Connect with us

International

മൗലാന അബ്ദുല്‍ അസീസിന് അറസ്റ്റ് വാറണ്ട്‌

Published

|

Last Updated

ഇസ്‌ലാമാബാദ്: പെഷാവര്‍ സ്‌കൂളില്‍ നടന്ന കൂട്ടക്കൊലയെ അപലപിക്കാത്തതില്‍ പ്രതിഷേധിച്ചവരെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ലാല്‍ മസ്ജിദിലെ മൗലാന അബ്ദുല്‍ അസീസിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ അഭ്യര്‍ഥനപ്രകാരം ഇസ്‌ലാമാബാദ് സിവില്‍ ജഡ്ജി സാഖ്വിബ് ജവാദാണ് അസീസിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. രണ്ട് ദിവസം മുമ്പ് ആബ്പാര പോലീസാണ് അസീസിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.
പെഷാവറിലെ സൈനിക സ്‌കൂളില്‍ താലിബാന്‍ തീവ്രവാദികള്‍ കുട്ടികള്‍ ഉള്‍പ്പെടെ 150 പേരെ കൂട്ടക്കുരുതി ചെയ്ത സംഭവത്തില്‍ അസീസ് അപലപിക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് ജനസമൂഹം ലാല്‍ മസ്ജിദിനു പുറത്ത് പ്രതിഷേധിച്ചിരുന്നു. ബഹുജന സമ്മര്‍ദത്തെത്തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് അസീസിന് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ പാക് സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്.
2007ല്‍ ലാല്‍ മസ്ജിദില്‍ 100 ഓളം തീവ്രവാദികളുണ്ടെന്ന് ആരോപിച്ച് മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുശര്‍റഫ് സൈനിക നടപടി സ്വീകരിച്ചിരുന്നു.
അന്ന് സൈനിക നടപടിക്കിടെ അസീസിന്റെ ഇളയ സഹോദരനും കൊല്ലപ്പെട്ടിരുന്നു.

Latest