ബലാത്സംഗത്തിനിരയായ പതിനാറുകാരി ചോരക്കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്നു

Posted on: December 28, 2014 2:58 am | Last updated: December 27, 2014 at 11:59 pm

ഉപ്പള: ബലാത്സംഗത്തിനിരയായി 16 കാരി പ്രസവിച്ച അഞ്ച് ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ പുഴയിലെറിഞ്ഞ് കൊന്നു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മൂമ്മയെയും ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ഉപ്പള മിയാപദവ് റോഡിലെ പത്വാടി പാലത്തിന് മുകളില്‍ വെച്ചാണ് കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്നത്.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് കുഞ്ഞിന് ജന്മം നല്‍കിയ പെണ്‍കുട്ടിയുടെ മാതാവിനേയും ഗര്‍ഭിണിയാക്കിയെന്ന് കരുതുന്ന യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഈ മാസം 22നാണ് ബായാര്‍ തലക്കള സ്വദേശിനിയായ പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തിനായി കുമ്പള ഗവ. ആശുപത്രിയെയാണ് പെണ്‍കുട്ടിയും മാതാവും ആദ്യം സമീപിച്ചത്. ആശുപത്രി അധികൃതര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ ഇവര്‍ കുമ്പള സഹകരണ ആശുപത്രിയെ സമീപിക്കുകയായിരുന്നു. 22ന് തന്നെ യുവതി കുഞ്ഞിന് ജന്മം നല്‍കി. ആശുപത്രി രേഖകളില്‍ എഴുതാന്‍ ഭര്‍ത്താവിന്റെ പേര് ചോദിച്ചപ്പോഴാണ് അവിഹിത ഗര്‍ഭമാണെന്ന് വ്യക്തമായത്. ആശുപത്രി അധികൃതര്‍ ഉടന്‍തന്നെ പോലീസില്‍ വിവരം അറിയിച്ചു.
യുവതി ഗര്‍ഭിണിയാകാനുണ്ടായ സാഹചര്യം പോലീസ് അന്വേഷിക്കുന്ന വിവരം പെണ്‍കുട്ടിയും മാതാവും മനസ്സിലാക്കുകയും പോലീസ് എത്തുന്നതിന് മുമ്പ് തന്നെ നിര്‍ബന്ധിത ഡിസ്ചാര്‍ജ് വാങ്ങി വെള്ളിയാഴ്ച രാത്രി തന്നെ ആശുപത്രി വിടുകയുമായിരുന്നു. കുമ്പളയില്‍ നിന്നും പിന്നീട് ഉപ്പളയില്‍ നിന്നും രണ്ട് ഓട്ടോകളിലായി സഞ്ചരിച്ച് പത്വാടി പാലത്തിന് മുകളിലെത്തിയപ്പോള്‍ ഓട്ടോ നിര്‍ത്തിച്ച് കുഞ്ഞിനെ പുഴയിലേക്ക് എറിയുകയായിരുന്നു.
പാലത്തിനു സമീപം ഒരു സ്ത്രീ ദുരൂഹസാഹചര്യത്തില്‍ പുഴക്കരയിലേക്ക് പോകുന്നത് സമീപത്തെ വീട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. ഇവര്‍ ബഹളംകൂട്ടി നാട്ടുകാരെ വിവരമറിയിച്ചതോടെ സ്ത്രീ ഓട്ടോയില്‍ ഓടിക്കയറി. നാട്ടുകാര്‍ പിന്തുടര്‍ന്ന് ഓട്ടോ തടഞ്ഞ് ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ പുഴയിലെറിഞ്ഞ സംഭവമറിയുന്നത്. നാട്ടുകാര്‍ തിരച്ചില്‍ നടത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മാതാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സുരേഷാണ് തന്നെ പീഡിപ്പിച്ചതെന്ന പെണ്‍കുട്ടിയുടെ മൊഴി പ്രകാരം ബലാത്സംഗത്തിന് കേസെടുക്കുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.