പ്രവാചക പ്രകീര്‍ത്തന സംഗമം തീര്‍ത്ത് കുണ്ടൂര്‍ ഉറൂസിന് സമാപനം

Posted on: December 27, 2014 12:36 am | Last updated: December 27, 2014 at 12:36 am

തിരൂരങ്ങാടി: പ്രവാചക പ്രകീര്‍ത്തനങ്ങളുടെ മഹാസംഗമം തീര്‍ത്ത് കുണ്ടൂര്‍ ഉറൂസിന് സമാപനം. ഒരു പുരുഷായുസ്സ് മുഴുവന്‍ നബികീര്‍ത്തനത്തിന് വിനിയോഗിച്ച് സമൂഹത്തെ പ്രവാചകാനുരാഗത്തിന്റെ പാതയിലേക്ക് നയിച്ച കുണ്ടൂര്‍ ഉസ്താദിന്റെ ഒമ്പതാം ഉറൂസിന്റെ സമാപനം ഗൗസിയ്യ നഗറും പരിസരവും നിറഞ്ഞൊഴുകിയ ഹുബ്ബുര്‍റസൂല്‍ മഹാസമ്മേളനമായി മാറി. നാല് ദിനരാത്രങ്ങളെ പൂര്‍ണാര്‍ത്ഥത്തില്‍ കര്‍മധന്യമാക്കിക്കൊണ്ട് നടന്ന ഉറൂസ് സമാപിച്ചത്.
വൈലത്തൂര്‍ സയ്യിദ് യൂസുഫുല്‍ ജീലാനിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച സമ്മേളനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ മലേഷ്യ അധ്യക്ഷത വഹിച്ചു. ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. ഗൗസിയ്യ ഹിഫഌല്‍ ഖുര്‍ആന്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ഹാഫിളുകള്‍ക്കുള്ള സനദ്ദാനം കാന്തപുരം നിര്‍വഹിച്ചു. പി കെ എസ് തങ്ങള്‍ തലപ്പാറ, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, അബൂഹനീഫല്‍ ഫൈസി തെന്നല, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, എം എന്‍ കുഞ്ഞിമുഹമ്മദ്ഹാജി, ക്ലാരി ബാവ മുസ്‌ലിയാര്‍, ഒ കെ അബ്ദുല്ലക്കുട്ടി മഖ്ദൂമി, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, എം മുഹമ്മദ് സ്വാദിഖ്, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, ലത്തീഫ് ഹാജി കുണ്ടൂര്‍ സംബന്ധിച്ചു. ബുര്‍ദാവാര്‍ഷികവും നടന്നു. നേരത്തെ അസ്മാഉല്‍ ഹുസ്‌ന, നാരിയത്തു സ്വലാത്ത്, അസ്മാഉല്‍ ബദ്ര്‍ മജ്‌ലിസുകള്‍ നടന്നു.
ഉണര്‍വിന്റെ യൗവ്വനം സെമിനാര്‍ എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍ അലി അബ്ദുള്ള, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, യു.കെ അഭിലാഷ്, എം എം ഗോവിന്ദന്‍, അഡ്വ സഫറുല്ല, പി പി കുഞ്ഞുട്ടി പ്രസംഗിച്ചു. സുഹൃദ് സംഗമം സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദു ഹാജി വേങ്ങര അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല വിഷയമവതരിപ്പിച്ചു. പി എം ഇബ്‌റാഹീംകുട്ടി ഹാജി, സീനത്ത് അബ്ദുര്‍റഹ്മാന്‍ ഹാജി, അബ്ദുല്‍ അസീസ് ഹാജി ബേപ്പൂര്‍, വി ടി ഹമീദ് ഹാജി പ്രസംഗിച്ചു. ഖസ്വീദത്തുല്‍ ഖാദിരിയ്യ, ബുര്‍ദ മജ്‌ലിസ് എന്നിവയും നടന്നു.