പറവൂര്‍: ആതുരസേവന സാന്ത്വന പ്രവര്‍ത്തനങ്ങള്‍ പ്രവാചക മാതൃകയും തീവ്രവാദ വിധ്വംസക ചിന്തകള്‍ നബിചര്യക്ക് എതിരുമാണെന്ന് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. പറവൂര്‍ മാവിന്‍ചുവട് ജുമാമസ്ജിദിന് സമീപം താജുല്‍ ഉലമ നഗരിയില്‍ എസ് വൈ എസ് ജില്ലാ നബിദിന റാലിക്ക് സമാപനം കുറിച്ചു നടന്ന മീലാദ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേവന രംഗത്ത് എസ് വൈ എസിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നും മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുന്നുകരയില്‍ നിര്‍മിച്ച സാന്ത്വന ഭവനത്തിന്റെ താക്കോല്‍ ദാനം മന്ത്രി നിര്‍വ്വഹിച്ചു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മീലാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. നിര്‍ധനരായ രണ്ട് യുവതികളുടെ നിക്കാഹ് കര്‍മവും വേദിയില്‍ നടന്നു. കൊച്ചി സ്വദേശിനിയായ യുവതിക്കുള്ള വിവാഹ ധനസഹായവും വിധവകള്‍ക്കായുള്ള തയ്യല്‍ മെഷീന്‍ വിതരണ ഉദ്ഘാടനവും പ്രൊഫ. കെ വി തോമസ് എം പി നിര്‍വ്വഹിച്ചു. ജാതിയുടെയും മതത്തിന്റെയും അതിര്‍ വരമ്പുകള്‍ നോക്കാതെ നാനാമതസ്ഥര്‍ക്കും നല്‍കുന്ന എസ് വൈ എസിന്റെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ മതസൗഹാര്‍ദത്തിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പറവൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിക്കുള്ള നാല് വീല്‍ചെയറുകളും ചടങ്ങില്‍ എം പി വിതരണം ചെയ്തു.
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറര്‍ഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. വി ഡി സതീശന്‍ എം എല്‍ എ അനുമോദന പ്രഭാഷണം നടത്തി. ജഅ്ഫര്‍ കോയ തങ്ങള്‍, സി ടി ഹാഷിം തങ്ങള്‍, വി എച്ച് അലി ദാരിമി, ബാവ ദാരിമി, കെ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ എസ് എം ഷാജഹാന്‍ സഖാഫി, സുലൈമാന്‍ കൊളോട്ടിമൂല, ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി പി കെ എ കരീം ഹാജി, അഡ്വ. കെ എ ഹസ്സന്‍, ലത്തീഫ് അഹ്‌സനി, എം എം കരീം ഹാജി, വാര്‍ഡ് മെമ്പര്‍മാരായ എം എം അബ്ദുര്‍റഷീദ്, ഒ യു റസാഖ് സംസാരിച്ചു.
നബിദിന റാലിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. മികച്ച സര്‍ക്കിള്‍ കമ്മിറ്റിക്കുള്ള ഉപഹാരം സര്‍ക്കിള്‍ കമ്മിറ്റി ഏറ്റുവാങ്ങി. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് എം പി അബ്ദുല്‍ ജബ്ബാര്‍ സഖാഫി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി എ ഹൈദ്രോസ് ഹാജി സ്വാഗതവും പറവൂര്‍ സോണ്‍ ജനറല്‍ സെക്രട്ടറി റഫീഖ് സഖാഫി നന്ദിയും പറഞ്ഞു