Gulf
താമസ കുടിയേറ്റ വകുപ്പിന്റെ ആമിര്‍ സേവനങ്ങള്‍ ശ്രദ്ധേയമാകുന്നു

ദുബൈ: താമസ കുടിയേറ്റ വകുപ്പിന്റെ ആമിര്‍ സേവനങ്ങള്‍ ശ്രദ്ധേയമാകുന്നു. വിരല്‍ തുമ്പില്‍ വിസകളും, സഞ്ചരിക്കുന്ന വിസ വാഹനങ്ങളും, ആശയ വിനിമയത്തിന് ആധുനിക റോബോട്ട് സംവിധാനങ്ങളും ഒരുക്കിയിരിക്കുകയാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ്. ഉപയോക്താകളുടെ താമസ കുടിയേറ്റ രേഖകളുടെ ആവശ്യ പുര്‍ത്തികരണത്തിന് ഏറ്റവും നൂതനമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് വേഗത്തിലും, മികച്ച രീതിയിലും നടപടി ക്രമങ്ങള്‍ നിറവേറ്റാന്‍ ഈ സേവനങ്ങള്‍ക്ക് കഴിയും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തും വിഭാവനം ചെയ്യുന്ന സ്മാര്‍ട് സേവനങ്ങളുടെ ഭാഗമായാണിത്. പൊതുജനങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ തേടിയെത്തുന്നതിന് മുമ്പ് അവരുടെ അടുത്തെത്തി ആവശ്യങ്ങള്‍ വേഗത്തില്‍ പരിഹരിച്ച് നല്‍കുക എന്നതാണ് ദുബൈ ഇമിഗ്രേഷന്‍ ആമിര്‍ സേവനങ്ങള്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്.
ജനങ്ങള്‍ക്ക് അവരുടെ താമസ രേഖകളുടെ വിവരങ്ങള്‍ അറിയുന്നതിന് 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന 800511 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ദിനംപ്രതി നിരവധി ഫോണ്‍കോളുകളാണ് വരുന്നത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് മുഖ്യ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ആമിര്‍ കേന്ദ്രത്തിലെ കോള്‍ സെന്ററിന് വിപുലമായ സംവിധാനമാണ് നിലവിലുള്ളത്. അതിന് പുറമെ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ ഫാക്‌സ്, ഇ-മെയില്‍, ഇ-ചാറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ മുഖേനയും പൊതുജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കാന്‍ ഇവിടെ നിന്ന് സാധിക്കും. ഇത്തരത്തില്‍ ആമിര്‍ കേന്ദ്രത്തിലേക്ക് 2013 വര്‍ഷത്തില്‍ എത്തിയ ഫോണ്‍ കോളുകളുടെ എണ്ണം 146431 ആണ്. ഇത് ഈ വര്‍ഷം 269431 എന്ന നിലയിലേക്ക് വര്‍ദ്ധിച്ചു. ഇപ്രകാരം ആവിശ്യങ്ങള്‍ ഉന്നയിച്ചുള്ള ഇമെയിലുകള്‍ 2013 ല്‍ 18344 എണ്ണമാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് കൈകാര്യം ചെയ്തത്.
നൂതന സംവിധാനങ്ങളുടെ സാധ്യതകള്‍ ഉപയോഗിച്ച് ഏറ്റവും വേഗത്തില്‍ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുകയെന്നതാണ് ആമിര്‍ കേന്ദ്രങ്ങളും, അവയുടെ സര്‍വിസുകളുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് കസ്റ്റമര്‍ സര്‍വീസ് വിഭാഗം തലവന്‍ സാലിം അല്‍ അലി പറഞ്ഞു. സര്‍വ മേഖലകളിലും പുരോഗതി കൈവരിച്ച് വരുന്ന ദുബൈ അനുദിനം പുതിയ നൂതന സംവിധാനങ്ങളിലൂടെ ജനസേവനങ്ങള്‍ നടത്തുകയാണ്. ഇത്തരത്തിലുള്ള സംവിധാനങ്ങളുടെ എല്ലാ സാധ്യതകളും ഉപയോഗിച്ച് ഏറ്റവും മികച്ച രീതിയില്‍ ജനങ്ങള്‍ക്ക് സേവനം എത്തിക്കാന്‍ ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാശിദ് അല്‍ മര്‍റിയാണ് ഉത്തരവ് നല്‍കിയത്.
ആമിര്‍ സര്‍വിസുകളില്‍ പ്രധാന സേവനമാണ് സ്വയം വിസകള്‍ പ്രിന്റ് ചെയ്‌തെടുക്കാന്‍ കഴിയുന്ന കിയോസ്‌കുകള്‍. താമസ കുടിയേറ്റ വകുപ്പ് അനുമതി നല്‍കിയ നടപടിക്രമങ്ങളിലെ വിസകള്‍ ഇത്തരം കിയോസ്‌കുകളിലൂടെ ഒറിജിനല്‍ പതിപ്പുകള്‍ പ്രിന്റ് ചെയ്‌തെടുക്കാന്‍ കഴിയുമെന്നതാണ് ഇവയുടെ പ്രത്യേകത. ഓണ്‍ലൈന്‍ സന്ദര്‍ശക വിസകളും മറ്റും ഇതിലുടെ പ്രിന്റ് ചെയ്യാം. മറ്റു താമസ രേഖകളുടെ നിലവിലുള്ള നിജസ്ഥിതി അറിയാനും എമിഗ്രേഷന്‍ നല്‍ക്കുന്ന രഹസ്യ നമ്പറുകളുടെ സഹായത്താല്‍ സാധിക്കും. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് മുഖ്യകാര്യായലത്തില്‍ ഇത്തരം കിയോസ്‌കുകള്‍ നിലവിലുണ്ട്.
ആമിര്‍ സര്‍വീസുകളില്‍ മറ്റൊരുസംവിധാനമാണ് സഞ്ചരിക്കുന്ന എമിഗ്രേഷന്‍ ഓഫീസുകള്‍. ജീവനക്കാര്‍ കൂടുതലുള്ളതും എണ്ണത്തില്‍ അധികം രേഖാ നടപടികള്‍ ഉള്ളതുമായ സ്ഥപനങ്ങളില്‍ എത്തി അവരുടെ ആവിശ്യങ്ങള്‍ പുര്‍ത്തീകരിച്ച് നല്‍ക്കുന്നതാണ് ആമിര്‍ കാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ സംവിധാനം. ഒരു വാഹനത്തില്‍ ഓഫീസ് സംവിധാനം ഒരുക്കി ആവിശ്യക്കാരെ തേടി അവരുടെ അടുത്തേക്ക് എത്തുമെന്നതാണ് ഇതിന്റെ മേന്മ. ഈ നടപടിക്ക് പ്രത്യേക ഫോണ്‍കോള്‍ സംവിധാനത്തിലുടെയുള്ള ബൂക്കിംഗ് ആവിശ്യമാണ്.
ഏറ്റവും അധുനികവും നൂതനവുമായ മാര്‍ഗത്തിലുടെ ഉപയോക്താകളുമായി ആശയ വിനിമയം നടത്തുന്ന മാര്‍ഗമാണ് ആമിര്‍ സ്മാര്‍ട് പ്രേസേന്‍സ്. റിമോട്ട് കാണ്‍ട്രോളില്‍ പ്രവര്‍ത്തിച്ച് ജനങ്ങളുടെ ഇടയില്‍ എത്തി പരാതികള്‍ കോള്‍ക്കാനും, ആവിശ്യമായ നടപടികള്‍ക്ക് നിര്‍ദേശം നല്‍കാനും ഈ ആധുനിക റോബോര്‍ട്ടുകള്‍ക്ക് കഴിയും. ഇത്തരത്തില്‍ അനവധി വ്യത്യസ്തമായ സേവനങ്ങള്‍ ആമിര്‍ കേന്ദ്രങ്ങള്‍ നടപ്പിലാക്കി വരുന്നുണ്ട്. ഈ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ പ്രത്യേ ക പരിശിലനം ലഭിച്ചവരാണ്. ലോക നിലവാരത്തിലുള്ള ആശയവും, വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരുമാണ് ഇവരെന്ന് ആമിര്‍ കേന്ദ്രത്തിന്റെ ആക്ടിംഗ് ഡയറക്ടര്‍ റുഖിയ അല്‍ തായര്‍ പറഞ്ഞു.