മാനവ സാക്ഷ്യം

    Posted on: December 21, 2014 10:32 pm | Last updated: December 21, 2014 at 10:32 pm

    AP USTHADമര്‍കസ് നഗര്‍: വയനാടന്‍ പാതയിലൂടെ സുന്നികേരളം കുത്തിയൊഴുകിയെത്തി, ത്രിവര്‍ണപതാകകള്‍ക്ക് അകമ്പടിയായി തക്ബീര്‍ ധ്വനികളുയര്‍ന്നു, ഉയര്‍ന്നു കേട്ട സ്‌നേഹസന്ദേശങ്ങള്‍, പ്രാര്‍ഥനാ മന്ത്രങ്ങള്‍, വീര്‍പ്പു മുട്ടിയ ജനമഹാ സാഗരം…… മലയാളി മുസ്‌ലിമിന് വിജ്ഞാനത്തിന്റെ കൊടിയടയാളം തീര്‍ത്ത മര്‍കസ് വീണ്ടും ചരിത്ര പുസ്തകത്തില്‍ അടിവരയിട്ട അക്ഷരങ്ങളായി. നാട് കണ്ണും കാതും തുറന്നു വെച്ച മഹാസംഗമത്തിലേക്ക് പരന്നൊഴുകുകയായിരുന്നു അവര്‍. അറിവും അക്ഷരവും കാരുണ്യവും പെയ്യുന്ന മഹാസൗധത്തിലേക്ക് ചെറുതുള്ളികളായി വന്നണഞ്ഞു അവര്‍. പല വഴികളില്‍ നിന്ന് ഒഴുകിതുടങ്ങി അറിവിന്റെ മഹാസൗധത്തില്‍ ഒന്നിച്ചുചേര്‍ന്നു. മുപ്പത്തിയേഴാണ്ടിന്റെ സ്‌നേഹസാന്നിധ്യമായി കുതിപ്പ് തുടരുന്ന ഈ വൈജ്ഞാനിക കേന്ദ്രത്തെ മനസ്സിലേറ്റുകയായിരുന്നു വയനാടന്‍ പാതയിലെത്തി തങ്ങി നിന്ന ജനസഞ്ചയം. ആത്മീയനേതൃനിരയിലെ മഹാസാന്നിധ്യങ്ങളും, നാടിന് അറിവക്ഷരങ്ങള്‍ പകര്‍ന്നു നല്‍കാന്‍ അംഗീകാരപത്രം കൈയിലേന്തിയ യുവപണ്ഡിത പ്രതിഭകളും, നഗരിയില്‍ ഇടംപിടിച്ച പതിനായിരങ്ങളും പിന്നീടങ്ങോട്ട് ഒഴുകിപ്പരന്ന വിശ്വാസി ലക്ഷങ്ങളും ഒരു ചരിത്രപിറവിയുടെ സാക്ഷികളായി. മര്‍കസിന്റെ മറ്റൊരു മഹാസമ്മേളനത്തിലേക്ക് കാത്തിരിപ്പോടെ പ്രാര്‍ഥനയോടെയെത്തിയവര്‍ 37 ാം വാര്‍ഷിക സമ്മേളനം നേരിന്റെ മഹാസാക്ഷ്യമാക്കി.

    കേരളത്തിന്റെ വന്‍പാതകളും കുറുക്കുവഴികളും ഇന്നലെ കാരന്തൂരിലേക്കായിരുന്നു. ആദര്‍ശത്തിന്റെ കൊടിക്കൂറയേന്തിയവരും സ്‌നേഹസന്ദേശം മുഴക്കിയെത്തിവരും ധാര്‍മിക പ്രസ്ഥാനത്തിന്റെ ആസ്ഥാന കേന്ദ്രത്തില്‍ വെണ്‍മ പടര്‍ത്തിയവരും രാവിലെ മുതല്‍ തന്നെ കോഴിക്കോടിന്റെ ആവേശമായി മാറിയിരുന്നു. ചെറുപ്രകടനങ്ങളും കൊച്ചുസംഘങ്ങളും നാനാ ദിക്കുകളില്‍ നിന്നുമെത്തിയ പ്രവര്‍ത്തകരുടെ കൂട്ടങ്ങളും ഉച്ചയോടെ തന്നെ മര്‍കസിലേക്ക് നീങ്ങി കൊണ്ടിരുന്നു. ഉച്ചവെയില്‍ മാഞ്ഞു തുടങ്ങിയതോടെയത് വന്‍ പ്രവാഹമായി. സമാപന സമ്മേളനം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ നഗരി തിങ്ങി നിറഞ്ഞു. പിന്നീടങ്ങോട്ട് ആളും ആവേശവും കിലോമീറ്ററുകളോളം റോഡിലേക്ക് പടര്‍ന്നു പന്തലിക്കുകയായിരുന്നു. കിലോമീറ്ററുകള്‍ നടന്നാണ് പലരും നഗരിയിലെത്തിയത്. പിന്നീടെത്തിയവര്‍ക്ക് വഴിയോരങ്ങളിലെ സ്‌ക്രീനുകളും ഉച്ചഭാഷിണികളുമായിരുന്നു അഭയം. സമുദായത്തിന്റെ കുതിപ്പിനുള്ള ആവേശവും ഇന്ധനവും പകര്‍ന്ന സുന്നി കേരളത്തിന്റെ മുന്നണിപ്പോരാളികളുടെ സംഗമം അസര്‍ നിസ്‌കാരാന്തരം ആരംഭിച്ചു.
    മര്‍കസ് പ്രസിഡന്റ് സയ്യിദലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് എം എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. 827 സഖാഫി ബിരുദദാരികളാണ് ഇന്ന് സനദ് സ്വീകരിക്കുന്നത്. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തി. അബൂദാബി ഖലീഫ ബിന്‍ സായിദ് ഫൗണ്ടേഷന്‍ സീനിയര്‍ പ്രൊജക്ട് എന്‍ജീനീയര്‍ അലി മുഹമ്മദ് ആല്‍ സുവൈദി, ഇന്ത്യയിലെ യു എ ഇ അംബാസഡര്‍ സഈദ് മുഹമ്മദ് അല്‍ മുസൈരി, സഊദി രാജകുമാരന്‍ അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്‍ അസീസിന്റെ പ്രതിനിധി ശൈഖ് ഫഹദ് അലി അബുശനാന്‍, പോള്‍ അബ്ദുല്‍ വദൂദ് ലണ്ടന്‍, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, മുന്‍ കേന്ദ്ര മന്ത്രിയും കര്‍ണാടക ആസൂത്രണ ബോര്‍ഡ് അധ്യക്ഷനുമായ സി എം ഇബ്‌റാഹീം, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി തുടങ്ങി പ്രമുഖരാണ് സമാപന സമ്മേളനത്തില്‍ സംസാരിക്കുന്നത്. സയ്യിദന്‍മാരും പണ്ഡിതന്‍മാരുമുള്‍പ്പെടെ ആഗോളപ്രതിനിധികളുമുള്‍പ്പെടെ പ്രമുഖരുടെ സാന്നിധ്യം സമ്മേളനത്തെ പ്രൗഢമാക്കും.