ജനസേവന കേന്ദ്രങ്ങള്‍ക്ക് മരണ മണി മുഴങ്ങുന്നു

Posted on: December 27, 2014 12:15 am | Last updated: December 27, 2014 at 12:15 am

മലപ്പുറം; സംസ്ഥാനത്തെ ഫ്രന്റ്‌സ് ജനസേവന കേന്ദ്രങ്ങള്‍ക്ക് പൂട്ടിടാന്‍ ധനകാര്യ വകുപ്പിന്റെ നീക്കം. സൗജന്യ സേവനത്തിലൂടെ ജനങ്ങളുടെ സുഹൃത്തായി മാറിയ ജനസേവന കേന്ദ്രങ്ങള്‍ക്ക് ദൈനംദിന പ്രവര്‍ത്തനത്തിനുള്ള തുക അനുവദിക്കാത്തതിനാല്‍ സ്ഥാപനങ്ങള്‍ നിലനില്‍പ്പ് ഭീഷണി നേരിടുകയാണ്. കെ എസ് ഇ ബി, ബി എസ് എന്‍ എല്‍, വാട്ടര്‍ അതോറിറ്റി ബില്ലുകള്‍, യൂനിവേഴ്‌സിറ്റി ഫീസുകള്‍, റെയില്‍ വേ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ സേവനങ്ങളെല്ലാം പൂര്‍ണമായും സൗജന്യമായി നല്‍കുന്ന ഈ കേന്ദ്രങ്ങള്‍ പൊതുജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന സ്ഥാപനമാണ്. 2000 മുതല്‍ പ്രവര്‍ത്തനം തുടങ്ങിയ ജനസേവന കേന്ദ്രങ്ങളില്‍ ഓരോ ദിവസവുമെത്തുന്നത് നൂറുകണക്കിനാളുകളാണ്. എന്നാല്‍ കഴിഞ്ഞ ആറ് മാസമായി ഇവയുടെ പ്രവര്‍ത്തന ചെലവിനുള്ള തുക അനുവദിച്ചിട്ടില്ല. ജീവനക്കാര്‍ക്കെല്ലാം അതാത് വകുപ്പുകള്‍ തന്നെ ശമ്പളം നല്‍കുമെങ്കിലും വൈദ്യുതി, ഫോണ്‍ ബില്ലുകള്‍, കരാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം തുടങ്ങിയവക്കെല്ലാം ഐ ടി മിഷനാണ് പണം അനുവദിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇതിനുള്ള തുക ഐ ടി മിഷന് ഇതുവരെ നല്‍കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

മുന്‍ മാസങ്ങളില്‍ അനുവദിച്ച തുകയില്‍ നിന്ന് നീക്കിയിരിപ്പുള്ളത് ഉപയോഗിച്ചാണ് ഇപ്പോള്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്. ഒരുമാസം കൂടി പണം അനുവദിക്കാതിരുന്നാല്‍ ജനസേവന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടേണ്ടി വരും. ജീവനക്കാരെയെല്ലാം വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ളവരായതിനാല്‍ ഇവര്‍ക്ക് തൊഴില്‍ നഷ്ടമാകില്ലെങ്കിലും പൊതുജനങ്ങള്‍ക്ക് ഇത് വലിയ തിരിച്ചടിയായിരിക്കും. എറണാകുളം കലൂര്‍ സ്റ്റേഡിയത്തിലെ ജനസേവന കേന്ദ്രം ഇതേ തുടര്‍ന്ന് നാല് ദിവസത്തോളം അടച്ചിട്ടിരുന്നു. വൈദ്യുതി ബില്‍ അടക്കാന്‍ പണമില്ലാത്തതിനാല്‍ കെ എസ് ഇ ബി വൈദ്യുതി ബന്ധം വിഛേദിച്ചതാണ് പ്രശ്‌നമായത്. സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളുടെയും സ്ഥിതി ഇതു തന്നെയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഐ ടി മിഷന് ഒരു രൂപ പോലും അനുവദിച്ചിരുന്നില്ല. എഴുപതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഓരോ ജനസേവന കേന്ദ്രങ്ങളുടെയും പ്രവര്‍ത്തന ചെലവ്. ഇതുകൂടാതെ സിഡിറ്റിന് 50 ലക്ഷത്തോളം രൂപ കുടിശ്ശിക നല്‍കാനുമുണ്ട്. സേവനങ്ങളെല്ലാം സൗജന്യമായതിനാല്‍ ഇവയുടെ പ്രവര്‍ത്തനംകൊണ്ട് സര്‍ക്കാറിന് ലാഭമൊന്നുമില്ല. അതുകൊണ്ട് തന്നെ ഇത്രയും സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ജനസേവന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനുള്ള നീക്കം നടക്കുന്നതായാണ് സംശയിക്കുന്നത്. നിലവിലുള്ളവക്ക് പുറമെ കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും ഇതിനോട് അനുകൂലമായ പ്രതികരണമുണ്ടായിട്ടില്ല. വിവിധ യൂനിവേഴ്‌സിറ്റികളുടെ 352 ഓളം തരത്തിലുള്ള ഫീസുകളെല്ലാം സേവന കേന്ദ്രങ്ങളിലൂടെ കാത്തിരിപ്പില്ലാതെ അടക്കാന്‍ കഴിയുന്നതിനാല്‍ വിദ്യാര്‍ഥികള്‍ കൂടുതലും ഫ്രന്റ്‌സിനെയാണ് ആശ്രയിക്കുന്നത്. പണമടക്കാന്‍ കൂടുതല്‍ പേര്‍ സേവന കേന്ദ്രങ്ങളിലെത്തുന്നതിനാല്‍ ഇവ അക്ഷയ പോലുള്ള സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കി ലാഭം നേടാനുള്ള നീക്കം നടക്കുന്നതായും ആക്ഷേപമുണ്ട്.