ ആശയങ്ങളുടെയോ പേരില്‍ നടത്തുന്ന വിധ്വസംക പ്രവര്‍ത്തനങ്ങളെ ആഭ്യന്തര വകുപ്പ് അതിശക്തമായി നേരിടുക തന്നെ ചെയ്യും. ജനാധിപത്യമാര്‍ഗത്തിലൂടെയുള്ള, അക്രമരഹിത പ്രക്ഷോഭങ്ങള്‍ സര്‍ക്കാര്‍ എന്നും സ്വാഗതം ചെയ്യും. അത്തരം സമരരീതികള്‍ അവലംബിക്കുന്നവരോട് എപ്പോള്‍ വേണമെങ്കിലും സംവദിക്കാനും അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനും അനുഭാവപൂര്‍വമായ നിലപാടുകള്‍ കൈക്കൊള്ളാനും എന്നും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കേരളത്തിലെ ആദിവാസി, പട്ടികവര്‍ഗ സമൂഹങ്ങളെ ഏതെങ്കിലും തീവ്രവാദികള്‍ക്കോ തീവ്രവാദാശയങ്ങള്‍ക്കോ വഴിതെറ്റിക്കാന്‍ കഴിയുമെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. അത്രയേറെ ജനാധിപത്യ ബോധമുള്ളവരും സമാധാന കാംക്ഷികളുമാണവര്‍.
ഞാന്‍ കെ പി സി സി പ്രസിഡന്റായിരുന്ന കാലയളവില്‍ 2012 ജൂണ്‍ 6,7 തീയതികളില്‍ അട്ടപ്പാടിയിലെ മേലെമുള്ളിയിലും 2013ലെ പുതുവര്‍ഷത്തില്‍ അട്ടപ്പാടിയിലെ തന്നെ ആനവായിലും ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ച്, അവിടെ തന്നെ താമസിച്ച്, അവരുടെ ഭക്ഷണം കഴിച്ച് അവരുമായി ആശയവിനിമയും നടത്തുകയും പരാതികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അവരുടെ പരാതികളും ആവശ്യങ്ങളും അടങ്ങുന്ന ഒരു റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കുകയുണ്ടായി. അതോടൊപ്പം പദ്ധതികള്‍ എകോപിപ്പിക്കുന്നിതിനുള്ള നോഡല്‍ ഓഫീസറായി ഡോ. ഇന്ദുചൂഡനെ സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു. 2012ലെ ഗാന്ധി ജയന്തി ദിനത്തില്‍ കെ പി സി സി ആവിഷ്‌കരിച്ച ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായി ഞാന്‍ 14 ജില്ലകളിലെ തിരഞ്ഞെടുത്ത പട്ടിക ജാതി കോളനികള്‍ സന്ദര്‍ശിക്കുയും അവരുമായി സംവദിക്കുകയുമുണ്ടായി. തുടര്‍ന്ന് സര്‍ക്കാര്‍ പതിനാല് പട്ടിക ജാതി കോളനികളെയും മാതൃകാ കോളനികളായി ദത്തെടുക്കുകയും അവയെ ഗാന്ധിഗ്രാമങ്ങളാക്കി വികസിപ്പിക്കുന്നതിന് ഓരോന്നിനും ഓരോ കോടി രൂപയുടെ ധനസഹായം നല്‍കുകയും ചെയ്തു. ഇത് കൂടാതെ കെ പി സി സി യുടെ ഗാന്ധിഗ്രാം ഫണ്ടില്‍ നിന്നും ഈ ഗ്രാമങ്ങള്‍ക്ക് 25 ലക്ഷത്തോളം രൂപ നല്‍കുകയും ചെയ്തു.
ഈ പുതുവര്‍ഷത്തില്‍ ഇന്നും നാളെയും ഞാന്‍ വയനാട്ടിലെ ആദിവാസി കുടുംബങ്ങള്‍ക്കൊപ്പമായിരിക്കും. അക്രമം അപരിഷ്‌കൃതത്വത്തിന്റെ അങ്ങേയറ്റമാണെന്ന് നമ്മെ പഠിപ്പിച്ച മഹാത്മാവ് ജീവിച്ചിരുന്ന നാടാണിത്. ജനാധിപത്യത്തിലൂന്നി നിന്നുള്ള സംവാദങ്ങള്‍ക്കും അക്രമരഹിത പ്രക്ഷോഭങ്ങള്‍ക്കും മാത്രമേ ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഉദ്ദേശിച്ചരീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുകയുള്ളു. ഇതിന്റെ സമീപകാലത്തുണ്ടായ സജീവമായ തെളിവാണ് ആദിവാസികള്‍ നടത്തിയ നില്‍പ്പു സമരം വന്‍ വിജയമായി തീര്‍ന്നത്. അതു കൊണ്ട് തന്നെ നമുക്ക് ആയുധങ്ങളോടും അക്രമങ്ങളോടും വിട പറയാം. നശീകരണത്തിന്റെ രക്തപങ്കിലമായ പാതകളില്‍ നിന്നും ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും സ്വാംശീകരണത്തിന്റെയും സഹകരണത്തിന്റെയും പുതിയ വഴിത്താരകള്‍ വെട്ടിത്തുറക്കാം. എല്ലാ വിയോജിപ്പുകളും പ്രക്ഷോഭങ്ങളും ജനാധിപത്യത്തിലൂന്നിയ സാമൂഹിക ബോധത്തിലടിയുറച്ച് നിന്ന് കൊണ്ടായിരിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.