ടൗണ്‍ഹാള്‍ അറ്റകുറ്റപ്പണി നടത്തി മോടി പിടിപ്പിക്കുന്നു

Posted on: December 24, 2014 9:36 am | Last updated: December 24, 2014 at 9:36 am

പാലക്കാട്: പാലക്കാട് നഗരസഭാ ടൗണ്‍ ഹാള്‍ വിപുലമായ രീതിയില്‍ അറ്റകുറ്റപ്പണി നടത്തി മോടിപിടിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. അറ്റകുറ്റപ്പണിയുടെ ഭാഗമായി ഫെബ്രുവരി 10 വരെ മാത്രമേ ടൗണ്‍ ഹാളില്‍ ബുക്കിംഗ് അനുവദിക്കുകയുള്ളൂ.
നഗരസഭാ സ്റ്റിയറിംഗ് കമ്മിറ്റിയെടുത്ത തീരുമാനം കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. അതേസമയം ടൗണ്‍ ഹാളിന് രത്‌നവേല്‍ ചെട്ടിയാരുടെ പേര്‍ നല്‍കണമെന്ന ബി ജെ പി അംഗം സി കൃഷ്ണകുമാറിന്റേ നിര്‍ദ്ദേശം ലീഗ് അംഗം അബ്ദുള്‍ അസീസുമായുള്ള ചൂടേറിയ വാക്ക്തര്‍ക്കത്തിന് കാരണമായി. ആര്‍ സി സിയുമായും പാലക്കാട് ലയണ്‍ ക്ലബുമായും സഹകരിച്ച് നഗരസഭാ ബില്‍ഡിംഗില്‍ കാന്‍സര്‍ രോഗികള്‍ക്കായി ഹെല്‍പ്പ്‌ഡെസ്‌ക് ആരംഭിക്കണമെന്നുള്ള സ്റ്റിയറിംഗ് കമ്മിറ്റി നിര്‍ദ്ദേശം വീണ്ടും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാനും ധാരണയായി. ശുചീകരണത്തൊഴിലാളികള്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് മെഡിക്കല്‍ ക്യാംപ് നടത്തും.
നഗരസഭാ ജീവനക്കാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമാക്കും. പെട്രോളിന്റേയും ഡീസലിന്റേയും വില കുറഞ്ഞുവരുന്ന ഈ സാഹചര്യത്തില്‍ ഓട്ടോ, ബസ്, ടാക്‌സി ചാര്‍ജുകള്‍ കുറയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടുകൊണ്ടുള്ള ബി ജെ പി അംഗം എന്‍ ശിവരാജന്റെ പ്രമേയം കൗണ്‍സില്‍ അംഗീകരിച്ചു. ഫൈനാന്‍സ് കമ്മിറ്റിയെ അറിയിക്കാതെ ചെയര്‍മാന്‍ തന്നിഷ്ടപ്രകാരം നികുതി പരിഷ്‌ക്കാര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ വിമര്‍ശനമുയര്‍ന്നു.
നികുതി പരിഷ്‌കാര പ്രവര്‍ത്തനങ്ങള്‍ക്ക് ശുചീകരണതൊഴിലാളികളെ ഉപയോഗിക്കുന്നതിനാല്‍ ശുചീകരണം മുടങ്ങിയിരിക്കുകയാണെന്നും ഫിനാന്‍സ് കമ്മിറ്റിയെ ചെയര്‍മാന്‍ നോക്കുകുത്തിയായിരിക്കയാണെന്നും ബി ജെ പി അംഗം ശിവരാജന്‍ ആരോപിച്ചു.
ചെയര്‍മാന്റെ നടപടിയെ ലീഗ് അംഗം അബ്ദുള്‍ അസീസും വിമര്‍ശിച്ചു. തുടര്‍ന്ന് ശുചീകരണ തൊഴിലാളികളെ നികുതി പരിഷ്‌ക്കാര ജോലികളില്‍ നിന്ന് പിന്‍വലിക്കുമെന്നും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 30 ന് ഫിനാന്‍സ് കമ്മിറ്റി യോഗം ചേരുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
വൈദ്യുതി, ജല അതോറിറ്റി മേഖലകളിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 29 ന് രാവിലെ 11 ന് അടിയന്തിര കൗണ്‍സില്‍ യോഗം വിളിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. നഗരസഭാ പ്രദേശങ്ങളില്‍ ഫോഗിംഗും സ്‌പ്രേയിംഗും നടത്തുവാനും യോഗത്തില്‍ തീരുമാനമായി.
മഞ്ഞക്കുളം ലോറി സ്റ്റാന്റിനായി ഏറ്റെടുത്ത ഒരേക്കര്‍ 20 സെന്റ് സ്ഥലം വേലികെട്ടി സംരക്ഷിക്കാനും തീരുമാനിച്ചു. ജനകീയാസൂത്രണ പദ്ധതി പ്രകാരം ഭവന നിര്‍മ്മാണം നടത്തുന്നവര്‍ നഗരസഭയുമായി കരാറൊപ്പിടണമെന്ന നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെടണമെന്ന് സി കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ ചെയര്‍മാന്‍ പി വി രാജേഷ് അധ്യക്ഷത വഹിച്ചു. കുമാരി, അബ്ദുള്‍ അസീസ്, സി കൃഷ്ണകുമാര്‍, എന്‍ ശിവരാജന്‍, ഇസ്മയില്‍, അഷ്‌ക്കര്‍, ഫിലോമിന ചര്‍ച്ചയില്‍ പങ്കെടുത്തു.