Connect with us

National

സ്‌കൂളുകളില്‍ അത്യാധുനിക സുരക്ഷയൊരുക്കാന്‍ നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ പെഷാവര്‍ കൂട്ടക്കൊലയെ തുടര്‍ന്ന് രാജ്യത്തെ സ്‌കൂളുകളില്‍ അത്യാധുനിക സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൂറ്റന്‍ ചുറ്റുമതില്‍, കമ്പി വേലി, സ്‌കൂള്‍ കെട്ടിടത്തിന് ചുറ്റും വോക്കി ടോക്കി സംവിധാനത്തോടെ സായുധ സുരക്ഷാ ജീവനക്കാര്‍, സി സി ടി വി ക്യാമറകള്‍, അധിക ലൈറ്റ് സംവിധാനം തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.
ചുറ്റുമതിലിന് മൂന്ന്, നാല് ഗേറ്റുകളും ഓരോ ഗേറ്റിലും ചുരുങ്ങിയത് മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണം 24 മണിക്കൂറും വേണം. ഈ സുരക്ഷാ ക്രമീകരണങ്ങളില്‍ അധ്യാപകരും വിദ്യാര്‍ഥികളും പരിഭ്രാന്തരാകരുതെന്ന് പ്രത്യേകം നിര്‍ദേശമുണ്ട്. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നോയിഡയിലെ ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ നേരത്തെ തീരുമാനിച്ച പരിപാടികള്‍ റദ്ദാക്കി, സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അമിറ്റി, പുഷ്പ വിഹാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്‌കൂളുകളില്‍ സി സി ടി വി ക്യാമറകളും സായുധ സുരക്ഷാ ജീവനക്കാരുടെ സംരക്ഷണവും നേരത്തെയുണ്ട്. വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും നേരത്തെ തന്നെ പരിശീലനവും നല്‍കുന്നു. ഗുഡ്ഗാവിലെയും വസന്ത് വിഹാറിലെയും ശ്രീം റാം സ്‌കൂളുകളില്‍ പുറത്ത് നിന്ന് വരുന്ന വെണ്ടര്‍മാര്‍ക്ക് തിരിച്ചറയില്‍ കാര്‍ഡ് നല്‍കി. ഹൗസ് ഖാസിലെ ലക്ഷ്മണ്‍ പബ്ലിക് സ്‌കൂള്‍ ചുറ്റുമതിലിന്റെ മുകളിലുള്ള സുരക്ഷാ കമ്പി വേലി ഉയരം വര്‍ധിപ്പിച്ചു. ഗേറ്റില്‍ കൂടുതല്‍ സുരക്ഷാ ജീവനക്കാരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇത്തരം സുരക്ഷ സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തുന്നത് വിദ്യാര്‍ഥികളെ പ്രതികൂലമായ ബാധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Latest