തൊടുപുഴയില്‍ സംസ്ഥാന കാര്‍ഷിക മേളക്ക് തുടക്കമായി

Posted on: December 27, 2014 12:35 am | Last updated: December 27, 2014 at 12:35 am

തൊടുപുഴ: പത്ത് നാള്‍ നീളുന്ന ഗാന്ധിജി സ്റ്റഡി സെന്റര്‍ സംസ്ഥാന കാര്‍ഷിക മേളക്ക് തൊടുപുഴ ന്യൂമാന്‍ കോളേജ് ഗ്രൗണ്ടില്‍ തുടക്കമായി. മന്ത്രി പി ജെ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മേള ഉദ്ഘാടനം ചെയ്തു.
കര്‍ഷകര്‍ക്കു ഉപാധിരഹിത പട്ടയം ജനുവരി 20നകം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നു മന്ത്രി പറഞ്ഞു. ഇടുക്കിയിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെ ചെറുതായി കാണുന്നില്ല. കര്‍ഷകര്‍ക്കു വിലസ്ഥിരത ഉറപ്പാക്കി പിടിച്ചു നിര്‍ത്താന്‍ കേരളസര്‍ക്കാറനൊടൊപ്പം കേന്ദ്രസര്‍ക്കാരിനും ബാധ്യതയുണ്ട്. കാര്‍ഷികമേഖലയില്‍ നിക്ഷേപം ഉണ്ടാകണമെങ്കില്‍ കര്‍ഷകര്‍ക്കു പരിഗണന ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറക്കുമതി കുറയ്ക്കുവാനും നാണ്യവിളയ്ക്കു സ്ഥിരമായ വില ലഭിക്കുന്നത് ഉറപ്പാക്കുവാനും സര്‍ക്കാരുകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷികോല്‍പന്നങ്ങള്‍ക്കു വില സ്ഥിരതയും ഉല്‍പന്നങ്ങള്‍ക്കു തറവിലയും പ്രഖ്യാപിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നു അധ്യക്ഷത വഹിച്ച മന്ത്രി പി.ജെ. ജോസഫ് ചൂണ്ടികാട്ടി. കാര്‍ഷികമേഖലയുടെ സന്ദേശം പുതുതലമുറയിലേക്ക് എത്തിക്കുക എന്നതാണ് കാര്‍ഷികമേള ലക്ഷ്യം വയ്ക്കുന്നതെന്നും ഈ മേളയില്‍ കുടുംബകൃഷിയ്ക്കാണു പ്രധാന്യം നല്‍കുന്നതെന്നും മന്ത്രി ജോസഫ് വ്യക്തമാക്കി. അന്യം നിന്നു പോകുന്ന കൃഷികള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പ്പന്നങ്ങള്‍ മത്സരോദ്ദേശത്തോടെ പ്രദര്‍ശിപ്പിക്കുന്നതിനും മേള അവസരമൊരുക്കുകയാണ്.
കൂടുതല്‍ ആളുകളെ ജൈവകൃഷിയിലേയ്ക്ക് ആകര്‍ഷിക്കുന്നതിനും ജൈവ ഉത്പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണി ഉറപ്പാക്കുന്നതിനും നടപടി വേണം മന്ത്രി ജോസഫ് പറഞ്ഞു. അഡ്വ.ജോയ്‌സ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തി. എം എല്‍ എമാരായ റോഷി അഗസറ്റിന്‍, ജോസഫ് വാഴയ്ക്കന്‍, മോന്‍സ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം ടി തോമസ്, മുനിസിപ്പല്‍ ചെയര്‍മാന്‍ എ എം ഹാരിദ് പ്രസംഗിച്ചു.