കാഞ്ഞിരപ്പുഴ പദ്ധതി: ഇടത് പ്രധാന കനാല്‍ 15ന് ശേഷം തുറക്കും

Posted on: December 30, 2014 1:26 pm | Last updated: December 30, 2014 at 1:26 pm

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഇടതു പ്രധാന കനാല്‍ ജനുവരി 15 ന് ശേഷം തുറന്നു വിടാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി.
അതിനു മുമ്പായി പ്രധാന കനാലിന്റെയും ഉപകനാലുകളുടെയും അറ്റകുറ്റപണികളും ശുചീകരണ പ്രവൃത്തികളും പൂര്‍ത്തിയാക്കാനും ധാരണയായി. കെ.വി. വിജയദാസ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. വലതു കനാലിലേക്കുളള വെളളം കര്‍ഷകരുടെ ആവശ്യത്തിനനുസരിച്ച് തുറന്ന് വിടാനും തീരുമാനിച്ചു.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്രയും പെട്ടെന്ന് ശുചീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കണമെന്നും ജനുവരി 15 ന് ശേഷം പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ട ശേഷം മാത്രമേ ഇതു പ്രധാന കനാലിന് വെളളം തുറന്നുവിടുകയുളളൂവെന്നും കെ പി ഐ പി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അബ്ദുള്‍ ശുക്കൂര്‍ യോഗത്തില്‍ അറിയിച്ചു. കനാലിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയാവാത്ത വിധം കൃഷി ചെയ്യാന്‍ പറ്റിയ പുറമ്പോക്ക് ഭൂമിയുണ്ടെങ്കില്‍ പഞ്ചായത്ത് അധികൃതരുമായി ആലോചിച്ച ശേഷം കര്‍ഷകര്‍ക്ക് കൂട്ടുകൃഷി നടത്താന്‍ അനുവാദം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് എ ഡി എം യു നാരായണന്‍കുട്ടി പറഞ്ഞു.
കാഞ്ഞിരപ്പുഴ, വെളളിനേഴി, തച്ചമ്പാറ, കടമ്പഴിപ്പുറം, അനങ്ങനടി, തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും, വില്ലേജ്, കൃഷിഭവന്‍ ഓഫീസര്‍മാരും പാടശേഖര സമിതി പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു.