തിരുത്തുമ്മല്‍ കോള്‍പടവില്‍ ബണ്ട് തകര്‍ന്നു; അഞ്ഞൂറ് ഏക്കര്‍ കൃഷിയിടം വെള്ളത്തില്‍

Posted on: December 23, 2014 9:03 am | Last updated: December 23, 2014 at 9:03 am

ചങ്ങരംകുളം: നന്നംമുക്ക്, പെരുമ്പടപ്പ് പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന തിരുത്തുമ്മല്‍ കോള്‍പടവില്‍ ബണ്ട് തകര്‍ന്ന് അഞ്ഞൂറോളം ഏക്കര്‍ കൃഷിയിടത്തിലേക്ക് വെള്ളം കയറി. പമ്പിംഗും നിലം ഉഴുതലും പൂര്‍ത്തിയായി അടുത്ത ദിവസങ്ങളിലായി നടീല്‍ തുടങ്ങാനിരിക്കെയാണ് ബണ്ട് തകര്‍ന്നത്.
രണ്ടാഴ്ചയിലേറെയായി ഇവിടെ പമ്പിംഗ് നടന്നുവരികയായിരുന്നു. ഞാറിനുവേണ്ടി തയ്യാറാക്കിയ ഞാറ്റടികള്‍ പൂര്‍ണമായും വെള്ളത്തില്‍മുങ്ങി. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ മൂക്കുതല മാക്കാലി പാടത്താണ് ബണ്ട് തകര്‍ന്നത്. ബണ്ടിന് സമീപത്ത് സ്ഥിതി ചെയ്തിരുന്ന വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറും ഏതാനും വൈദ്യുതി പോസ്റ്റുകളും വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോയി. ബണ്ടിലെ പമ്പ് ഹൗസുകള്‍ക്ക് വൈദ്യുതി വിതരണം ചെയ്തിരുന്ന ട്രാന്‍സ്‌ഫോര്‍മറാണ് വെള്ളത്തിലായത്. കെ എ ല്‍ ഡി സിയുടെ നേതൃത്വത്തില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ബണ്ടാണ് തകര്‍ന്നത്. അന്‍പത് മീറ്ററോളം ദൂരത്തിലാണ് ബണ്ട് തകര്‍ന്നത്.
ബണ്ടിന്റെ അടിത്തറക്ക് വേണ്ടത്ര ബലമില്ലാത്തതാണ് ബണ്ട് തകര്‍ച്ചക്ക് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ചെളിക്കുമീതെ മണ്ണിട്ട് നികത്തി നിര്‍മിക്കുന്ന ബണ്ടിന് വെള്ളത്തിന്റെ ഭാരം താങ്ങാന്‍ കഴിയാതെ വരുമ്പോള്‍ അടിത്തറ നിരങ്ങിയാണ് ബണ്ട് തകരുന്നത്. വെള്ളത്തിന്റെ കുത്തൊഴുക്ക് പൂര്‍ണമായും നിലച്ചതിന് ശേഷം കവുങ്ങും മരങ്ങളും ഓലയും ഉപയോഗിച്ച് തടയണ കെട്ടി മണ്ണിട്ട് നികത്തിയതിന് ശേഷം വീണ്ടും പമ്പിംഗ് നടത്തി വെള്ളം വറ്റിച്ചാല്‍ മാത്രമേ ഇവിടെ വീണ്ടും കൃഷിയിറക്കാനാകൂ. വൈദ്യുതി ബന്ധങ്ങള്‍ക്കും കാര്യമായ തകരാറ് സംഭവിച്ചതോടെ വീണ്ടും പമ്പിംഗ് ആരംഭിക്കുന്നത് നീളും. വീണ്ടും കൃഷിയിറക്കണമെങ്കില്‍ പ്രദേശത്തെ കര്‍ഷകര്‍ക്ക് ആവശ്യമായ ധനസഹായം നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. ബണ്ട് തകര്‍ച്ച നേരിട്ട സ്ഥലത്ത് നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റീന വേലായുധന്‍, കെ എല്‍ ഡി സി, റവന്യൂ ഉദ്യോഗസ്ഥര്‍, കോള്‍ സംരക്ഷണ സമിതി നേതാക്കള്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. പൊന്നാനി കോള്‍ മേഖലയില്‍ ബണ്ടു തകര്‍ച്ച നിരന്തര സംഭവമായിരിക്കുകയാണ്. ചെറുവല്ലൂര്‍ തെക്കേകെട്ട് കോള്‍പടവില്‍ കഴിഞ്ഞ ദിവസം ബണ്ട് തകര്‍ന്ന് 210 ഏക്കര്‍ കൃഷിയിടം വെള്ളത്തിലായിരുന്നു.