Connect with us

Malappuram

ഭക്ഷ്യസുരക്ഷാ പരിശോധന 20 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്‌

Published

|

Last Updated

മലപ്പുറം: ക്രിസ്മസിനോടനുബന്ധിച്ച് ജില്ലാ ഫുഡ് സേഫ്റ്റി സ്‌ക്വാഡ് നടത്തിയ പരിശോധനയെ തുടര്‍ന്ന് ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള 20 സ്ഥാപനങ്ങള്‍ക്ക് ചട്ടലംഘനത്തിന് നോട്ടീസ് നല്‍കുകയും 45000 രൂപ പിഴ ചുമത്തുകയും ചെയ്തു.
എടക്കര, അരീക്കോട്, മഞ്ചേരി, ആനക്കയം, പെരിന്തല്‍മണ്ണ, കൂട്ടിലങ്ങാടി, കോട്ടക്കല്‍, വളാഞ്ചേരി, എടപ്പാള്‍, പൊന്നാനി, തിരൂര്‍, കൊണ്ടോട്ടി, എടവണ്ണ എന്നിവിടങ്ങളില്‍ നിന്നും ബേക്കറി ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ വിവിധതരം ഭക്ഷ്യ വസ്തുക്കളുടെ 18 സാമ്പിളുകള്‍ ശേഖരിച്ച് കോഴിക്കോട് റീജനല്‍ അനലിറ്റിക്കല്‍ ലബോറട്ടറിയിലെ ഫുഡ് അനലിസ്റ്റിന് രാസ പരിശോധനക്കായി അയച്ചു.
സ്‌പൈസസ് ബോര്‍ഡില്‍ പരിശോധനയ്ക്ക് അയച്ച പ്രമുഖ കയറ്റുമതി സ്ഥാപനങ്ങളുടെ മുളകു പൊടിയില്‍ സുഡാന്‍ എന്ന നിരോധിത കളര്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ആഭ്യന്തര വിപണിയിലുള്ള വിവിധ കമ്പനികളുടെ മുളകുപൊടിയും അച്ചാറും രാസപരിശോധന നടത്തുന്നതിന് ശേഖരിക്കുന്നുണ്ട്. ഫുഡ് സേഫ്റ്റി അസി. കമ്മീഷനര്‍ ജോസഫ് ഷാജി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ കെ എസ് ജനാര്‍ദനന്‍, സി പി പ്രദീപ് കുമാര്‍, സി എ ജനാന്‍ദനന്‍ എന്നിവരാണ് പരിശോധന നടത്തിയത്. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്ത് ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അസി. കമ്മീഷനര്‍ അറിയിച്ചു.