ഫ്‌ളോട്ടിംഗ് റസ്റ്റോറന്റ് നീക്കും

Posted on: December 26, 2014 7:00 pm | Last updated: December 26, 2014 at 7:39 pm

റാസല്‍ ഖൈമ: ഫ്‌ളോട്ടിംഗ് റസ്‌റ്റോറന്റ് കടലില്‍ നിന്നു നീക്കാന്‍ റാസല്‍ഖൈമ നഗരസഭ ഒരുമാസത്തെ സാവകാശം നല്‍കി. സെപ്റ്റംബര്‍ മുതലാണു ഈ കടല്‍ റസ്റ്ററന്റിനു സ്ഥാനചലനം സംഭവിച്ചത്. കടല്‍ക്കരയിലെത്തുന്നവര്‍ ആശ്രയിച്ചിരുന്ന ഈ കപ്പല്‍ഭക്ഷണശാല ഇപ്പോള്‍ ആര്‍ക്കും വേണ്ടാത്ത അവസ്ഥയിലാണ്.
സ്ഥാനം തെറ്റിയതോടെ ഈ കൗതുകക്കട ഉടമകളും ഉപേക്ഷിച്ച സ്ഥിതിയിലാണ്. ഈ സാഹചര്യത്തിലാണ് നഗരസഭ കപ്പല്‍ നീക്കുന്നതിനു ശ്രമം തുടങ്ങിയത്. റാസല്‍ ഖൈമ യു വജന-സാംസ്‌കാരിക കാര്യാലയത്തിനു മുന്നിലാണു കപ്പല്‍ ഭോജനശാലയായി പ്രവര്‍ത്തിച്ചിരുന്നത്. സെപ്തംബറിലാണു റസ്‌റ്റോറന്റിന്റെ അടിത്തറ ഇളകിയത്. ഇതിനുശേഷമാണു ഫോട്ടിംഗ് റസ്റ്ററന്റ് ഉപേക്ഷിക്കപ്പെട്ട നിലയിലായത്.
ഇതു പൂര്‍വസ്ഥിതിയിലാക്കുകയോ പാരിസ്ഥിതിക പ്രശ്‌നമുണ്ടാകാത്ത രീതിയില്‍ സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റുകയോ ചെയ്യണമെന്നാണു കപ്പലുടമക്കു നല്‍കിയ നിര്‍ദേശം. സുരക്ഷിതമായ ഇടം കണ്ടെത്താതെയും ഔദ്യോഗിക അറിയിപ്പു ലഭിക്കാതെയും കപ്പല്‍ മാറ്റാനാകില്ലെന്നു പബ്ലിക് വര്‍ക്‌സ് ഡയറക്ടര്‍ അഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു.