അബ്ര സര്‍വീസ് നവീകരണത്തിന് തയ്യാറെടുക്കുന്നു

Posted on: December 30, 2014 7:53 pm | Last updated: December 30, 2014 at 7:53 pm

dubai abraദുബൈ: ദേരക്കും ബര്‍ദുബൈക്കുമിടയില്‍ ഏറ്റവും ചെലവു കുറഞ്ഞ ജല ഗതാഗതമാര്‍ഗമായ അബ്ര സര്‍വീസ് നവീകരണത്തിന് തയ്യാറെടുക്കുന്നു. സാമ്പ്രദായികമായ തോണിയില്‍ നിന്ന് ബോട്ടിലേക്കാണ് അബ്ര സര്‍വീസ് മാറുക. എണ്ണയില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ ഘടിപ്പിച്ച തോണിയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. സമീപ ഭാവിയില്‍ ഇലക്ട്രിക് അബ്രക്കും ദുബൈ ഫെറിക്കും ഗതാഗതം വഴിമാറും. നിലവില്‍ ഒരു യാത്രക്ക് ഒരു ദിര്‍ഹമാണ് ഈടാക്കുന്നത്. ഇത് വര്‍ധിപ്പിക്കാന്‍ ആര്‍ ടി എ ആലോചിക്കുന്നു.
ദുബൈയുടെ ചരിത്രത്തോളം പഴക്കമുള്ളതാണ് ദുബൈ അബ്ര. പണ്ട് തുഴയുന്ന തോണിയായിരുന്നു. ഏതാണ്ട് 25 വര്‍ഷം മുമ്പ് മോട്ടോര്‍ ഘടിപ്പിച്ചു. പരിസ്ഥിതി മലിനീകരണമാണ് ഇലക്ട്രിക്ക് അബ്രക്കു ആര്‍ ടി എയെ പ്രേരിപ്പിക്കുന്നത്. ദുബൈയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ജല ഗതാഗതത്തിന് ഉപയോഗക്കുന്നത് അബ്രയെയാണ്. ഈ വര്‍ഷം 10 മാസത്തിനിടയില്‍ 70 ലക്ഷം പേര്‍ യാത്ര ചെയ്തു.
ഇലക്ട്രിക്കല്‍ അബ്ര വിനോദ സഞ്ചാരികളെ വഹിച്ച് പരീക്ഷണാര്‍ഥം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആര്‍ ടി എ ജലഗതാഗത വിഭാഗം മേധാവി ഹുസൈന്‍ ഖാന്‍ സാഹിബ് അറിയിച്ചു. ദീര്‍ഘദൂര യാത്രക്ക് ഫെറികള്‍ ഏര്‍പ്പെടുത്തി. അറ്റ്‌ലാന്റിസ്, മംസാര്‍, മറീനാ മാള്‍, തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വീസുണ്ട്.
നിരവധി പേരെ ഉള്‍ക്കൊള്ളുന്ന ബോട്ടുകളാണ് ഫെറി സര്‍വീസിന് ഉപയോഗിക്കുന്നത്, ഹുസൈന്‍ ഖാന്‍ പറഞ്ഞു.