അന്യസംസ്ഥാന യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റ്

Posted on: December 27, 2014 10:13 am | Last updated: December 27, 2014 at 10:13 am

നാദാപുരം: അന്യസംസ്ഥാനക്കാരിയായ യുവതിയെ സ്‌കൂട്ടറില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റിലായി. എടച്ചേരി കച്ചേരിയിലെ കല്ല് കൊത്തിയില്‍ അശോകനെ(52)യാണ് നാദാപുരം സി ഐ സുരേഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെരിങ്ങത്തൂര്‍ പുളിയനമ്പ്രം ബാലന്‍ പീടികക്കടുത്ത ഒരു വീട്ടില്‍ ജോലി ചെയ്യുകയായിരുന്ന തമിഴ്‌നാട് ചിതംബരം സ്വദേശിനിയായ യുവതിയാണ് പീഡീപ്പിക്കപ്പെട്ടത്. ചൊവ്വാഴ്ച ജോലി ചെയ്യുന്ന വീട്ടിലുള്ളവരുമായി പിണങ്ങി ഇറങ്ങിയതായിരുന്നത്രെ. രാത്രി പെരിങ്ങത്തൂര്‍ റോഡില്‍ വെച്ച് സ്‌കൂട്ടറിന് കൈകാട്ടി തലശ്ശേരിയില്‍ ഇറക്കിവിടാമോ എന്നന്വേഷിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ കയറ്റി അശോകന്‍ കച്ചേരിയിലെ വീട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് പോലീസ് പറയുന്നത്.
അശോകന്റെ ഭാര്യയുടെ ബന്ധു മരിച്ചതിനാല്‍ അവരൊന്നും വീട്ടിലുണ്ടായിരുന്നില്ല. ഇതിനിടയില്‍ കാറില്‍ കൊണ്ടുപോയി ഭക്ഷണം വാങ്ങി നല്‍കിയതായും പറയുന്നു. പീഡിപ്പിച്ച ശേഷം കാറില്‍ കയറ്റി പുറമേരി വെള്ളൂര്‍ റോഡില്‍ റേഷന്‍ കടക്കടുത്ത് ഇറക്കി വിടുകയായിരുന്നെന്ന് യുവതി പോലീസിനോട് പറഞ്ഞു.
അസയത്ത് യുവതിയെ റോഡില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു. പോലീസെത്തി യുവതിയെ വടകര വനിതാ സെല്ലിലെത്തിച്ചു. തുടര്‍ന്ന് വനിതാ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം യുവതി വെളിപ്പെടുത്തിയത്. തുടര്‍ന്ന് നാദാപുരം സി ഐ സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷിച്ചാണ് പ്രതിയെ കണ്ടെത്താനായത്.
യാതോരു തെളിവുമില്ലാതെ പ്രതിയെ കണ്ടെത്താന്‍ വിഷമിക്കുന്നതിനിടയില്‍ അതിസമര്‍ഥായി നടത്തിയ നീക്കത്തിലാണ് പ്രതി കുടുങ്ങിയത്. പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കി സ്ഥലം വിടാനൊരുങ്ങുന്നതിനിടയിലാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. വിദേശത്ത് ബിസിനസുകാരനാണ് അശോകന്‍. സി ഐക്ക് പുറമേ അഡീഷനല്‍ എസ് ഐമാരായ സുരേന്ദ്രന്‍, മധു കറുപ്പത്ത്, സി വി ദിനേശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷിച്ചത്.