മര്‍കസ് സമ്മേളനം ചരിത്രമായി; ഇനി താജുല്‍ ഉലമ നഗറില്‍ ചരിത്രമെഴുതാനുള്ള കാത്തിരിപ്പ്

  Posted on: December 21, 2014 10:26 pm | Last updated: December 21, 2014 at 10:26 pm

  MARKAZ CONFമര്‍കസ് നഗര്‍: മുസ്‌ലിം കേരളത്തെ വഴിനടത്തിയ പണ്ഡിത കലാലയ മുറ്റത്ത് ഒരിക്കല്‍ കൂടി ചരിത്രം പിറന്നിരിക്കുന്നു. ഇനി പ്രാസ്ഥാനിക മുന്നേറ്റത്തിന്റെ മഹാപ്രവാഹമായി ആദര്‍ശപ്പട മലപ്പുറം താജുല്‍ ഉലമ നഗറില്‍ സംഗമിക്കും. മര്‍കസ് സമ്മേളനം ജനലക്ഷങ്ങളുടെ സംഗമത്തോടെ സമാപിച്ചതോടെ ഇനി മുസ്‌ലിം കൈരളിയുടെ കാത്തിരിപ്പ് മലപ്പുറം താജുല്‍ ഉലമ നഗറിലേക്കാണ്. 2015 ഫെബ്രുവരി 27, 28, മാര്‍ച്ച് 1 തിയ്യതികളില്‍ മലപ്പുറം താജുല്‍ ഉലമ നഗറില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനമാണ് ഇനി സുന്നിസംഘ കുടുംബത്തിന്റെ ശക്തിപ്രകടനം.

  മര്‍കസ് സമ്മേളനത്തിന്റെയും എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെയും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഒന്നിച്ചു മുഴുകിയിരുന്ന പ്രവര്‍ത്തകര്‍ ചരിത്രസംഗമത്തോടെ മര്‍കസ് സമ്മേളനം സമാപിച്ച ആവേശത്തിലാണ്. കേരളത്തിന്റെ ഗ്രാമനഗര ഹൃദയങ്ങള്‍ ഏറ്റെടുത്ത എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനം കേരളത്തിലെ മുസ്‌ലിം ചരിത്രമുന്നേറ്റങ്ങളില്‍ ഈടുറ്റതാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവര്‍ത്തകര്‍.
  മര്‍കസ് സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എസ് വൈ എസ് സമ്മേളനത്തിന്റെ പ്രചാരണത്തിനും എസ് വൈ എസ് സമ്മേളനത്തിന്റെ പ്രചാരണത്തിനായുള്ള പദ്ധതികള്‍ മര്‍കസ് സമ്മേളന വിജയത്തിനുമായി ഉപയോഗപ്പെടുത്തിയ പ്രവര്‍ത്തകര്‍ ഇരട്ടനേട്ടത്തിന്റെ ആഹ്ലാദത്തിലാണ്. കേരളത്തിലുടനീളം ഇരു സമ്മേളനങ്ങള്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിരുന്നത്. മര്‍കസ് സമ്മേളനം വിജയകരമായി സമാപിച്ചതോടെ ഇനി എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനം ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് പ്രവര്‍ത്തകര്‍. വയനാട് കല്‍പ്പറ്റയില്‍ നടന്ന എസ് വൈ എസ് സമ്മേളന പ്രഖ്യാപനം മുതല്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന പ്രവര്‍ത്തകരുടെ ആവേശത്തിന് ഇനി ഗതിവേഗം കൂടും.
  കേരളത്തിലെ മുസ്‌ലിം സമൂഹം ഇന്നുവരെ നേടിയ മുഴുവന്‍ മുന്നേറ്റങ്ങള്‍ക്കും ശില പാകിയ എസ് വൈ എസിന്റെ അറുപതാം വാര്‍ഷികം ചരിത്രസംഭവമാകുമെന്നതിന്റെ സൂചനകളാണ് കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിലെ പ്രചാരണ ചിത്രങ്ങള്‍ നല്‍കുന്ന സൂചന. അറുപതിന്റെ കരുത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും സ്പര്‍ശിക്കുന്ന കര്‍മപദ്ധതികളോടെയാണ് സമ്മേളന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആതുരസേവനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനത്തിനും ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്കുമായി സമ്മേളന കാലയളവില്‍ പ്രത്യേക പദ്ധതികളാണ് നടപ്പിലാക്കുന്നത്.
  യുവാക്കളുടെ ഊര്‍ജം സമൂഹത്തിന് മാതൃകാപരമായി വിനിയോഗിക്കാനുള്ള ഇടപെടലുകളും സമ്മേളനത്തിന്റെ ഭാഗമായി നടന്നുവരികയാണ്. സുന്നിസംഘ കുടുംബത്തില്‍ നടന്നു വന്നിരുന്ന സമ്മേളന ഉണര്‍ത്തുപാട്ടുകള്‍ പൊതുസമൂഹത്തിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും.