നിര്‍ബന്ധിത മതപരിവര്‍ത്തനം ഇസ്‌ലാമിന്റെ രീതിയല്ല: കാന്തപുരം

Posted on: December 27, 2014 12:27 pm | Last updated: December 27, 2014 at 12:27 pm

തിരൂരങ്ങാടി: ഇസ്‌ലാമിക സമൂഹത്തിന്റെ വളര്‍ച്ചയെ സഹായിച്ചത് പ്രവാചനായ മുഹമ്മദ് നബി സൃഷ്ടിച്ച സ്‌നേഹ വിപ്ലവമാണെന്നും നിര്‍ബന്ധിത മത പരിവര്‍ത്തനം ഇസ്‌ലാമിന്റെ രീതിയല്ലെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. കുണ്ടൂര്‍ ഉറൂസിന് സമാപനം കുറിച്ച് നടന്ന ഹുബ്ബുര്‍റസൂല്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മത സന്ദേശത്തെ ഉള്‍ക്കൊണ്ട് സ്വയം സന്നദ്ധമായ മാറ്റമാണ് ഇസ്‌ലാമിന്റെ രീതി ശാസ്ത്രം. ഇപ്പോള്‍ നടക്കുന്ന മതപരിവര്‍ത്തന വിവാദം രാജ്യത്ത് നിലനില്‍ക്കുന്ന സ്വമേധയാലുള്ള മതപരിവര്‍ത്തന സ്വാതന്ത്ര്യത്തെ നിഷേധിക്കാന്‍ ഇടവരുത്തരുത്.
നിര്‍ബന്ധിത മതംമാറ്റ ശ്രമങ്ങളിലൂടെ നാട്ടിന്റെ സൗഹൃദാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢ നീക്കങ്ങളെ കരുതിയിരിക്കണം. പ്രവാചകനെ മോശമായി ചിത്രീകരിക്കാനും അതുവഴി വിശ്വാസികളുടെ ഈമാന്‍ നശിപ്പിക്കാനുമുള്ള നവീന വാദികളുടേയും അവരെ കൂട്ടുപിടിക്കുന്നവരുടെയും ഏതുശ്രമങ്ങളും ചെറുത്തുതോല്‍പ്പിക്കും. സുന്നി സംഘടനകള്‍ ഇതിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കാന്തപുരം കൂടിച്ചേര്‍ത്തു.