ജോര്‍ദ്ദാന്‍ യുദ്ധവിമാനം ഇസില്‍ ഭീകരര്‍ വെടിവെച്ച് വീഴ്ത്തി

Posted on: December 24, 2014 6:27 pm | Last updated: December 25, 2014 at 12:35 am

jordhan war planeബെയ്‌റൂത്ത്: സിറിയയില്‍ ഇസില്‍ തീവ്രവാദികള്‍ ജോര്‍ദാന്റെ എഫ് 16 യുദ്ധവിമാനം വെടിവെച്ച് വീഴ്ത്തി പൈലറ്റിനെ ബന്ദിയാക്കി. കിഴക്കന്‍ റഖായില്‍ ഇസില്‍ നിയന്ത്രണത്തിലുള്ള പ്രവിശ്യയില്‍  രാവിലെയാണ് സംഭവം. വ്യോമവേധ മിസൈല്‍ ഉപയോഗിച്ചാണ് വിമാനം ഇസില്‍ വെടിവെച്ചു വീഴ്ത്തിയത്. തങ്ങളുടെ യുദ്ധവിമാനം വെടിവെച്ചുവീഴ്ത്തി അതിലുണ്ടായിരുന്ന പൈലറ്റ് യൂസുഫ് അല്‍ കസീബ്‌സി ബന്ദിയാക്കപ്പെട്ട കാര്യം ജോര്‍ദാനും സ്ഥിരീകരിച്ചു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ തങ്ങളുടെ ദൗത്യത്തില്‍ നിന്ന് പിന്‍മാറുന്നതിന് കാരണമാകില്ലെന്ന് ജോര്‍ദാന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി. സംഘട്ടനം നടക്കുന്ന മേഖലകളിലേക്ക് മാധ്യമപ്രവര്‍ത്തകരെ പ്രവേശിക്കാന്‍ അനുവദിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന, റഖായില്‍ തീവ്രവാദികള്‍ യുദ്ധ വിമാനം വെടിവെച്ചിട്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പിടിയിലായ പൈലറ്റ് അറബ് വംശജനാണെന്നാണ് സൂചന. ഇദ്ദേഹത്തെ തീവ്രവാദികള്‍ ബന്ദിയാക്കി കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിട്ടുണ്ട്.
അല്‍റഖയില്‍ പിടിമുറുക്കിയ ഇസില്‍ തീവ്രവാദികള്‍ക്കെതിരെ സിറിയന്‍ സൈന്യവും അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും വന്‍ ആക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.