Connect with us

Articles

ജാരസന്തതികളും രാമസന്തതികളും

Published

|

Last Updated

ഇന്ത്യന്‍ സൈക്കിന്റെ ഒരു ദൗര്‍ബല്യമാണ് സന്യാസിമാരോടുള്ള ആദരവ്. ഇതു മനസ്സിലാക്കിയിട്ടാകാം പല സന്യാസിമാരും അധികാര രാഷ്ട്രീയത്തിലേക്കു ഒരു പിന്‍വാതില്‍ പ്രവേശം നടത്തിക്കൊണ്ടിരിക്കുന്നത്. എന്തിന്, സീതയെ മോഷ്ടിച്ചുകൊണ്ടുപോകാന്‍ വന്ന രാവണന്‍ പോലും സന്യാസി വേഷം ധരിച്ചാണ് എത്തിയത്. നമ്മുടെ ചിലര്‍ സന്യാസം ഉപേക്ഷിച്ചിട്ടും അവരുടെ കാവിക്കുപ്പായവും നീട്ടിവളര്‍ത്തിയ കേശമീശാദികളും സന്യാസ നാമങ്ങളും ഉപേക്ഷിക്കാന്‍ തയ്യാറാകാതെ പൊതുവേദികളില്‍ കയറിയിറങ്ങിയുള്ള പ്രസംഗങ്ങള്‍ വഴിയും ലേഖനങ്ങള്‍ വഴിയും ജനങ്ങളെ അഭിസംബോധന ചെയ്യുന്നത് പതിവായിരിക്കുന്നു. “എന്താ സ്വാമി ഇത് എന്തിനാണ് ഈ വേഷഭൂഷാദികള്‍ ?” എന്നൊക്കെ ആരെങ്കിലും ചോദിച്ചാല്‍ ഉടന്‍ വരികയായി ഉത്തരം. “നിങ്ങള്‍ക്കു കപിലനെ അറിയാമൊ? ചാര്‍വാകനെ അറിയാമോ? അവരുടെ പിന്‍തുടര്‍ച്ചക്കാരാണ്.” അതിനാല്‍ വായില്‍ തോന്നിയത് എന്തും പറയാനും ഏതുവേഷം കെട്ടാനും അവര്‍ക്കവകാശമുണ്ട്. അതേലൊന്നും തൊട്ടുകളിക്കണ്ട. ശരിയാണ്. കപിലനെയൊ ചാര്‍വാകനെയൊ പോയിട്ട് അവരുടെ പിന്‍മുറക്കാരെപ്പോലും നമുക്കാര്‍ക്കും പരിചയമില്ല. അവരെഴുതിവെച്ചതത്രയും പില്‍ക്കാല സനാതനികള്‍ അഗ്നിഭഗവാ് ആഹാരം ആക്കിയതായിട്ടാണ് അറിയുന്നത്. അവരുടെ വാദഗതികളെ ഖണ്ഡിച്ചുകൊണ്ട് ചില പില്‍ക്കാല ആധ്യാന്മികന്മാര്‍ എഴുതിയ വിമര്‍ശക്കുറിപ്പുകള്‍ മാത്രം വായിച്ചിട്ടുള്ള നമുക്കെങ്ങനെയാണ്ചാര്‍വാക ദര്‍ശനത്തെക്കുറിച്ചും സാംഖ്യ ദര്‍ശനത്തെക്കുറിച്ചും എന്തെങ്കിലും ആധികാരികമായി പറയാന്‍ കഴിയുക?
നമ്മുടെ ഈ കഴിവില്ലായ്മയെ പരമാവധി മുതലെടുക്കുകയാണ് കേന്ദ്രമന്ത്രി നിരജ്ഞന്‍ ജ്യോതി. നിരജ്ഞന്‍ ജ്യോതി എന്നാല്‍ “നിരന്തരമായ അജ്ഞതയില്‍ പ്രകാശിക്കുന്നത്” എന്നായിരിക്കും നമ്മുടെ പരിമിതമായ സംസ്‌കൃതജ്ഞാനം നമ്മിലുളവാക്കുന്ന ധാരണ. സ്വന്തം അമ്മയച്ഛന്മാര്‍ ഓമനിച്ചു വിളിച്ച നാണുവിനെയും ജാനുവിനെയും ചക്കിയെയും ശങ്കരനെയും ഒക്കെ ഇങ്ങനെ മനുഷ്യരുടെ വായില്‍കൊള്ളാത്ത സംസ്‌കൃതവിശേഷണങ്ങള്‍ നല്‍കി ജനങ്ങളെ ഭ്രമിപ്പിക്കുന്നതെന്തിനെന്നു മനസ്സിലാകുന്നില്ല.
പാര്‍ലിമെന്റിലേക്കുള്ള ആദ്യ പ്രവേശത്തില്‍ തന്നെ മന്ത്രിയാകുക എന്നത് ചിലര്‍ക്കു മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. ആ നിലക്കു ഈ മന്ത്രിണി നിരജ്ഞന്‍ ജ്യോതി ചില്ലറക്കാരിയാകാനിടയില്ല. ഇപ്പോള്‍ അവര്‍ കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രിയാണ്. നാളെ പ്രധാനമന്ത്രിയോ പ്രസിഡന്റോ ആകാനുള്ള ജാതകയോഗം കൈവശം സൂക്ഷിക്കുന്നുമുണ്ടാകണം. നമ്മുടെ ഭാഷാശൈലിവെച്ച് പറഞ്ഞാല്‍ വിദ്യാഭ്യാസം കഷ്ടിച്ചു പത്താംക്ലാസും ഗുസ്തിയും. മന്ത്രി, മെത്രാന്‍, സന്യാസി ഇവരുടെയൊന്നും വിദ്യാഭ്യാസയോഗ്യത ആര് തിരക്കാന്‍? അല്ലെങ്കില്‍ തന്നെ ഇവര്‍ക്കൊക്കെ വിദ്യാഭ്യാസം കൊണ്ടെന്തു കാര്യം? അവരൊക്കെ അവരില്‍ തന്നെ വിദ്യയുടെ സ്രോതസ്സുകളല്ലേ!. അവര്‍ നടന്നുപോകുന്ന വഴിത്താരകളില്‍ പരവതാനി വിരിക്കുക, പുഷ്പാര്‍ച്ചന നടത്തുക. അതു മാത്രമല്ലേ രാജ്യസ്‌നേഹിയായ ഉത്തമപൗരന്റെ കടമ.! 2010 മുതല്‍ ഇന്ത്യാ മഹാരാജ്യത്തെ ആവേശിച്ച മോദിതരംഗം എന്ന സുനാമിയുടെ ഭാഗമായി രണ്ടായിരത്തിപന്ത്രണ്ടില്‍ ഉത്തര്‍പ്രദേശിലെ ഹമീര്‍പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും യു പി നിയമസഭയിലെത്തുകയും 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഫത്തേപൂര്‍ മണ്ഡലത്തില്‍ നിന്നും ലോസറസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത നമ്മുടെ ഈ സന്യാസിനി പൂര്‍വാശ്രമത്തില്‍ ഒരു മുഴുവന്‍ സമയ മതപ്രസംഗകയായിരുന്നു. ആദ്യം മതം പിന്നെ രാഷ്ട്രീയം. സാഹിത്യമോ സയന്‍സോ തത്വചിന്തയോ ഒന്നുമല്ല, മതമാണ് രാഷ്ട്രീയത്തിലേക്കുള്ള പാലം. നമ്മുടെ വസിഷ്ഠനും വിശ്വാമിത്രനും മുതല്‍ റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരം കാര്യസ്ഥന്‍ റാസ്പുടിനും ഇന്ദിരാ ഗാന്ധിയെ യോഗാഭ്യാസം പഠിപ്പിച്ച ധീരേന്ദ്രബ്രഹ്മചാരിയും വരെ നീണ്ടുകിടക്കുകയാണല്ലോ ആ പാലം. വരാനിരിക്കുന്ന നമ്മുടെ ബി ജെ പി രാഷ്ട്രീയത്തില്‍ ഇനി ഇങ്ങനെ എത്രയെത്ര കാഷായ വേഷക്കാരായിരിക്കും അവരുടെ ഭാഗ്യപരീക്ഷണത്തിനെത്തുക എന്നത് നമുക്കു കാത്തിരുന്നു കാണാം.
പശ്ചിമ ഡല്‍ഹിയിലെ ശ്യാംനഗറില്‍ ഡല്‍ഹി തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി ചേര്‍ന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോഴാണ് ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ ഇരുമണ്ഡലങ്ങളേയും പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന ഈ വിദ്വേഷപ്രസംഗം നമ്മുടെ മന്ത്രി സ്വാധി നിരജ്ഞന്‍ ജ്യോതി നടത്തിയത്.”രാമന്റെ മക്കള്‍ വേണോ ജാരസന്തതികള്‍ വേണോ ഡല്‍ഹി ഭരിക്കാന്‍ എന്ന് ഡല്‍ഹിയിലെ വോട്ടര്‍മാര്‍ തീരുമാനിക്കട്ടെ എന്നാണ് മന്ത്രിജി പറഞ്ഞുവെച്ചത്. ആരാണീ രാമന്റെ സന്തതികള്‍? ആരാണീ ജാരസന്തതികള്‍? ഒരു പാട്രിയാര്‍ക്കല്‍ സമൂഹത്തില്‍ തങ്ങള്‍ക്കിഷ്ടമില്ലാത്ത ആരെയും ആക്ഷേപിക്കാന്‍ പറ്റിയ ഒരു പദപ്രയോഗമാണ് ജാരസന്തതി എന്നത്. ഇന്ത്യ എന്ന ഈ ഭൂപ്രദേശത്തെ ഒട്ടാകെ ഭാരതമാതാവായി സങ്കല്‍പ്പിക്കുകയും ഇവിടെ ജനിച്ചുവളര്‍ന്നവരെല്ലാം ഭാരതമാതാവിന്റെ വ്യവസ്ഥാപിത ഭര്‍ത്താവില്‍ നിന്നു ജനിച്ച മക്കളും പുറം നാടുകളില്‍ നിന്നിവിടെ കുടിയേറി പാര്‍ത്തവരുടെ സന്തതിപരമ്പരകള്‍ അത്രയും ജാരസന്തതികളും എന്നാണ് നമ്മുടെ “മന്ത്രിണി” വിവക്ഷിച്ചതെന്നറിയാന്‍ അത്രവലിയ ഗവേഷണത്തിന്റെ ഒന്നും ആവശ്യമില്ല. രാമനെന്ന തദ്ദേശീയ പിതാവിന്റെയും ജാരനെന്ന വൈദേശിക പിതാവിന്റെയും മക്കളെന്ന് ഇന്ത്യാ രാജ്യത്തെ പൗരസഞ്ചയത്തെ വിഘടിതാവസ്ഥയില്‍ സങ്കല്‍പ്പിക്കുന്ന ഒന്നോ ഒന്നിലേറെയോ വ്യക്തികള്‍ നമ്മുടെ രാജ്യം ഭരിക്കുന്ന മന്ത്രിമാരുടെ കൂട്ടത്തിലുണ്ടെന്നു വരുന്നത് എത്ര കഷ്ടമാണ്.! “ഇന്ത്യാ ഈസ് മൈ കണ്‍ട്രി. ഓള്‍ ഇഡ്യന്‍സ് ആര്‍ മൈ ബ്രദേഴ്‌സ് ആന്‍ഡ് സിസ്റ്റേഴ്‌സ്” എന്ന പ്രതിജ്ഞാവാക്യം ചൊല്ലിക്കൊണ്ട് തങ്ങളുടെ അധ്യയന ദിവസം തുടങ്ങാന്‍ വിധിക്കപ്പെട്ട നമ്മുടെ വിദ്യാലയങ്ങളിലെ പരസഹസ്രം വിദ്യാര്‍ഥികളും അധ്യാപകരും എങ്ങനെ ആയിരിക്കും ഈ രാമസന്തതികളെയും ജാരസന്തതികളെയും തിരിച്ചറിയുക എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ രാഷ്ട്രത്തിന്റെ ഭാവി.
“ഒളിയമ്പിനു വിരുതനാം ശരവീരന്‍ ശ്രീരാമനു കളിയാടാനുള്ളതല്ലിനി ഈ ലോകം” എന്ന് പാടിയ നവോത്ഥാന കവി സാക്ഷാല്‍ ചങ്ങമ്പുഴ ഈ സംഘപരിവാര്‍ കാലത്ത് ജീവിച്ചിരിക്കാത്തത് നമ്മുടെ ഭാഗ്യം. ഷണ്ഡത്വം അഥവാ നപുംസകത്വം സൂര്യവംശരാജാക്കന്മാര്‍ക്കു പരമ്പരാഗതമായി കൈവന്നിട്ടുള്ളതാണെന്ന് വ്യാസനും വാത്മീകിയും ഭാസനും കാളിദാസനും എല്ലാം അര്‍ഥശങ്കക്കിടയില്ലാതെ സമര്‍ത്ഥിച്ചിട്ടുള്ളതാണ്. സന്താനോത്പാദനശേഷിയില്ലാത്ത പാണ്ഡുവിനു അഞ്ചു പുത്രന്മാരുണ്ടായത് പാണ്ഡുമഹാരാജാവിന്റെ കഴിവുകൊണ്ടൊന്നും ആയിരുന്നില്ല. അദ്ദേഹത്തിന്റെ ധര്‍മ്മപത്‌നി കുന്തിദേവിയുടെ ചില സവിശേഷ കഴിവുകള്‍ കൊണ്ടായിരുന്നു. കുന്തിദേവി പോലും ഒരു ജാരസന്തതിയായിരുന്നുവെന്നാണ് മഹാഭാരതം ആദ്യപര്‍വം 111-ാം അധ്യായം വായിക്കുന്ന ആര്‍ക്കും ബോധ്യപ്പെടുക. ശ്രീകൃഷ്ണന്റെ അച്ഛനായ വസുദേവരുടെ സഹോദരിയായിരുന്നു കുന്തി. കുന്തിയുടെ യഥാര്‍ഥ നാമധേയം പൃഥയെന്നായിരുന്നു. വസുദേവരും പൃഥയും യാദവ വംശജരായിരുന്നു. യാദവ രാജാവായ കുന്തിഭോജന് മക്കളുണ്ടാകുകയില്ലെന്ന് വ്യക്തമായപ്പോള്‍ അനന്തരാവകാശം നിലനിര്‍ത്താന്‍ വേണ്ടി തനിക്കുണ്ടാകുന്ന ആദ്യപുത്രിയെ കുന്തിഭോജന് ദത്തുപുത്രിയായി നല്‍കിക്കൊള്ളാമെന്ന വാഗ്ദത്ത പ്രകാരം ശൂരസേനന്‍ തന്റെ പുത്രി പൃഥയെ കുന്തിഭോജനു ദത്തുപുത്രിയായി നല്‍കി. അപ്രകാരം പൃഥ കുന്തിഭോജരാജസന്നിധിയില്‍ രാജകുമാരിയായി വളരുമ്പോഴാണ് അവള്‍ പാണ്ഡവ പത്‌നിയാകുന്നത്. ഇതിനിടയില്‍ കുന്തിഭോജരാജാവിന്റെ കൊട്ടാരത്തില്‍ അതിഥിയായി എത്തിയ ദുര്‍വാസാവ് മുനിക്കു സേവനങ്ങള്‍ ചെയ്തുകൊടുത്തതിന് പ്രത്യുപകാരമായി കുന്തിയെന്ന പെണ്‍കുട്ടിക്കൊരു വരം കൊടുക്കുകയുണ്ടായി. “ആരില്‍ നിന്നു നിനക്കു പുത്രോത്പാദന ശേഷിയുണ്ടാകണം എന്ന് നീ ആഗ്രഹിക്കുന്നുവോ അവരില്‍ നിന്ന് അത് സാധ്യമാകും.”
മുനി നല്‍കിയ ഈ വരം പ്രയോഗക്ഷമമാണോ എന്നറിയാന്‍ വിവാഹിതയാകുന്നതിനു മുമ്പ് തന്നെ കുന്തി സൂര്യനെ ഒന്നു പരീക്ഷിച്ചു നോക്കി. അങ്ങനെ കുന്തിയുടെ ആദ്യജാതനെന്ന നിലയില്‍ കര്‍ണ്ണന്‍ ഭൂജാതനായി. ആറ്റില്‍ ഒഴുക്കിക്കളഞ്ഞ ആ അവിഹിതസന്താനം സൂര്യപുത്രനായി വളര്‍ന്നു മഹാഭാരതകഥയില്‍ ഒരുതരം ആന്റി ഹീറോ ആയി തലയുയര്‍ത്തി നില്‍ക്കുന്നു. ദുര്‍വാസാവില്‍ നിന്നു വെറുതെ കിട്ടിയ ഈ വരം പിന്നീട് അഞ്ച് പ്രാവശ്യം കൂടി കുന്തി പ്രയോജനപ്പെടുത്തുന്നുണ്ട്. യഥാക്രമം ധര്‍മപുത്രന്‍ ധര്‍മദേവനില്‍ നിന്ന്, അര്‍ജുനന്‍ ദേവേന്ദ്രനില്‍നിന്ന്, ഭീമന്‍ വായുദേവനില്‍നിന്ന്, നകുലസഹദേവന്മാര്‍ അശ്വനി ദേവന്മാരില്‍ നിന്ന്. ഇങ്ങനെ അഞ്ച് പുത്രന്മാരുടെ, അമ്മയായ ചെയ്ത കുന്തിദേവിയാണ് പില്‍ക്കാലത്ത് പാണ്ഡവ പുത്രന്മാരുടെ അമ്മയായി പ്രകീര്‍ത്തിക്കപ്പെട്ടത്.
മഹാഭാരത കഥ വിശ്വസിക്കാമെങ്കില്‍ ഈ അഞ്ച് പേരും അവരുടെ പിതാവായി അറിയപ്പെടുന്ന പാണ്ഡുവുമായി ഒരു ബന്ധവും ആര്‍ക്കും കണ്ടെത്താനാകില്ല. പൗരാണികഭാരതത്തില്‍ നിലനിന്നിരുന്ന മാതൃദായക്രമത്തിന് (ാമേൃശമൃരവ്യ) എതിരെ ഉയര്‍ന്നു വന്ന ആദ്യത്തെ പിതൃദായക്രമ (ുമേൃശമൃരവ്യ) വെല്ലുവിളിയായിരുന്നു പാണ്ഡുവിന്റെ സഹോദരനായിരുന്ന ധൃതരാഷ്ട്രരുടെ പുത്രനായ ദുര്യോധനന്‍ ഉയര്‍ത്തുന്നതും അത് മഹാഭാരത യുദ്ധമെന്ന ഐതിഹാസിക യുദ്ധത്തില്‍ കലാശിക്കുന്നതും. സ്വന്തം പിതാവിന്റെ സന്തതികളും ജാരസന്തതികളെന്നാരോപിക്കപ്പെട്ടവരും തമ്മില്‍ നടന്ന യുദ്ധമായിരുന്നു യഥാര്‍ഥത്തില്‍ മഹാഭാരത യുദ്ധം. അതില്‍ സത്യവും നീതിയും ധര്‍മവും ഒക്കെ കൗരവപക്ഷത്തായിരുന്നിട്ടുകൂടി വിജയം പാണ്ഡവ പക്ഷത്തിനായിരുന്നു. ആ വിജയത്തിനു പിന്നിലും ഒരു ജാര ബന്ധത്തിന്റെ കഥ മഹാഭാരതം വരികള്‍ക്കിടയിലൂടെ വായിക്കുന്നവര്‍ക്ക് എളുപ്പം ഗ്രഹിക്കാവുന്നതേയുള്ളു. പാഞ്ചാലി എന്ന പാണ്ഡവപത്‌നിക്കു ലോകദൃഷ്ട്യാ അഞ്ച് ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നെങ്കിലും അവരുടെ മനസ്സില്‍ ഒരേയൊരാളെ ഉണ്ടായിരുന്നുള്ളൂ. അതു സാക്ഷാല്‍ ശ്രീകൃഷ്ണനല്ലാതെ മറ്റാരും ആയിരുന്നില്ല. പാഞ്ചാലിയുടെ അക്ഷയപാത്രത്തില്‍ മറ്റാര്‍ക്കും പ്രാപ്യമല്ലാതിരുന്ന ഒരു ചീരയില ശ്രീകൃഷ്ണനു മാത്രമായി എപ്പോഴും ബാക്കിവെച്ചിരുന്നു. ശ്രീകൃഷ്ണന്‍ എപ്പോള്‍ വന്നാലും ആ ചീരയില അവളുടെ അക്ഷയപാത്രത്തില്‍ സുരക്ഷിതമായിരിക്കും പോലും. ജാരബന്ധത്തിന് ഉദാഹരണമായി ഇതിലും മികച്ച എന്ത് ദൃഷ്ടാന്തങ്ങള്‍ ഏതു കവിക്കാണ് അനുവാചകര്‍ക്കു മുമ്പില്‍ നിരത്താനാകുക.! അവിടെയാണ് വ്യാസകവിയുടെ സാര്‍വകാലിക പ്രസക്തിക്കും കല്‍പനാവൈഭവത്തിനും മുമ്പില്‍ ആരും തലകുനിച്ചുപോകുന്നത്.
നമ്മുടെ കേന്ദ്രമന്ത്രി സ്വാധി ജ്യോതി ആരെയാണ് ജാരസന്തതികള്‍ എന്നുദ്ദേശിക്കുന്നതെന്ന കാര്യം ചിന്താശേഷി നഷ്ടപ്പെട്ടിട്ടില്ലാത്തവര്‍ സ്വയം ആലോചിച്ച് തീരുമാനിക്കട്ടെ. ജാരകഥകളില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന പുരാണേതിഹാസങ്ങളെ മുന്‍നിറുത്തി ഒരു രാജ്യത്തിനു വിചിത്രമായ പ്രത്യയശാസ്ത്രസംഹിതകള്‍ നിര്‍മിച്ചുനല്‍കാന്‍ തത്രപ്പെടുന്ന സംഘ്പരിവാര്‍ കാര്യാലയങ്ങള്‍ ഇതും ഇതിലപ്പുറവും ഈ രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉയര്‍ത്തിയെന്നു വരും. പക്ഷേ ഒന്നോര്‍ക്കുക. നിങ്ങളുയര്‍ത്തുന്ന ഇത്തരം ബാലിശമായ ആക്ഷേപങ്ങള്‍ നിങ്ങള്‍ക്കെതിരെ തിരിച്ചുവിടാനുള്ള ശേഷി ഇവിടുത്തെ മതന്യൂനപക്ഷങ്ങള്‍ ആര്‍ജിച്ചുകഴിഞ്ഞിരിക്കുന്നു. അതിനാല്‍ ഇത്തരം ബാലിശമായ ആരോപണപ്രത്യാരോപണങ്ങള്‍ നമുക്കു മതിയാക്കാം. നമ്മളെല്ലാം ഇന്ത്യക്കാരാണ്. വാഗ്ദത്തസന്തതിയും ദാസിയുടെ സന്തതിയും എന്ന ആ പഴയ വേര്‍തിരിവ് യഹൂദ പഴയനിയമത്തില്‍ നിന്ന് പൊക്കിയെടുത്തുകൊണ്ടു വന്ന് ഈ മണ്ണില്‍ മറ്റൊരു സയണിസ്റ്റു തന്ത്രം പരീക്ഷിച്ചുകളയാം എന്നാണ് സംഘ്പരിവാര്‍ ശക്തികളുടെ മനസ്സിലിരുപ്പെങ്കില്‍ അതിവിടെ നടക്കാന്‍ പോകുന്നില്ല.
ഇനി നമുക്കു രാമായണത്തിലെ ശ്രീരാമനിലേക്കു വരാം. കുലമഹിമയില്‍ ഇത്രയധികം പ്രകീര്‍ത്തിക്കപ്പെട്ട മറ്റൊരു രാജാവ് ഭാരതവര്‍ഷത്തില്‍ വേറെയില്ല. ഇക്ഷ്വാകു വംശത്തിന്റെ ഉല്‍പ്പത്തി സാക്ഷാല്‍ മഹാവിഷ്ണുവില്‍ നിന്ന് തുടങ്ങുന്നു. ( മഹാഭാരതം വനപര്‍വം അധ്യായം 274. പദ്യം -6) ദശരഥ മഹാരാജാവ് നാട്ടുവീരന്‍, ഭരണനിപുണന്‍ പറഞ്ഞിട്ടെന്ത് പരമ്പരാഗതമായി കൈവന്ന ഷണ്ഡത്വം. മൂന്ന് ഭാര്യമാരുണ്ടായിരുന്നിട്ടും അവരെ വേണ്ടപോലെ ഉഴുതു മറിച്ചിട്ടും ഫലമൊന്നം ഉണ്ടായില്ല. ഒടുവില്‍ ബുദ്ധിരാക്ഷസനായ വസിഷ്ഠമുനി തന്നെ വഴി കണ്ടെത്തി. ഋശ്യശൃംഗമുനിയെ വരുത്തി പുത്രകാമേഷ്ടി യാഗം നടത്തുക. ഇന്നത്തെപ്പോലെ അന്നും നമ്മുടെ ദിവ്യാത്ഭുത തട്ടിപ്പുകാരായ ആള്‍ ദൈവങ്ങള്‍ ഭരണാധികാരികളെ ഇട്ട് അമ്മാനം ആടുന്നതിന്റെ ദൃഷ്ടാന്തമാണ് കമ്പരാമായണം. ബാലകാണ്ഡത്തിലും മറ്റു രാമായണ കഥാഭാഗങ്ങളില്‍ നിന്നും ഒരു ശരാശരി അനുവാചകനു ഗ്രഹിക്കാനാകുന്നത്. ഋശ്യശൃംഗമഹര്‍ഷി യാഗാഗ്നിയില്‍ നിന്ന് വീണ്ടെടുത്ത കനകപാത്രത്തിലെ സവിശേഷമായ പായസം സേവിച്ച കൗസല്യയും കൈകേയിയും സുമിത്രയും യഥാവസരം ഗര്‍ഭം ധരിച്ചു. അവര്‍ യഥാക്രമം രാമന്‍ , ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നീ പുതന്മാരെ പ്രസവിച്ചു. ഈ പ്രസവകഥയിലും ആരെങ്കിലും ജാരബന്ധം ആരോപിച്ചാല്‍ അവരെ ആര്‍ക്കാണ് കുറ്റപ്പെടുത്താനാവുക ?
മനുഷ്യ ചരിത്രത്തെ എപ്പോഴും പിന്നോട്ട് പിടിച്ചു തിരിക്കുന്ന ഒരു സാങ്കല്പിക ചക്രമാണ് വംശശുദ്ധി വാദം. സമകാലിക ശാസ്ത്രസാങ്കേതിക വിദ്യകള്‍ക്കനുരൂപമായി ചിട്ടപ്പെടുത്തിയ ഒരു ആധുനിക മനസ്സില്‍ ഇന്ന് വംശശുദ്ധി സിദ്ധാന്തത്തിനു യാതൊരു പ്രസക്തിയുമില്ല, പരിഷ്‌കൃത ലോകത്തില്‍ ഒരിടത്തും ഇന്ന് ഇത്തരത്തില്‍ ഒരു വംശശുദ്ധി വാദം നിലനില്‍ക്കുന്നില്ല. ആ നിലക്കെന്തിനായിരിക്കാം ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ ഇരുമണ്ഡലങ്ങളുടെയും സാധാരണ പ്രവര്‍ത്തനങ്ങളെ ദിവസങ്ങളോളം സ്തംഭിപ്പിക്കുമെന്നുറപ്പുണ്ടായിട്ടുകൂടി ഒരു സംഘ്പരിവാര്‍ മന്ത്രി ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെടുത്തി ഇങ്ങനെ ഒരു വിവാദപ്രസ്താവന നടത്തിയത്? ഉത്തരം വ്യക്തമാണ്. നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വിഭാവന ചെയ്യുന്ന രാമരാജ്യ സങ്കല്‍പ്പം തൊണ്ട തൊടാതെ വിഴുങ്ങാന്‍ ഇന്ത്യന്‍ ജനത പാകമായിട്ടുണ്ടോ എന്നറിയാനുള്ള ഒരു ലഘുപരീക്ഷണം! ഒരു സഹമന്ത്രി ഇപ്രകാരം തങ്ങള്‍ക്കു വോട്ട് ചെയ്യാത്തവരെല്ലാം ജാരസന്തതികളും തങ്ങള്‍ മാത്രം യഥാര്‍ഥ പിതൃസന്തതികളും എന്നവകാശപ്പെട്ടുകൊണ്ട് പ്രസംഗിക്കുമ്പോള്‍, അതുകേട്ട് നമ്മള്‍ മിണ്ടാതിരുന്നാല്‍ നാളെ ഇതിലും മുന്തിയ മന്ത്രിമാര്‍ നമ്മള്‍ ഇന്ത്യക്കാരെക്കുറിച്ച് എന്തൊക്കെയായിരിക്കും പറയാന്‍ പോകുന്നതെന്ന് ആര്‍ക്കറിയാം.!
കെ സി വര്‍ഗീസ്, 9446268581

---- facebook comment plugin here -----

Latest