Connect with us

Kerala

പരീക്ഷ എഴുതാത്തവരെയും ഷോര്‍ട്ട്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പി എസ് സിയുടെ എസ് എം എസ്

Published

|

Last Updated

തിരുവനന്തപുരം: പരീക്ഷ എഴുതാത്തവരെയും ഷോര്‍ട്ട്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പി എസ് സിയുടെ എസ് എം എസ് അറിയിപ്പ്. അമ്പരപ്പോടെ പി എസ് സി ആസ്ഥാനത്തേക്ക് അന്വേഷണങ്ങള്‍ പ്രവഹിച്ചതോടെ ക്ഷമാപണവുമായി അടുത്ത എസ് എം എസ്. പി എസ് സിയുടെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ വന്ന തകരാറാണ് ഉദ്യോഗാര്‍ഥികളെയാകെ ആശ്ചര്യപ്പെടുത്തിയത്. അപേക്ഷിച്ചവരെയും പരീക്ഷ എഴുതിയവരെയുമെല്ലാം കായികപരീക്ഷക്കു തിരഞ്ഞെടുത്തുവെന്നായിരുന്നു എസ് എം എസ് സന്ദേശം പ്രചരിച്ചത്. എക്‌സൈസ്, പോലീസ്, ജയില്‍ വാര്‍ഡന്‍, ഫോറസ്റ്റ് ഉള്‍പ്പെടെ പത്ത് തസ്തികകളിലേക്ക് പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍ക്കാണ് ഫിസിക്കല്‍ ടെസ്റ്റിനുള്ള മെമ്മോ ഡൗണ്‍ലോഡ് ചെയ്യാന്‍ അറിയിപ്പ് വന്നത്.

പരീക്ഷ എഴുതാത്തവര്‍ക്കുപോലും സന്ദേശം ലഭിച്ചതോടെ ആശയകുഴപ്പത്തിലായ ഉദ്യോഗാര്‍ഥികള്‍ പി എസ് സി ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. കാറ്റഗറി നമ്പര്‍ 253/2014, 254/2014, 255/2014, 256/2014, 257/ 2014, 258/ 2014, 259/ 2014, 260/ 2014, 421/ 2013, 474/ 2012 എന്നിവയിലേക്ക് അപേക്ഷിച്ചവരുടെ കായിക പരീക്ഷയുടെ മെമ്മോ പ്രൊഫൈലില്‍ ലഭ്യമാണെന്ന സന്ദേശമാണ് ഉദ്യോഗാര്‍ഥികള്‍ക്കു ലഭിച്ചത്.
തുടര്‍ന്നു ഉദ്യോഗാര്‍ഥികള്‍ സൈറ്റ് പരിശോധിച്ചെങ്കിലും തകരാറു കാരണം പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഉദ്യോഗാര്‍ഥികള്‍ മറ്റുള്ളവരുമായി ബന്ധപ്പെട്ടപ്പോഴാണ് പരീക്ഷ എഴുതിയ എല്ലാപേര്‍ക്കും ഇത്തരത്തില്‍ സന്ദേശം ലഭിച്ചതായി വ്യക്തമായത്. ഇതേത്തുടര്‍ന്നു ഉദ്യോഗാര്‍ഥികള്‍ പി എസ് സി ആസ്ഥാനവുമായി ബന്ധപ്പെട്ടെങ്കിലും തൃപ്തികരമായ മറുപടിയല്ല ലഭിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം പി എസ് സിയില്‍ നിന്നും തിരുത്തിയ സന്ദേശം ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിച്ചു. കായികപരീക്ഷക്കുള്ള ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സന്ദേശം ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കു ലഭിച്ചിട്ടുണ്ടെങ്കില്‍ അതു അവഗണിക്കണമെന്നായിരുന്നു പുതിയ സന്ദേശം.
പി എസ് സിയുടെ സൈറ്റ് രണ്ട് ദിവസമായി തകരാറിലായതും ആശയക്കുഴപ്പം വര്‍ധിപ്പിച്ചിട്ടുണ്ട്. സ്വന്തം പ്രൊഫൈല്‍ സന്ദര്‍ശിക്കാനോ, പരീക്ഷയുടെ വിവരങ്ങള്‍ അറിയാനോ, അപേക്ഷിക്കാനോ ഉദ്യോഗാര്‍ഥികള്‍ക്കു സാധിക്കുന്നില്ല. ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്തവര്‍ക്കു രണ്ട് ദിവസമായി പ്രൊഫൈലില്‍ ലോഗിന്‍ ചെയ്തു വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനോ, പുതിയ വിജ്ഞാപനങ്ങള്‍ പരിശോധിക്കാനോ കഴിയാത്ത സ്ഥിതിയുമുണ്ട്.
സ്‌റ്റേറ്റ് ഡാറ്റാ സെന്ററിനാണ് പി എസ് സി സെര്‍വറിന്റെ ചുമതല. ഇതിന്റെ പരിപാലനം കെല്‍ട്രോണിനാണ്. എന്നാല്‍ കെല്‍ട്രോണ്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള അലംഭാവം കാരണം സെര്‍വറിലെ തകരാറുകള്‍ തുടര്‍കഥയാണ്. അറ്റകുറ്റപ്പണികള്‍ നടത്താന്‍ കെല്‍ട്രോണ്‍ തയ്യാറാകുന്നില്ലെന്ന അക്ഷേപം നേരത്തെ തന്നെ പി എസ് സിക്കുണ്ട്. സെര്‍വര്‍ മുറിയിലെ അന്തരീക്ഷ ഊഷ്മാവ് അഞ്ച് ഡിഗ്രിയില്‍ താഴെ നിലനിര്‍ത്തേണ്ടതുണ്ട്. എന്നാല്‍, എ സി പ്രവര്‍ത്തിക്കാത്തതിനാല്‍ അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് തകരാര്‍ സംഭവിച്ചത്. തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് പി എസ് സി അധികൃതര്‍ അറിയിച്ചു.

Latest