Connect with us

International

വരും ആഴ്ചകളില്‍ 500ഓളം പേരെ പാക്കിസ്ഥാന്‍ തൂക്കിലേറ്റുമെന്ന് റിപ്പോര്‍ട്ട്‌

Published

|

Last Updated

ഇസ്‌ലാമാബാദ് : വരും ആഴ്ചകളില്‍ പാക്കിസ്ഥാനില്‍ 500 ഓളം തീവ്രവാദികളെ തൂക്കിലേറ്റുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. സ്‌കൂളില്‍ താലിബാന്‍ നടത്തിയ കൂട്ടക്കൊലയെത്തുടര്‍ന്ന് തീവ്രവാദ കേസുകളില്‍ വധശിക്ഷക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധം സര്‍ക്കാര്‍ എടുത്തുകളഞ്ഞതിനെത്തുടര്‍ന്നാണിത്. പെഷാവറിലെ സ്‌കൂളില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 133 കുട്ടികളടക്കം 149 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ ജനരോഷത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ചവരെ ആറ് തീവ്രവാദികളെ തൂക്കിലേറ്റിയിരുന്നു. പാക് ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആക്രമണമായ സ്‌കൂള്‍ ആക്രമണത്തെത്തുടര്‍ന്ന് വധശിക്ഷക്ക് ആറ് വര്‍ഷമായി ഏര്‍പ്പെടുത്തിയിരുന്ന മൊറട്ടോറിയം പ്രധാനമന്ത്രി നവാസ് ശരീഫ് അവസാനിപ്പിക്കുകയായിരുന്നു. തീവ്രവാദ കേസുകളില്‍ ശിക്ഷിക്കപ്പെട്ട 500 ഓളം തീവ്രവാദികളുടെ അപ്പീലുകളും ദയാഹരജികളും തള്ളിയ സാഹചര്യത്തില്‍ ഇവരുടെ വധശിക്ഷ വരുന്ന ആഴ്ചകളിലായി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വധശിക്ഷ നടപ്പാക്കുമ്പോഴുണ്ടാകുന്ന ഭീഷണികളെ നേരിടാനായി വിമാനത്താവളങ്ങള്‍ , ജയിലുകള്‍ എന്നിവിടങ്ങളിലുള്‍പ്പെടെ രാജ്യത്ത് വന്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, വധശിക്ഷ പുനഃസ്ഥാപിച്ച നടപടിക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. തീരുമാനം പുനഃപരിശോധിക്കണമെന്ന് യു എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Latest