മഞ്ചേരി മെഡിക്കല്‍ കോളജ് പഠന നിലവാരത്തില്‍ ഒന്നാമതെന്ന് മുഖ്യമന്ത്രി

Posted on: December 28, 2014 10:39 am | Last updated: December 28, 2014 at 10:39 am

മഞ്ചേരി: ഏറെ പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാനത്തെ 23 മെഡിക്കല്‍ കോളജുകളില്‍ ഒന്നാം വര്‍ഷ എം ബി ബി എസ് പരീക്ഷാ ഫലം വന്നപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളജാണ് ഒന്നാമതായതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് മഞ്ചേരിക്കാര്‍ക്ക് അഭിമാനിക്കാവുന്നതാണെന്നും വിമര്‍ശകര്‍ക്ക് തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
മഞ്ചേരി നഗരസഭയുടെ ശിഹാബ് തങ്ങള്‍ ഭവന പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 750 കുടുംബങ്ങള്‍ക്ക് വീട് നല്‍കുന്ന നഗരസഭയെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ശിഹാബ് തങ്ങള്‍ സമൂഹത്തിന് നല്‍കിയ നേതൃത്വവും സൗഹാര്‍ദ്ദവും നാട് അംഗീകരിച്ചതിനുള്ള തെളിവാണ് അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ഈ പദ്ധതി. ഇത് മറ്റു നഗരസഭകള്‍ക്കും മാതൃകയാകണം. ഇതിനായി പ്രത്യേകം പരിശ്രമിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വകുപ്പ് മന്ത്രി മഞ്ഞളാം കുഴി അലിയെ മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഭവന പദ്ധതിക്കുവേണ്ടി നഗരസഭയെടുക്കുന്ന ബേങ്ക് വായ്പയുടെ പലിശ കുറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. സംസ്ഥാനത്തെ 64 നഗരസഭകളും മഞ്ചേരിയുടെ മാതൃക പിന്തുടരണമെന്നും കടമെടുത്ത 10 കോടി രൂപക്ക് പ്ലാന്‍ ഫണ്ടില്‍ നിന്നും പലിശ മടക്കി കൊടുക്കാന്‍ ശ്രമിക്കുമെന്നും ഇതിനായി വേണ്ടിവന്നാല്‍ നിയമ നിര്‍മാണം നടത്തുമെന്നും മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ബേങ്ക് വായ്പയിലൂടെ ഭവന പദ്ധതി നടപ്പിലാക്കുന്നത് നഗരസഭയുടെ വികസന മുരടിപ്പിന് കാരണമാകുമെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവും അംഗങ്ങളും സി പി എം നേതാക്കളും പരിപാടിയില്‍ പങ്കെടുത്തില്ല.
ഭവന പുനരുദ്ധാരണ പദ്ധതി ധനസഹായ വിതരണം ഇ അഹമ്മദ് എം പി നിര്‍വ്വഹിച്ചു. എം എല്‍ എ മാരായ എം ഉമ്മര്‍, പി ഉബൈദുല്ല, നഗരസഭാ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി, വൈസ് ചെയര്‍പേഴ്‌സണ്‍ ഇ കെ വിശാലാക്ഷി, പി പി കബീര്‍, നന്ദിനി വിജയകുമാര്‍, എ പി അബ്ദുല്‍ മജീദ്, കണ്ണിയന്‍ അബൂബക്കര്‍, പി അബ്ദുല്‍ ഹമീദ്, ഇ മുഹമ്മദ് കുഞ്ഞി, അഡ്വ. യു എ ലത്തീഫ്, എം പി എം ഇസ്ഹാഖ് കുരിക്കള്‍, കുറ്റിക്കാടന്‍ കുഞ്ഞിമുഹമ്മദ് ഹാജി, സബാഹ് പുല്‍പ്പറ്റ, അഡ്വ. ടി പി രാമചന്ദ്രന്‍, സി വാസുദേവന്‍, എം പി എ ഇബ്രാഹിം കുരിക്കള്‍, വല്ലാഞ്ചിറ മജീദ്, അഡ്വ. എന്‍ സി ഫൈസല്‍ സംബന്ധിച്ചു.