എറണാകുളം റൂറല്‍ പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തെന്ന് സംശയം

Posted on: December 28, 2014 4:53 am | Last updated: December 27, 2014 at 11:55 pm

hackerകൊച്ചി: എറണാകുളം റൂറല്‍ പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മെയ്ഡ് ഇന്‍ ജപ്പാനായി മാറി. www.ernakulamruralpolice.org എന്ന വെബ്‌സൈറ്റില്‍ ജപ്പാനീസ് ഭാഷയിലുള്ള ഉള്ളടക്കമാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. പേജ് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്താല്‍ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിക്കും. ടോക്കിയോ അടക്കമുള്ള ജപ്പാനിലെ വിവിധ നഗരങ്ങളിലെ പ്രധാന ആശുപത്രികളിലേക്ക് നഴ്‌സിംഗ് ജോലിക്കുള്ള ഒഴിവുകളുടെ വിശദ വിവരങ്ങള്‍ സൈറ്റിലുണ്ട്. ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍ ഉപയോഗിച്ച് വെബ്‌സൈറ്റിലെ വിവരങ്ങള്‍ മലയാളത്തിലും വിവര്‍ത്തനം ചെയ്ത് വായിക്കാനാകും.
സൈറ്റ് ഹാക്ക് ചെയ്തതാണെന്ന സംശയം ജനിപ്പിക്കുന്ന വിധത്തില്‍ ഇടതുവശത്ത് മുകളിലായി എല്ല് കടിച്ചു പിടിച്ചിരിക്കുന്ന നായ്ക്കുട്ടിയുടെ ചിത്രം കാണാം. ഇതില്‍ ക്ലിക്ക് ചെയ്താല്‍ എഫ് സി 2 ഡോട് കോം എന്ന വെബ്‌സൈറ്റിലെത്തും. അമേരിക്കയിലെ ലാസ് വേഗാസിലുള്ള എഫ് സി 2 ഇന്‍കോര്‍പറേറ്റ്‌സ് എന്ന ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനത്തിന്റേതാണ് ഈ വെബ്‌സൈറ്റ്.
കഴിഞ്ഞ മാസം തന്നെ വെബ് സൈറ്റ് മാറിയ വിവരം റൂറല്‍ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. വെബ്‌സൈറ്റിന്റെ ഡൊമൈന്‍ രജിസ്‌ട്രേഷന്‍ കാലാവധി ആറ് മാസം മുമ്പ് കഴിഞ്ഞിരുന്നു. കൊച്ചിയിലെ ഒരു ഏജന്‍സി വഴി ഡല്‍ഹിയിലെ നെറ്റ് വണ്‍ ഇന്ത്യയാണ് ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. വിവിധ ജില്ലകള്‍ക്കായി പോലീസ് ആസ്ഥാനത്ത് നിന്ന് പൊതു സ്വഭാവമുള്ള പുതിയ വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്യാന്‍ തീരുമാനമുള്ളതിനാല്‍ പഴയ ഡൊമൈന്‍ പുതുക്കേണ്ടെന്ന് തീരുമാനിച്ചു. ഡൊമൈന്‍ രജിസ്‌ട്രേഷന്റെ കാലാവധി കഴിഞ്ഞാല്‍ വെബ്‌സൈറ്റ് അപ്രത്യക്ഷമായിക്കൊള്ളുമെന്നാണ് പോലീസ് കരുതിയത്. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും പുതുക്കാതിരുന്നതോടെ ഇവര്‍ മറ്റാര്‍ക്കോ ഇതേ പേരില്‍ ഡൊമൈന്‍ രജിസ്‌ട്രേഷന്‍ നല്‍കിയതാകാമെന്ന് പോലീസ് പറയുന്നു. ഡൊമൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയ ഡല്‍ഹിയിലെ സ്ഥാപനവുമായി ബന്ധപ്പെടാനുള്ള തിരക്കിട്ട ശ്രമത്തിലാണ് പോലീസ് ഇപ്പോള്‍.