Connect with us

Editorial

സൂപ്പര്‍ ക്ലാസ് റൂട്ടുകളിലെ ബസ് പെര്‍മിറ്റ്

Published

|

Last Updated

സംസ്ഥാനത്തെ സൂപ്പര്‍ ക്ലാസ് റൂട്ടുകളില്‍ സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് പുതുക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുകയാണ്. കെ എസ് ആര്‍ ടി സി ഏറ്റെടുത്ത സൂപ്പര്‍ക്ലാസ് റൂട്ടുകളില്‍ നിയമവിരുദ്ധമായി പെര്‍മിറ്റ് നീട്ടിക്കൊടുക്കുന്നതിനെതിര കോടതിയുടെ ശക്തമായ ഇടപെടലുണ്ടായ സാഹചര്യത്തിലാണ് ഈ തീരുമാനം. സംസ്ഥാനത്ത് 241 സൂപ്പര്‍ ക്ലാസ് റൂട്ടുകളാണുള്ളത്. ഇതില്‍ 95 ബസുകളുടെ പെര്‍മിറ്റ് കാലാവധി തീര്‍ന്നെങ്കിലും 41 എണ്ണം മാത്രമേ കെ എസ് ആര്‍ ടി സി ഏറ്റെടുത്തിരുന്നുള്ളൂ. 51 റൂട്ടുകളുടെ പെര്‍മിറ്റ് സ്വകാര്യ ബസുകള്‍ക്ക് പുതുക്കി നല്‍കുകയാണുണ്ടായത്.
നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ എസ് ആര്‍ ടി സിയുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി 2013 ജൂലൈയിലാണ് നിയമഭേദഗതിയിലൂടെ സൂപ്പര്‍ ക്ലാസ് റൂട്ടുകളില്‍ സര്‍ക്കാര്‍ ദേശസാത്കരണം നടപ്പാക്കിയത്. പ്രസ്തുത റൂട്ടുകളില്‍ സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് കാലാവധി തീരുന്ന മുറക്ക് അവ കെ എസ് ആര്‍ ടി സിക്ക് നല്‍കാനായിരുന്നു തീരുമാനം. അതിനിടെ ജൂലൈ 10ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ദേശസാത്കരണ തീരുമാനം അട്ടിമറിക്കുകയായിരുന്നു. കെ എസ് ആര്‍ ടി സിയുടെ പക്കല്‍ ആവശ്യമായ ബസുകള്‍ ഇല്ലെന്ന കാരണം പറഞ്ഞാണ്, ദേശസാത്കരണ തീരുമാനം മരവിപ്പിക്കാനും കെ എസ് ആര്‍ ടി സിയുടെ ബസുകള്‍ തയ്യാറാകുന്ന മുറക്ക് മാത്രമേ പ്രസ്തുത റൂട്ടുകളില്‍ നിന്ന് സ്വകാര്യബസുകളെ പിന്‍വലിപ്പിക്കേണ്ടതുള്ളൂവെന്നും മന്ത്രിസഭ തീരുമാനിച്ചത്. ഇതടിസ്ഥാനത്തില്‍ സ്വകാര്യ ബസുടമകള്‍ക്ക് താത്കാലിക പെര്‍മിറ്റ് അനുവദിച്ചു കൊണ്ട് ഉത്തരവിറക്കാന്‍ ആഗസ്റ്റ് 17ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വകുപ്പ് സെക്രട്ടറിയോട് നിര്‍ദേശിക്കുകയും ചെയ്തു. മാത്രമല്ല, ഗതാഗത വകുപ്പ് അണ്ടര്‍ സെക്രട്ടറി സ്വകാര്യ ബസുകള്‍ക്ക് അനുകൂലമായി കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയമുണ്ടായി. ദേശസാത്കരണ തീരുമാനത്തിനെതിരെ സ്വകാര്യ ബസ് ലോബി കോടതിയെ സമീപിച്ചിരുന്നു. കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ലഭിക്കാതെ വന്നപ്പോഴാണ് രാഷ്ട്രീയ നേതൃത്വത്തെ സ്വാധീനിച്ചു കാര്യം നേടിയത്.
സൂപ്പര്‍ ക്ലാസ് റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ കെ എസ് ആര്‍ ടി സിക്ക് ബസില്ലെന്നത് സ്വകാര്യ ബസ് ലോബിയെ സഹായിക്കുന്നിതിന് നടത്തിയ വ്യാജ പ്രചാരണമായിരുന്നു. ദേശസാത്കരണ പദ്ധതി നടപ്പാക്കിയപ്പോള്‍, പുതുതായി 300 ബസുകള്‍ അതിലേക്കായി കെ എസ് ആര്‍ ടി സി നീക്കിവെക്കുകയും അക്കാര്യം ഗതാഗത വകുപ്പിനെ അറിയിക്കുകയും ചെയ്തതാണ്. മാസം തോറും 100 പുതിയ ബസുകള്‍ വീതം വാങ്ങി 2016 ഓടെ 1350 പുതിയ ബസുകള്‍ നിരത്തിലിറക്കുമെന്നും കോര്‍പറേഷന്‍ പ്രഖ്യാപിച്ചിരുന്നു. ഭരണ കക്ഷി നേതാക്കളുടെ സ്വന്തക്കാരോ, വേണ്ടപ്പെട്ടവരോ ആണ് സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായത്തിന്റെ തലപ്പത്തുള്ളവരില്‍ പലരും. ഇവര്‍ക്ക് വേണ്ടിയാണ് ദേശസാത്കരണ നീക്കം അട്ടിമറിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ജീവനക്കാരില്‍ നിന്ന് മുറവിളികള്‍ ഉയരുമ്പോള്‍ ചില പുനരുദ്ധാരണ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നതിലുപരി കെ എസ് ആര്‍ ടി സിയെ രക്ഷപ്പെടുത്താനുള്ള ആത്മാര്‍ഥമായ ശ്രമം ഒരു ഘട്ടത്തിലും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
അവിഹിതമായി പെര്‍മിറ്റുകള്‍ നേടിയെടുത്ത ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ അന്യായമായി അമിത ചാര്‍ജ് ഈടാക്കി യാത്രക്കാരെ പിഴിയുകയുമാണ്. ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റ് മാത്രമുള്ള പല ബസുകളും ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് സ്റ്റിക്കറുകള്‍ പതിച്ചാണ് അമിത ചാര്‍ജ് ഈടാക്കുന്നത്. ഇതിനെതിരായ യാത്രക്കാരുടെയും വിവിധ സംഘടനകളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനകളില്‍ ബസ്മുതലാളിമാരുടെ തട്ടിപ്പ് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടല്‍ മൂലം ശക്തമായ നടപടികളുണ്ടായില്ല. വ്യാജ സ്റ്റിക്കര്‍ പതിച്ച ബസുകള്‍ ഇപ്പോഴും സംസ്ഥാനത്ത് സര്‍വീസ് നടത്തുന്നുണ്ട്.
ഗത്യന്തരമില്ലാതെ സര്‍ക്കാര്‍ കോടതി മുമ്പാകെ കീഴടങ്ങിയെങ്കിലും സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നിഷേധിക്കുന്ന നിലപാട് എത്രനാള്‍ വരെ എന്ന ചോദ്യം പ്രസക്തമാണ്. ബാര്‍ മുതലാളിമാര്‍ക്കു മദ്യനയം സര്‍ക്കാര്‍ അട്ടിമറിച്ച സാഹചര്യത്തില്‍ വിശേഷിച്ചും. സമ്മര്‍ദ തന്ത്രങ്ങളുമായി സ്വകാര്യ ബസ് ലോബി ഇനിയും രംഗത്ത് വരുമ്പോള്‍ ഭരണ നേതൃത്വം അവര്‍ക്ക് വേണ്ടി പഴുതുകള്‍ തേടും. കോടതി ഇടപെടലിനെ മറികടക്കാന്‍ സൂപ്പര്‍ ക്ലാസ് റൂട്ടുകളിലോടുന്ന ആഡംബര ബസുകള്‍, കോണ്‍ട്രാക്ട് കാര്യേജുകളായി ഓടിച്ചു സമാന്തര സര്‍വീസ് നടത്താനുള്ള നീക്കമുള്ളതായും വാര്‍ത്തയുണ്ട്. ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും എല്ലാവിധ ഒത്താശയും ഇതിനുണ്ടാകുമെന്ന് കഴിഞ്ഞ കാലാനുഭവങ്ങളുടെ വെളിച്ചത്തില്‍ തറപ്പിച്ചു പറയാനാകും. ലാഭത്തില്‍ ഓടുന്ന കെ എസ് ആര്‍ ടി സി ബസുകളുടെ റൂട്ടുകളില്‍ പോലും അവയുടെ സമയത്തിനു തൊട്ടു മുമ്പായി സ്വകാര്യ ബസുടമകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്ന ഉദ്യോഗസ്ഥരാണല്ലോ മോട്ടോര്‍ വാഹന വകുപ്പിലുള്ളത്.!