സിറിയയില്‍ സ്‌കൂളുകള്‍ക്ക് നേരെ വ്യോമാക്രമണം; പത്ത് കുട്ടികള്‍ കൊല്ലപ്പെട്ടു

Posted on: December 24, 2014 2:58 am | Last updated: December 23, 2014 at 10:59 pm

20141223131929110734_20ദമസ്‌കസ്: സിറിയന്‍ സൈന്യം രണ്ട് സ്‌കൂളുകള്‍ക്കെതിരെ നടത്തിയ വ്യോമാക്രമണത്തില്‍ ചുരുങ്ങിയത് പത്ത് കുട്ടികള്‍ കൊല്ലപ്പെട്ടു. ദമാസ്‌കസിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ സിറിയന്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് കുട്ടികള്‍ കൊല്ലപ്പെട്ടത്. ഇദ്‌ലിബ് പ്രവിശ്യയിലെ സഫോഹന്‍ നഗരത്തിലെ ഒരു സ്‌കൂളിന് നേരെയാണ് ആദ്യ ആക്രമണം നടത്തിയത്. സൈനിക ജെറ്റുകള്‍ നിരവധി ബോംബുകള്‍ സ്‌കൂളിന് മേല്‍ വര്‍ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവിടെ ഏഴ് കുട്ടികള്‍ കൊല്ലപ്പെട്ടു. ദമസ്‌കസിലെ തന്നെ വിമതരുടെ ശക്തികേന്ദ്രമായ ദൗമയില്‍ നടത്തിയ മറ്റൊരു വ്യോമാക്രമണത്തില്‍ അഞ്ച് പേരും കൊല്ലപ്പെട്ടു. ഇവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. പരുക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സഖ്യ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. സിറിയന്‍ സൈന്യം വിവേചനരഹിതമായി നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പലപ്പോഴും നിരപരാധികളായ സാധാരണക്കാരാണ് വ്യോമാക്രമണങ്ങള്‍ക്ക് ഇരയാകാറുള്ളത്.
കഴിഞ്ഞ ദിവസം സിറിയന്‍ സൈന്യം നടത്തിയിരുന്ന മറ്റൊരു ആക്രമണത്തില്‍ നാല് കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. പത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബസിന് നേരെയായിരുന്നു അന്ന് ആക്രമണം നടന്നിരുന്നതെന്നും കൊല്ലപ്പെട്ട കുട്ടികള്‍ മുഴുവനും പത്ത് വയസ്സിന് താഴെയുള്ളവരായിരുന്നുവെന്നും മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാട്ടി.
സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യ ഭൂരിഭാഗവും അന്നുസ്‌റ ഫ്രണ്ട് എന്ന അല്‍ഖാഇദയുടെ നിയന്ത്രണത്തിലാണ്. ഇവിടുത്തെ രണ്ട് പ്രധാനപ്പെട്ട തന്ത്രപരമായ സൈനിക കേന്ദ്രങ്ങളും ഇപ്പോള്‍ ഇവരുടെ നിയന്ത്രണത്തിലാണ്.