Connect with us

Ongoing News

വ്യക്തിയുടെ ഇമേജിനേക്കാള്‍ വലുത് പാര്‍ട്ടിയുടെ ഇമേജാണെന്ന് എം എം ഹസന്‍

Published

|

Last Updated

തൃശൂര്‍: വ്യക്തിയുടെ ഇമേജിനെക്കാള്‍ വലുത് പാര്‍ട്ടിയുടെ ഇമേജാണെന്ന് കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍. തൃശൂര്‍ രാമനിലയത്തില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ല പ്രതിച്ഛായ ഉണ്ടാക്കാന്‍ പാര്‍ട്ടിയുടെ ഇമേജ് നോക്കാതെ തോന്നിയതൊക്കെ വിളിച്ചു പറയുന്നതു ശരിയല്ല. എല്ലാവരെയും സമന്വയിപ്പിച്ചുകൊണ്ട് പോകാനായാല്‍ മാത്രമെ വി എം സുധീരനെ മിടുക്കനായ കെ പി സി സി പ്രസിഡന്റെന്ന് വിശേഷിപ്പിക്കാനാകൂ. പാര്‍ട്ടിയില്‍ നില്‍ക്കുമ്പോള്‍ പാര്‍ട്ടിക്കു വിധേയമായി സംസാരിക്കണം. ആദര്‍ശത്തേക്കാള്‍ കൂടുതലായി പ്രായോഗികത ആവശ്യമുള്ള മേഖലയാണ് രാഷ്ട്രീയം.
എ കെ ആന്റണി ഇക്കാര്യം തന്റെ രാഷ്ട്രീയ ജീവിതത്തില്‍ പലതവണ തെളിയിച്ചിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ ഇമേജും ജനങ്ങള്‍ക്കു മുന്നിലെ ഇമേജും രണ്ടാണ്. പാര്‍ട്ടിയെ മറന്നുകൊണ്ട് ജനങ്ങള്‍ക്ക് മുന്നില്‍ ഇമേജുണ്ടാക്കിയിട്ടു കാര്യമില്ല. പിടിവാശിയും പ്രായോഗികത കുറവുമുള്ളതിനാലാണ് സുധീരന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നത്. മാവോയിസ്റ്റ് വേട്ടയും മദ്യനയവും തമ്മില്‍ യാതൊരു ബന്ധവുമില്ല. മാവോയിസ്റ്റുകളെന്ന പേരില്‍ നടക്കുന്ന അക്രമങ്ങളെ ശക്തമായി അടിച്ചമര്‍ത്തണം. എഴുപതുകളിലെ നക്‌സല്‍ ഭീഷണികളെ ഇല്ലായ്മ ചെയ്തതുപോലെ മാവോയിസ്റ്റ് ഭീതിയും ഇല്ലാതാക്കാന്‍ ആഭ്യന്തരവകുപ്പ് നടപടിയെടുക്കണമെന്നും എം എം ഹസന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.