യുവത്വത്തിന്റെ പ്രയോഗം നിര്‍മ്മാണാത്മകമാകണം: സ്വാദിഖ് സഖാഫി

Posted on: December 28, 2014 10:22 pm | Last updated: December 28, 2014 at 10:24 pm

RSC MAKKA

മക്ക: നിര്‍മ്മാണാത്മകമായ രീതിയി യുവത്വത്തിന്റെ പ്രയോഗം സാധ്യമാകുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ വികസനം സാര്‍ഥകമാകുന്നുള്ളൂ എന്ന് എസ്.എസ്.എഫ്  മുന്‍ സംസ്ഥാന പ്രസിഡന്റ് സ്വാദിഖ് സഖാഫി പെരിന്താറ്റിരി പറഞ്ഞു. ‘ന്യൂജനറേഷന്‍; തിരുത്തെഴുതുന്ന യൗവനം’ എന്ന തലവാചകത്തില്‍ ആര്‍.എസ്.സി(രിസാല സ്റ്റഡി സര്‍ക്കിള്‍) നടത്തിവരുന്ന അംഗത്വകാല കാമ്പയിനിന്റെ ഭാഗമായി മക്ക സോണ്‍ നടത്തിയ യുവ സമ്മേളനത്തില്‍ വിഷയമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിര്‍മാണാത്മകമല്ലാത്ത ഏതു വികസനവും പ്രകൃതിപരമല്ല. സാമ്പത്തികാഭിവൃദ്ധിയെക്കുറിച്ചുള്ള പ്രതീക്ഷകളില്‍ അഭിരമിച്ചും അതിജീവനത്തിന്റെ തീക്ഷ്ണതയനുഭവിച്ചും കഴിയുന്ന പ്രവാസികള്‍ തന്റെ യുവത്വത്തെ പ്രയോഗിക്കുന്നത് കുറച്ചുകൂടി അവധാനതയോടെയായിരിക്കണം. ഉല്പാദനക്ഷമതയുള്ള യുവാക്കളാണ് വളര്‍ച്ചയുടെ ഊര്‍ജ്ജവും ചാലകശക്തിയും. പ്രധാന്യമര്‍ഹിക്കുന്നതും എന്നാല്‍ തൊട്ടാല്‍ പൊട്ടുന്നതുമായ യുവത്വത്തെ വികസിപ്പിക്കുന്നതിന് അറിവും നൈപുണിയുമാണ് ആവശ്യം.-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂഹത്തിനോ രാഷ്ട്രത്തിനോ നല്‍കുന്ന സംഭാവനകളാണ് യുവത്വത്തെ ഈ രീതിയില്‍ അടയാളപ്പെടുത്തുന്നത്. ജീവിച്ചിരുന്നിട്ടും മരിക്കുന്ന ചിലരുണ്ട്. എന്നാല്‍ നിര്‍മ്മാണാത്മകമായ ഇടപെടലുകളിലൂടെ മരിച്ചതിന് ശേഷവും ജീവിച്ചിരിക്കുന്നവരാവാന്‍ നമുക്കു കഴിയും. നിസ്സംഗതയും നിര്‍വ്വികാരതയുമാണ് ഇന്നത്തെ യുവത്വത്തിന്റെ ഏറ്റവും വലിയ ശാപം. അതിനെ നേരിടാനുള്ള ഇത്തരം തിരുത്തെഴുത്തുകള്‍ ആശ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്തഫ കളോത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യുവ സമ്മേളനം ഏഷ്യന്‍ പോളി ക്ലിനിക് മാനേജര്‍ സയ്യിദ് സിയാദ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. നേരത്തെ നടന്ന കൗണ്‍സില്‍ നടപടികള്‍ക്ക് ആര്‍.എസ്.സി സൗദി നാഷണല്‍ വിസ്ഡം കണ്‍വീനര്‍ ലുഖ്മാന്‍ വിളത്തൂര്‍, നിര്‍വ്വാഹക സമിതി അംഗം സുജീര്‍ പുത്തന്‍ പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

അടുത്ത രണ്ടു വര്‍ഷത്തേക്ക് സല്‍മാന്‍ വെങ്ങളം ചെയര്‍മാനും മുസ്ത്വഫ കോളോത്ത് ജനറല്‍ കണ്‍വീനറുമായി പുതിയ സോണ്‍ ഭാരവാഹികളെ ഐ.സി.എഫ്(ഇസ്‌ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ) മക്ക സെന്‍ട്രല്‍ പ്രസിഡന്റ് സൈദലവി സഖാഫി പ്രഖ്യാപിച്ചു. മറ്റു കണ്‍വീനര്‍മാരായി അബ്ദുസ്സ്വമദ് പെരിമ്പലം (ഫിനാന്‍സ്), മുസമ്മില്‍ താഴെചൊവ്വ (സംഘടന), അബ്ദുല്‍ റഹ്മാന്‍ കുറ്റിപ്പുറം (ട്രൈനിംഗ്), ശിഹാബ് കുറുകത്താണി (കലാലയം), ശമീം മൂര്‍ക്കനാട് (വിസ്ഡം), സിറാജ് വില്യാപ്പള്ളി (രിസാല), ശറഫിദ്ദീന്‍ വടശ്ശേരി (സ്റ്റുഡന്റ്‌സ്) എന്നിവര്‍ തെരെഞ്ഞെടുക്കപ്പെട്ടു. സംഗമത്തില്‍ മീറാന്‍ സഖാഫി, ഹനീഫ അമാനി, ശാഫി ബാഖവി, ബഷീര്‍ മുസ്‌ലിയാര്‍ അടിവാരം, ഉസ്മാന്‍ കുറുകത്താണി തുടങ്ങിയവര്‍ അഭിവാദ്യപ്രസംഗം നടത്തി. യഹ്‌യ ആസിഫലി സ്വാഗതവും സല്‍മാന്‍ വെങ്ങളം നന്ദിയും പറഞ്ഞു.