ഇത് ചരിത്രം, മാനവ സാക്ഷ്യം

Posted on: December 22, 2014 2:19 am | Last updated: December 22, 2014 at 9:15 am

04മര്‍കസ് നഗര്‍: ജനമഹാസാഗരം തീര്‍ത്ത് മര്‍കസ് ഒരിക്കല്‍ കൂടി ചരിത്രമെഴുതി. ഒഴുകിയെത്തിയ ജനസഞ്ചയം മുന്നേറ്റത്തിന്റെ നേര്‍സാക്ഷ്യമായ സായാഹ്നത്തിലെ ആഗോള മുസ്‌ലിം സമ്മേളനത്തോടെ മര്‍കസ് വാര്‍ഷികത്തിന് പ്രൗഢമായ പരിസമാപ്തി. ചരിത്രപുസ്തകത്തിന് സൂക്ഷിച്ചുവെക്കാന്‍ പുതിയൊരിതള്‍ പിറക്കുകയായിരുന്നു ഇന്നലെ. ജനമൊഴുക്കിന് മുന്നില്‍ വീര്‍പ്പുമുട്ടിയ മര്‍കസ് നഗര്‍, ഈ പ്രവാഹം തടയാന്‍ ആര്‍ക്കുമാകില്ലെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചു. പതിനെട്ട് രാഷ്ട്രങ്ങളില്‍ നിന്നുള്ള പണ്ഡിതര്‍ അണിനിരന്ന സമ്മേളനവേദി മുസ്‌ലിം ലോകത്തിന്റെ പരിച്ഛേദമായി. മര്‍കസ് സൃഷ്ടിച്ച അക്ഷരവിപ്ലവവും സുന്നി സംഘടനകളുടെ അജയ്യതയും മേളിക്കുന്നതായിരുന്നു സമാപന സമ്മേളനം. രാവിലെ മുതല്‍ മര്‍കസ് ലക്ഷ്യമാക്കി ജനം ഒഴുകി തുടങ്ങിയിരുന്നു. വൈകുന്നേരമായതോടെ അതൊരു മഹാപ്രവാഹമായി മാറി.
അപൂര്‍വതകള്‍ നിറഞ്ഞ സമ്മേളനം അമ്പരപ്പോടെയാണ് വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ വീക്ഷിച്ചത്. പലര്‍ക്കും ഇങ്ങനെയൊന്ന് ആദ്യ അനുഭവമായിരുന്നു. പ്രസംഗത്തില്‍ പലരും അത്ഭുതം മറച്ചുവെച്ചില്ല. വൈകുന്നേരം അഞ്ച് മണിയോടെ തന്നെ സമാപന സമ്മേളനത്തിന് തുടക്കമായി.
സമാപന സമ്മേളനത്തില്‍ 724 പേര്‍ക്ക് സനദ് നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മര്‍കസിന്റെ സാരഥിയും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തി. മുസ്‌ലിം മുന്നേറ്റത്തിനുള്ള പുതിയ ദിശ നിര്‍ണയിക്കുന്നതായിരുന്നു കാന്തപുരത്തിന്റെ പ്രസംഗം. ഇന്ത്യന്‍ മുസ്‌ലിംകളുടെ വര്‍ത്തമാനകാല സാഹചര്യം വിശദീകരിച്ച കാന്തപുരം മര്‍കസിന്റെ സഞ്ചാരപഥങ്ങള്‍ വരച്ചുകാട്ടി.
മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. വേള്‍ഡ് മുസ്‌ലിം ലീഗ് ഉപദേഷ്ടാവ് ശൈഖ് ഹാശിം മുഹമ്മദ് അല്‍ മഹ്ദി (മക്ക), ഉസ്‌ബെക്കിസ്ഥാന്‍ ഗ്രാന്‍ഡ് മുഫ്തി മുഹമ്മദ് യൂസുഫ് മുഹമ്മദ് സ്വാദിഖ്, ഒമാന്‍ ഫത്‌വ ബോര്‍ഡ് സെക്രട്ടറി ശൈഖ് അഫ്‌ലഹ് അല്‍ ഖലീലി, ജിദ്ദ അസീസിയ മേയര്‍ ശൈഖ് ഉസ്മാന്‍ ബിന്‍ യഹ്‌യ അല്‍ ശഹ്‌രി, സഊദി രാജകുടുംബത്തിന്റെ പ്രത്യേക ഉപദേഷ്ടാവ് ശൈഖ് അബ്ദുല്ല അല്‍ ഉബൈദി അല്‍ ഖുസാലി, ബഗ്ദാദ് ഇമാം ശൈഖ് അനസ് മുഹമ്മദ് ഖലഫ്, സഊദി അഡ്മിനിസ്‌ട്രേഷന്‍ ജഡ്ജ് ശൈഖ് അബ്ദുര്‍റഹ്മാന്‍ അബ്ദുല്ല അല്‍ ലുഹൈദാന്‍, മലേഷ്യയിലെ അന്താരാഷ്ട്ര ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി അക്കാദമിക് അഫേഴ്‌സ് ഡയറക്ടര്‍ ഡോ. അഹമദ് ബസ്വരി ബിന്‍ ഇബ്‌റാഹിം, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, മര്‍കസ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി, മുന്‍ കേന്ദ്ര മന്ത്രി സി എം ഇബ്‌റാഹിം, കര്‍ണാടക സംസ്ഥാന എസ് എസ് എഫ് വൈസ് പ്രസിഡന്റ് അബ്ദുര്‍റശീദ് സഖാഫി കക്കിഞ്ച, റോസ്‌നാമ രാഷ്ട്രീയ സഹാറ ഗ്രൂപ്പ് എഡിറ്റര്‍ സയ്യിദ് ഫൈസല്‍ അലി ശിഹാബ്, മന്‍സൂര്‍ അലി ഹാജി ചെന്നൈ പ്രസംഗിച്ചു. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി സ്വാഗതവും ബി പി സിദ്ദീഖ് ഹാജി നന്ദിയും പറഞ്ഞു.