Connect with us

Palakkad

കുടുംബശ്രീ ത്രിതല തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published

|

Last Updated

പാലക്കാട്: കുടുംബശ്രീ ത്രിതല തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. 2015 ജനുവരി എട്ടിന് ആരംഭിച്ച് 25 ന് അവസാനിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍. ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിലാണ് കുടുംബശ്രീ സംഘടനാ ഭാരവാഹികള്‍ അധികാരം ഏല്‍ക്കുന്നത്.
വരണാധികാരികള്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം സി ഡി എസ്സ് തലത്തില്‍ പ്രസിദ്ധീകരിച്ചു. പ്രത്യേക അയല്‍കൂട്ട യോഗം ചേര്‍ന്ന് അയല്‍കൂട്ട തെരഞ്ഞെടുപ്പിന്റെ പൊതുയോഗ അദ്ധ്യക്ഷയെ കണ്ടെത്തി സി ഡി എസ്സ് തിരഞ്ഞെടുപ്പ് വരണാധികാരികള്‍ക്ക് കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു. മൂന്ന് ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തില്‍ ജില്ലയിലെ 18338 അയല്‍കൂട്ടങ്ങളെയും, രണ്ടാം ഘട്ടത്തില്‍ 1676 എ ഡി എസ്സ്, മൂന്നാം ഘട്ടത്തില്‍ 96 സി ഡി എസ്സ് ഭാരവാഹികളെയുമാണ് തിരഞ്ഞെടുക്കുന്നത്.
പരിശീലനം നേടിയ തെരഞ്ഞെടുപ്പ് പൊതുയോഗ അദ്ധ്യക്ഷയാണ് അയല്‍കൂട്ട തലത്തിലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചുമതല. തിരഞ്ഞെടുപ്പ് നടത്തിപ്പിനുള്ള അധ്യക്ഷമാര്‍ക്കുള്ള പരിശീലനം ജനുവരി ഒന്ന് മുതല്‍ ഏഴ് വരെ നടത്തുന്ന 1676 എ ഡി എസ്സുകളിലേക്കും, 96 സി ഡി എസ്സുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ജില്ലാ കലക്ടര്‍ നിയമിച്ച് പരിശീലനം നല്‍കി.
അയല്‍കൂട്ട തലത്തില്‍ പ്രസിഡന്റ്, സെക്രട്ടറി, വരുമാനദായക വളണ്ടിയര്‍, ആരോഗ്യ വിദ്യാഭ്യാസ വളണ്ടിയര്‍ അടിസ്ഥാന സൗകര്യ വളണ്ടിയര്‍ എന്നിങ്ങനെ അഞ്ചംഗ സമിതിയെ തെരഞ്ഞെടുക്കും. തിരഞ്ഞെടുക്കുന്ന ഏഴംഗ ഭരണ സമിതിയില്‍ നിന്നും എ ഡി എസ്സ്(വാര്‍ഡ്) തലത്തില്‍ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി രണ്ട് ഇന്റേണല്‍ ഓഡിറ്റര്‍മാര്‍ എന്നിവരെയും – സി ഡി എസ്സ് തലത്തില്‍ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍, രണ്ട് ഇന്റേണല്‍ ഓഡിറ്റര്‍മാര്‍ എന്നിവരെയും തിരഞ്ഞെടുക്കും.
കുടുംബശ്രീയുടെ ട്രെയിനിംഗ് ഗ്രൂപ്പായ സ്പാരോ ആണ് അയല്‍കൂട്ട പ്രത്യേക അദ്ധ്യക്ഷമാര്‍ക്ക് ട്രെയിനിംഗ് നല്‍കുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് 90 ദിവസം മുമ്പ് രൂപവത്ക്കരിച്ച അയല്‍കൂട്ടങ്ങള്‍ ഉള്‍പ്പടെ സി ഡി എസ്സില്‍ അഫിലിയേഷന്‍ നടത്തിയ എല്ലാ അയല്‍കൂട്ടങ്ങള്‍ക്കും തിരഞ്ഞെടുപ്പില്‍ പങ്കാളികളാകാം. ജില്ലയില്‍ 25 സി ഡി എസ്സ് ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങള്‍ എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. എസ് സി ചെയര്‍പേഴ്‌സണ്‍ – മുനിസിപ്പാലിറ്റി-ഷൊര്‍ണൂര്‍, തിരുമിറ്റക്കോട്, .ചളവറ, വല്ലപ്പുഴ, പെരുവെമ്പ്, പട്ടാമ്പി, കണ്ണാടി. വൈസ് ചെയര്‍പേഴ്‌സണ്‍- തൃത്താല, .മുതുതല, നാഗലശ്ശേരി, പരുതൂര്‍, പൂക്കോട്ടുകാവ് , വടവന്നൂര്‍, കപ്പൂര്‍, കോട്ടായി, ആനക്കര, പട്ടിത്തറ. എസ് ടി ചെയര്‍പേഴ്‌സണ്‍ – പുതൂര്‍, ഷോളയൂര്‍, അഗളി, നെല്ലിയാമ്പതി, വൈസ് ചെയര്‍പേഴ്‌സണ്‍- മുതലമട , പെരുമാട്ടി, കൊഴിഞ്ഞാമ്പാറ, മലമ്പുഴ
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അയല്‍കൂട്ട തലം മുതല്‍ സി ഡി എസ്സ് തലം വരെ വിവരങ്ങള്‍ ഇന്‍ര്‍നെറ്റിന്റെ സഹായത്തോടെ എം ഐ എസ്സില്‍ രേഖപ്പെടുത്തും.