മണല്‍ ഖനന ക്രമക്കേട്; സിഡ്‌കോ എംഡി ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെ കേസ്

Posted on: December 22, 2014 9:30 pm | Last updated: December 22, 2014 at 11:30 pm

തിരുവനന്തപുരം: മണല്‍ ഖനനവുമായി ബന്ധപ്പെട്ട് 5.19 കോടിയുടെ ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ സിഡ്‌കോ മാനേജിംഗ് ഡയറക്ടറടക്കം ആറ് പേരെ പ്രതികളാക്കി വിജിലന്‍സ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. കഴക്കൂട്ടത്തെ നിര്‍ദിഷ്ട ടെലികോം സിറ്റി പദ്ധതിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് പദ്ധതി പ്രദേശത്തെ മണ്ണ് നീക്കം ചെയ്യുന്നതില്‍ സര്‍ക്കാറിന് അഞ്ച് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
സിഡ്‌കോ എം ഡി സജി ബഷീര്‍, ജനറല്‍ മാനേജര്‍ അജിത്കുമാര്‍, മണല്‍ വാങ്ങിയ ഡല്‍ഹിയിലെ സ്വകാര്യ കമ്പനി ഡയറക്ടര്‍മാരായ സോംപ്രകാശ് ഗാര്‍ഗ്, നവനേന്ദ്ര ഗാര്‍ഗ് എന്നിവരടക്കം ആറ് പേരാണ് കേസിലെ പ്രതികള്‍.
സിഡ്‌കോയുടെ ഉടമസ്ഥതയിലുള്ള കഴക്കൂട്ടം മേനംകുളത്തുള്ള 19 ഏക്കര്‍ ഭൂമിയില്‍ നിന്നും ഒരുമീറ്റര്‍ ആഴത്തില്‍ മണ്ണ് നീക്കം ചെയ്യാന്‍ ഡല്‍ഹി ആസ്ഥാനമായ സോം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കരാര്‍ നല്‍കിയിരുന്നു. എന്നാല്‍ കമ്പനി 25 മീറ്ററോളം ആഴത്തില്‍ ഖനനം നടത്തി മണ്ണു നീക്കം ചെയ്തു സര്‍ക്കാറിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് പരാതി. ചാല സ്വദേശി ദിലീപ് എന്നയാളാണ് പരാതി നല്‍കിയത്. തുടര്‍ന്ന് മൈനിംഗ് ആന്‍ഡ് ജിയോളജി വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ് പി. ശരീഫുദ്ദീനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചത്.