Connect with us

Gulf

കടലിന്റെ ഓളങ്ങളുടെ ഓര്‍മയുമായി മൂസാന്‍കുട്ടി ഇനി വെള്ളൂരില്‍

Published

|

Last Updated

അബുദാബി: കടലിന്റെ ഓര്‍മകളുമായി മൂസാന്‍കുട്ടി നാട്ടിലേക്ക്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ വെള്ളൂര്‍ ആലിനടുത്തുള്ള മൂസാന്‍ കുട്ടിയാണ് 37 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്നത്.

1977 മെയ് 29നാണ് അദ്ദേഹം ദുബൈ തീരത്ത് കപ്പലിറങ്ങിയത്. ആദ്യത്തെ ആറുമാസം ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തു. പിരിയുന്നത് വരെ അബുദാബിയിലും പരിസരങ്ങളിലുമാണ് ജോലി ചെയ്തത്. തിരമാലയില്‍പെട്ട് കപ്പല്‍ ആടിയുലയുന്നത് മുതല്‍ നിരവധി ഓര്‍മകളുണ്ട് മൂസാന്‍കുട്ടിയുടെ മനസില്‍. അബുദാബിയിലെ ഒരു സ്വകാര്യ പ്രസില്‍ പ്രിന്ററായിട്ടായിരുന്നു തുടക്കം.
ഇപ്പോള്‍ 32 വര്‍ഷമായി മുസഫ്ഫയിലെ അല്‍ ഐന്‍ കൊമേഴ്‌സല്‍ പ്രസില്‍ പ്രിന്ററായിട്ടാണ് ജോലി ചെയ്തിരുന്നത്.
പ്രവാസ ജീവിതത്തിനിടയില്‍ വലിയ സമ്പാദ്യമൊന്നും നേടാന്‍ കഴിഞ്ഞില്ലെങ്കിലും രണ്ട് പെണ്‍മക്കളെ കല്യാണം നടത്തിക്കൊടുത്തത് കൂടാതെ ചെറിയൊരു വീടും പണികഴിപ്പിച്ചു. ഏക മകന്‍ അല്‍ ഐനില്‍ കുടുംബത്തോടൊപ്പം കഴിയുന്നു.
സ്‌നേഹിതന്റെ കൂടെ ദുബൈ സബ്കയിലെ വല്യമ്മാവന്റെ മകന്റെ റൂമിലേക്ക് ബാഗും തൂക്കി കയറുമ്പോള്‍ എല്ലാവരും ജോലി മതിയാക്കി നാട്ടിലേക്ക് പോകാന്‍ ഒരുങ്ങുന്ന സമയത്താണോ നീ ഗള്‍ഫിലേക്ക് കയറിവരുന്നതെന്ന വല്യമ്മാവന്റെ മകന്റെ ചോദ്യം ഇന്നും മറക്കാതെ സൂക്ഷിക്കുകയാണ് ഇദ്ദേഹം. ഗള്‍ഫിലേക്ക് വരുമ്പോള്‍ ഭാര്യ ആറു മാസം ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ഇന്ന് ആ കുട്ടി കുടുംബ സമേതം അല്‍ ഐനില്‍ താമസിക്കുന്നു. നാട്ടില്‍ കുട്ടികളുടെയും പേരമക്കളുടെയും കൂടെ ശേഷിക്കുന്ന കാലം ജീവിക്കുവാന്‍ ഇന്ന് മൂസാന്‍ കുട്ടി നാട്ടിലേക്ക് തിരിക്കും. ഫോണ്‍: 055-9510549.

---- facebook comment plugin here -----

Latest