Connect with us

Kozhikode

മതപരിവര്‍ത്തന മേളകള്‍ അനുവദിക്കരുത്‌

Published

|

Last Updated

കോഴിക്കോട്: രാജ്യത്ത് നിര്‍ബന്ധിത മതപരിവര്‍ത്തന മേളകള്‍ നടത്തി സംഘര്‍ഷത്തിനും വര്‍ഗീയ ധ്രുവീകരണത്തിനും വേണ്ടി ആസൂത്രിത നീക്കം നടത്തുന്നവരെ കരുതിയിരിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന കൗണ്‍സില്‍ അഭ്യര്‍ഥിച്ചു. നിര്‍ബന്ധിച്ച് മതത്തിലേക്ക് ആളുകളെ ചേര്‍ക്കാനുള്ള നീക്കങ്ങള്‍ ശക്തമായി എതിര്‍ക്കപ്പെടണം. സ്വമനസ്സാലെ ഒരാള്‍ക്ക് ഇഷ്ടമുള്ള മതത്തിലേക്ക് മാറാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. രാജ്യത്തിന് ഒരു ഭരണഘടനയും കൃത്യമായ സംവിധാനങ്ങളുമുണ്ടെന്ന വസ്തുത പരിവര്‍ത്തന മേളകള്‍ നടത്തുന്നവര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. കേരളത്തിലും ഇത്തരം വര്‍ഗീയ ശക്തികള്‍ ധ്രുവീകരണങ്ങള്‍ സൃഷ്ടിക്കാന്‍ കരുതിക്കൂട്ടിയുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ആലപ്പുഴ, കൊല്ലം ജില്ലകളില്‍ നടന്ന മതപരിവര്‍ത്തനമേളകള്‍ ഈ ഒരു പശ്ചാത്തലത്തിലേ കാണാന്‍ കഴിയൂ. ഇത്തരം വര്‍ഗീയ, വിഭാഗീയ ശക്തികള്‍ക്കെതിരെ മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്ന മുഴുവന്‍ ആളുകളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.
കേരളീയ സമൂഹത്തിന് ഏറെ പ്രതീക്ഷകള്‍ നല്‍കിയ സംസ്ഥാന സര്‍ക്കാറിന്റെ മദ്യവിരുദ്ധ നീക്കങ്ങള്‍ അട്ടിമറിക്കപ്പെടുന്നത് ആശങ്കാജനകമാണെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. സാമൂഹികാന്തരീക്ഷം അനുദിനം കലുഷിതമാക്കിക്കൊണ്ടിരിക്കുന്ന മദ്യ ഉപയോഗം ക്രമേണ കുറച്ചുകൊണ്ടുവരാനുള്ള നിലപാടുകള്‍ ജനങ്ങളില്‍ പ്രതീക്ഷ വളര്‍ത്തിയിരുന്നു. എന്നാല്‍, നാടകീയമായ രീതിയില്‍ ആരുടെയോ ഇംഗിതത്തിന് വഴങ്ങി തീരുമാനത്തില്‍നിന്ന് പിറകോട്ട് പോയ സര്‍ക്കാര്‍ നിലപാട് ദുരൂഹമാണെന്നും കൗണ്‍സില്‍ അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. പെഷാവര്‍ കൂട്ടക്കുരുതിയില്‍ യോഗം ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി. മനുഷ്യത്വരഹിതമായ ഇത്തരം ഹീന കൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാറുകളും എല്ലാ വിഭാഗം ജനങ്ങളും ജാഗ്രതപാലിക്കണമെന്ന് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 27, 28, മാര്‍ച്ച് ഒന്ന് തീയതികളില്‍ മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ പദ്ധതികള്‍ കൗണ്‍സില്‍ അംഗീകരിച്ചു. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍ ചര്‍ച്ച അവതരിപ്പിച്ചു. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് ത്വാഹാ സഖാഫി, അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായമംഗലം, അബ്ദുര്‍റഹ്മാന്‍ ദാരിമി കൂറ്റമ്പാറ, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം സംബന്ധിച്ചു. മുസ്തഫ കോഡൂര്‍ സ്വാഗതവും സി.പി സൈതലവി നന്ദിയും പറഞ്ഞു.