കഠിനശിലകള്‍ പൊടിച്ചും നീരുറവ തേടി വനിതാ കൂട്ടായ്മ പെണ്‍കരുത്തില്‍ പിറക്കുന്നത് മൂന്നാമത്തെ കിണര്‍

Posted on: December 22, 2014 9:03 am | Last updated: December 22, 2014 at 9:03 am

കാളികാവ്: പെണ്‍കരുത്തിന്റെ ബലത്തില്‍ രണ്ട് കിണുകള്‍ നിര്‍മിച്ച് ഐലാശ്ശേരിയിലെ വനിതാ കൂട്ടായ്മ ശ്രദ്ധ പിടിച്ചു പറ്റുന്നു. ആഴമുള്ള കിണറിലിറങ്ങി ചെങ്കല്ലും കരിങ്കല്ലുമെല്ലാം പൊട്ടിച്ചാണ് ജലദൗര്‍ലബ്യമുള്ള അസൈനാര്‍ പടിയില്‍ വനിതകള്‍ കിണറുകള്‍ കുഴിച്ചത്. ഇവിടത്തെ കൊമ്പന്‍ റംലത്തിന്റെ വീട്ട് മുറ്റത്തെ കിണറാണ് വനിതകള്‍ ആദ്യം യാഥാര്‍ഥ്യമാക്കിയത്.

മൊന്തയില്‍ സുന്ദരരാജന്റെ വീട്ട് മുറ്റത്തെ കിണറില്‍ പാറ പൊട്ടിച്ച് കഴിഞ്ഞ ദിവസം ജല സാനിധ്യം കണ്ടെത്തിയിരുന്നു. പ്രദേശത്ത് കിണര്‍ കുഴിക്കുന്നിടത്തെല്ലാം പാറയാണുണ്ടായിരുന്നത്. ജലനിധി പദ്ധതി വഴി ലഭിക്കുന്ന വെള്ളമായിരുന്നു ഇവര്‍ക്ക് ആശ്രയം. ഈ വെള്ളം അത്യാവശ്യങ്ങള്‍ക്കൊന്നും തികയില്ല. പിന്നെ ദുരെ ദിക്കില്‍നിന്നും വെള്ളം കൊണ്ടുവന്നാണ് ഇവര്‍ ദാഹമകറ്റിയിരുന്നത്. സുന്ദരരാജന്റെ വീട്ടുമുറ്റത്തെ കിണറിലാണ് ഇവര്‍ ഏറെ പാടുപെട്ടത്. കഠിന ശ്രമത്തിനൊടുവിലാണ് ഇവിടെ കിണര്‍ കുഴിച്ചത്. എ ഡി എസ് പ്രസിഡന്റ് മൊന്തയില്‍ നിഷയുടെ നേതൃത്വത്തിലാണ് വനിതകള്‍ കിണര്‍ യാഥാര്‍ഥ്യമായത്.
ഒറ്റകത്ത് മുത്തുബീവി, ഇ പി രാധമാണി, പൂക്കോട്ടില്‍ വിജയശ്രീ, തമ്പാനം ശ്രീജ, പൂളക്കല്‍ സുശീല, ഭാര്‍ഗവി, പൂളക്കല്‍ കമലാക്ഷി എന്നിവര്‍ നിര്‍മാണത്തിന് നേതൃത്വം നല്‍കി. ബിന്ദുവും ഷൈലജയുമാണ് മേറ്റുമാര്‍. 16,000 രൂപ മാത്രമാണ് ഒരു കിണറിന്റെ നിര്‍മാണ ചെലവ്. പഞ്ചായത്തിലെ 15-ാം വാര്‍ഡ് അംഗം എന്‍ മൂസയാണ് വനികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നത്. ആമപ്പൊയിയില്‍ ഭാഗത്ത് മുത്തു ബീവിക്കായാണ് കുടുംബ ശ്രീ വനിതകളുടെ അടുത്ത കിണര്‍ നിര്‍മാണം. അതും വിജയം കാണുമെന്നാണ് ഇവരുടെ പ്രതീക്ഷ.