Connect with us

Gulf

ലോകത്തിലെ 10 മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ അബുദാബിയും

Published

|

Last Updated

അബുദാബി: 2015ലേക്കായി തിരഞ്ഞെടുത്ത ലോകത്തിലെ മികച്ച 10 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ അബുദാബി ഇടം നേടി. രാജ്യാന്തര വാര്‍ത്താ വെബ്‌സൈറ്റായ സി എന്‍ എന്‍ ഡോട്ട് കോമാണ് ലോകത്തിലെ 10 മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ അബുദാബിയെയും ഉള്‍പെടുത്തിയിരിക്കുന്നത്. ഇറ്റലിയിലെ മിലാന്‍, ബഹാമിയന്‍ കോസ്റ്റ്, ഡൗണ്‍ടൗണ്‍ ലോസ് ആഞ്ചല്‍സ് എന്നിവക്കൊപ്പമാണ് അബുദാബി എമിറേറ്റും സി എന്‍ എന്‍ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.
അബുദാബിയെ മധ്യപൗരസ്ത്യ ദേശത്തെ സാംസ്‌കാരിക തലസ്ഥാനമായാണ് സൈറ്റ് വിലയിരുത്തുന്നത്. 24,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള സാദിയാത്ത് ഐലന്റ് കള്‍ച്ചറല്‍ ഡിസ്ട്രിക്ടിനെക്കുറിച്ച് സി എന്‍ എന്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. 2017ല്‍ നിര്‍മാണം പൂര്‍ത്തിയാവുന്ന ഗഗെനെയിം അബുദാബി, 2016 ല്‍ പൂര്‍ത്തീയാവുന്ന സായിദ് നാഷനല്‍ മ്യൂസിയം, പരീസിന് പുറത്ത് നിര്‍മിക്കുന്നതും 2015ല്‍ പൂര്‍ത്തിയാവുന്നതുമായ ആദ്യ ല്യൂറെ മ്യൂസിയം തുടങ്ങിയവയെക്കുറിച്ചും സൈറ്റ് പരാമര്‍ശിക്കുന്നു.
അടുത്തകാലത്തായി വന്‍ വികസനക്കുതിപ്പാണ് യു എ ഇ തലസ്ഥാനമായ അബുദാബിയില്‍ നടന്നുവരുന്നത്. ആയിരക്കണക്കിന് കോടി ദിര്‍ഹമാണ് എണ്ണ സമ്പന്നമായ അബുദാബിയുടെ പശ്ചാത്തല വികസനം ഉള്‍പെടെയുള്ള മേഖലയില്‍ നിക്ഷേപമായി എത്തിക്കൊണ്ടിരിക്കുന്നത്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കകം മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും സൗകര്യമുള്ള നഗരങ്ങളില്‍ ഒന്നായി അബുദാബി മാറുമെന്നതും സി എന്‍ എന്നിനെ അബുദാബിയെ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ച ഘടകമാണ്.
അബുദാബി നഗരത്തില്‍ നിന്നു നോക്കിയാല്‍ കാണുന്ന ദൂരത്തില്‍ സ്ഥിതിചെയ്യുന്ന യാസ് ഐലന്റ്. മനുഷ്യ നിര്‍മിത ദ്വീപെന്ന നിലയിലും മേഖലയില്‍ പ്രശസ്തമാണ്. കടല്‍ മാര്‍ഗം മാത്രമല്ല റോഡു വഴിയും അബുദാബി നഗരവുമായി ഇതിനെ ബന്ധിപ്പിച്ചിട്ടുണ്ട്. സാദിയാത്ത് കള്‍ച്ചറല്‍ ഡിസ്ട്രിക്ടിലാണ് ല്യൂറെ മ്യൂസിയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. മ്യൂസിയം തലസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി മാറുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. 24,000 ചതുരശ്ര മീറ്ററാണ് ല്യൂറെ അബുദാബി മ്യൂസിയത്തിന്റെ വിസ്തീര്‍ണം. 10.8 കോടി പൗണ്ടാണ് മതിപ്പ് ചെലവ്. വാണിജ്യ ആവശ്യങ്ങള്‍ക്കായി രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ച ഖലീഫ തുറമുഖം ഇമിയ(യൂറോപ് മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക) മേഖലയില്‍ ഉല്‍പാദനക്ഷമതയില്‍ ഇന്ന് അഞ്ചാം സ്ഥാനത്താണ്. അബുദാബി സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് തുറമുഖത്തിന്റെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നത്. സി എന്‍ എന്‍ പട്ടികയില്‍ ഇടംപിടിച്ചതോടെ 2015ല്‍ അബുദാബിയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രത്യേകിച്ചും യുറൂപ്പ്, അമേരിക്ക തുടങ്ങിയ വന്‍കരകളില്‍ നിന്ന് ധാരാളം പേര്‍ സന്ദര്‍ശകരായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് എമിറേറ്റിന്റെ വളര്‍ച്ചക്ക് പൊതുവിലും ഹോട്ടല്‍ വ്യവസായത്തിന് പ്രത്യേകിച്ചും ഗുണം ചെയ്യുമെന്നാണ് ബിസിനസ് രംഗത്തെ വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.

---- facebook comment plugin here -----

Latest