സി പി എം കട്ടപ്പന ഏരിയാ സമ്മേളനത്തില്‍ കൂട്ട രാജി

Posted on: December 23, 2014 7:13 pm | Last updated: December 23, 2014 at 11:14 pm

തൊടുപുഴ: കട്ടപ്പന ഏരിയാ സമ്മേളനം നടക്കുന്നതിനിടെ അഞ്ച് ഏരിയാ കമ്മിറ്റി അംഗങ്ങളുടെ പരസ്യ രാജി പ്രഖ്യാപനം. രാജി പ്രഖ്യാപനവും സമ്മേളന ബഹിഷ്‌ക്കരണവും സി പി എം നേതൃത്വത്തെ ശരിക്കും വെട്ടിലാക്കുകയും ചെയ്തു. രണ്ട്ദിവസമായി കട്ടപ്പനയില്‍ നടന്നുവന്ന സി പി. എം ഏരിയാ സമ്മേളനത്തിന്റെ അവസാന ദിവസമാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
പ്രതിനിധി സമ്മേളനത്തിനിടെ 78 പ്രതിനിധികളില്‍ നിന്ന് 49 പേര്‍ ഇറങ്ങിപ്പോയി. മാത്യു ജോര്‍ജ്, പി കെ രാമചന്ദ്രന്‍, കെ എ മണി, രാധാമണി, എന്‍ സി ബിജു എന്നിവരാണു രാജിവെച്ചത്.
പിണറായി പക്ഷക്കാരനായ വ്യവസായിയെ ഏരിയാ സെക്രട്ടറിയാക്കാന്‍ ജില്ലാ നേതൃത്വം ശ്രമിച്ചതിനെ തുടര്‍ന്നാണ് രാജി പ്രഖ്യാപനമുണ്ടായത്. 49 പേര്‍ ഇറങ്ങിപ്പോയതിനെ തുടര്‍ന്ന് ശേഷിച്ച 29 പേരെ വെച്ച് പാനല്‍ അംഗീകരിച്ചു. സംസ്ഥാനത്ത് വി എസ് പക്ഷത്തിന് മേല്‍ക്കൈയുളള ഏഴ് ഏരിയാ കമ്മിറ്റികളില്‍ ഒന്നാണ് കട്ടപ്പന. ഇത് പൊളിക്കാനായിരുന്നു ഔദ്യോഗിക പക്ഷത്തിന്റെ നീക്കം. സമ്മേളനം ബഹിഷ്‌ക്കരിച്ച അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നാണു വിവരം.