Connect with us

International

ലശ്കര്‍ ജാംഗ്‌വിയുടെ നേതാവ് മാലിക് ഇസ്ഹാഖിനെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു

Published

|

Last Updated

ലാഹോര്‍ : നിരോധിത തീവ്രവാദ സംഘടനയായ ലശ്കര്‍ ജാംഗ്‌വിയുടെ നേതാവ് മാലിക് ഇസ്ഹാഖിനെ മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷക്ക് ശേഷം പാക്കിസ്ഥാന്‍ മോചിതനാക്കി. ശിയാ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തിലും 2009ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനു നേരെ നടന്ന ആക്രമണത്തിലും മുഖ്യ സൂത്രധാരന്‍ ഇസ്ഹാഖായിരുന്നു. പൊതു സുരക്ഷക്ക് ഭീഷണിയുയര്‍ത്തും വിധം പ്രകോപനപരമായി പ്രസംഗിച്ചു എന്നതിന്റെ പേരിലാണ് ഇസ്ഹാഖിനെ മൂന്ന് വര്‍ഷം തടവിലിട്ടത്. ഇതേ നിയമപ്രകാരം 2008ലെ മുംബൈ ആക്രമണത്തിലെ സുപ്രധാന സൂത്രധാരനായിരുന്ന സാക്കിര്‍ റഹ്മാന്‍ ലക്‌വിയെ പിടികൂടിയിരുന്നെങ്കിലും തീവ്രവാദ വിരുദ്ധ കോടതി പിന്നീട് ജാമ്യമനുവദിച്ചു. പെഷാവറിലെ സ്‌കൂളില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 148 പേര്‍ കൊല്ലപ്പെട്ട സംഭവം നടന്നതിനു ശേഷം തീവ്രവാദം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ സമൂലമായ മാറ്റ ത്തിന് തയ്യാറെടുക്കവേയാണ് ഇസ്ഹാഖിനെ വിട്ടയച്ചത്. പഞ്ചാബ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് പ്രവിശ്യാ റിവ്യു ബോര്‍ഡിനു മുമ്പില്‍ ഇസ്ഹാഖിനെ ഹാജരാക്കിയത്. തുടര്‍ന്ന് ലാഹോര്‍ ഹൈക്കോടതി ജഡ്ജി മന്‍സൂര്‍ തലവനായ മൂന്നംഗ ബഞ്ച് ഇസ്ഹാഖിനെ സ്വതന്ത്രനാക്കുകയായിരുന്നു. 2013ല്‍ ക്വറ്റയില്‍ 200പേര്‍ കൊല്ലപ്പെട്ട ബോംബാക്രമണം തുടങ്ങി നിരവധി പേരുടെ ജീവനെടുത്ത പല ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ലശ്കര്‍ ജാംഗ്‌വി ഏറ്റെടുത്തിരുന്നു.

Latest