എല്ലാ ഗ്രാമങ്ങളിലും ഇനി ആര്‍ട്ട് ഗ്യാലറി

Posted on: December 27, 2014 12:11 am | Last updated: December 27, 2014 at 12:11 am

കണ്ണൂര്‍: എല്ലാ ഗ്രാമങ്ങളിലും ആര്‍ട്ട് ഗ്യാലറികളുള്ള ആദ്യ ഇന്ത്യന്‍ സംസ്ഥാനമാവാന്‍ കേരളം ഒരുങ്ങുന്നു.
കേന്ദ്ര സഹായത്തോടെ സംസ്ഥാനത്തെ 19,000 ഗ്രാമങ്ങളില്‍ നിര്‍മിക്കുന്ന ഗ്രാമസ്വരാജ് ഭവനുകളിലാണു കിലയുടെ സഹകരണത്തോടെ കേരള ലളിത കലാ അക്കാദമി ഗ്രാമീണ ആര്‍ട്ട് ഗ്യാലറികള്‍ സ്ഥാപിക്കുന്നത്. പ്രാദേശിക ചിത്രകാരന്മാരുടെയും ശില്‍പ്പികളുടെയും ക്രിയേറ്റീവ് ഫോട്ടോഗ്രാഫര്‍മാരുടെയും സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുകയാണ് ഗ്രാമീണ ആര്‍ട്ട് ഗ്യാലറിയുടെ ലക്ഷ്യമെന്ന് കേരള ലളിത കലാ അക്കാദമി ചെയര്‍മാന്‍ കെ എ ഫ്രാന്‍സിസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ ഗ്രാമീണ ചിത്രകലയുടെ നവോഥാനത്തിന് അതോടെ തുടക്കമാവും. മൂന്ന് വര്‍ഷത്തിനകം ആര്‍ട്ട് ഗ്യാലറികള്‍ പ്രവര്‍ത്തന സജ്ജമാക്കാനാണു പരിപാടി. സംസാര ശേഷിയില്ലാത്തവരെ പരിശീലിപ്പിക്കുന്ന തിരുവനന്തപുരത്തെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്(നിഷ്) ക്യാമ്പസിനോടു ചേര്‍ന്നു തടാകക്കരയില്‍ ശില്‍പ്പങ്ങളുടെ പാര്‍ക്ക്, ഓപണ്‍ എയര്‍ പ്രദര്‍ശന ശാല എന്നിവയും സ്ഥാപിക്കുമെന്നും കെ എ ഫ്രാന്‍സിസ് പറഞ്ഞു.
പ്രമുഖ ചിത്രകാരന്മാരുടെ സൃഷ്ടികള്‍ കേടുകൂടാത സൂക്ഷിക്കാന്‍ 25 ലക്ഷം രൂപ ചെലവില്‍ പ്രിസര്‍വേഷന്‍ ഗ്യാലറി സ്ഥാപിക്കും. അന്തരിച്ച ചിത്രകാരന്മാരുടെ രചനകളും ജീവചരിത്രക്കുറിപ്പുകളും പ്രദര്‍ശിപ്പിക്കാന്‍ പ്രത്യേക മ്യൂസിയം തിരുവനന്തപുരത്ത് ആരംഭിക്കും.