Connect with us

Malappuram

ദേശീയ ഗെയിംസിനെ വരവേല്‍ക്കാന്‍ ജില്ലയില്‍ 840 കേന്ദ്രങ്ങളില്‍ കൂട്ടയോട്ടം

Published

|

Last Updated

മലപ്പുറം: ദേശീയ ഗെയിംസിന്റെ പ്രചാരണത്തിനായി അടുത്തമാസം 20ന് നടക്കുന്ന “റണ്‍ കേരള റണ്‍” കൂട്ടയോട്ടത്തില്‍ ജില്ലയിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ പ്രായഭേദമെന്യേ പങ്കെടുക്കും. എം ഉമ്മര്‍ എംഎല്‍ എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ ബിജു കൂട്ടയോട്ടവുമായി ബന്ധപ്പെട്ട ഏകോപന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
സംഘാടനവും ഏകോപനവും സാധ്യമാക്കുന്നതിനായി ജില്ലയില്‍ 840 കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ നിന്നും 200 മുതല്‍ 800 മീറ്റര്‍ വരെയാണ് കൂട്ടയോട്ടം നടത്തുക. പൊന്നാനി മുതല്‍ നിലമ്പൂര്‍ വരെയുള്ള ദൂരത്ത് തടസങ്ങളില്ലാതെ കൂട്ടയോട്ടം നടത്തുന്നതിന് അതതു ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ ചുമതലപ്പെടുത്തി.
840 കേന്ദ്രങ്ങളിലും പ്രമുഖര്‍ നയിക്കും: കൂട്ടയോട്ടം നടക്കുന്ന 840 കേന്ദ്രങ്ങളില്‍ കായിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ കൂട്ടയോട്ടത്തിന് നേതൃത്വം നല്‍കും. ഒരു കിലോമീറ്ററിനു താഴെയായാണ് ഓരോ പോയിന്റുകളും നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 10.30 ന് സംസ്ഥാനത്താകെ ഒരേ സമയത്ത് കൂട്ടയോട്ടം തുടങ്ങും. ദേശീയ ഗെയിംസിന്റെ തീം സോംഗ് ആലപിച്ച് പ്രതിജ്ഞയെടുത്തതിന് ശേഷമാണ് കൂട്ടയോട്ടം തുടങ്ങുക. ഒരു പോയിന്റില്‍ നിന്നും 500 മുതല്‍ 1000 പേര്‍ വരെ പങ്കെടുക്കും.
മെഗാ റണ്‍ നടത്തുന്ന ജില്ലാ ആസ്ഥാനത്തും താലൂക്ക് കേന്ദ്രങ്ങളിലും കൂടുതല്‍ പേരെ പങ്കെടുപ്പിക്കും. പഞ്ചായത്ത്-താലൂക്ക് തല ഏകോപനം: ജനുവരി ആദ്യവാരം തന്നെ പഞ്ചായത്ത് തലത്തില്‍ സംഘാടക സമിതി രൂപവത്കരിക്കും. ഓരോ പോയിന്റിലും ഒരു ജനപ്രതിനിധിക്ക് ചുമതല നല്‍കും.
വിദ്യാഭ്യാസ വകുപ്പ്, കലാ-കായിക സംഘടനകള്‍ എന്നിവരെയും പങ്കാളികളാക്കിയാണ് സംഘാടക സമിതി രൂപവത്കരിക്കുക. എ ഡി എം എം ടി ജോസഫ്, അസി. കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് സി കെ എ റസാഖ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ ശ്രീകുമാര്‍ സംസാരിച്ചു.
എന്‍ എസ് എസ്
ക്യാമ്പ് ഇന്ന് തുടങ്ങും
കൊളത്തൂര്‍: സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികാസം എന്ന വിഷയത്തില്‍ പുലാമന്തോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് യൂനിറ്റിന്റെ സപ്തദിന ക്യാമ്പിന് വൈവിധ്യമായ പരിപാടികളോടെ ഇന്ന് തുടങ്ങും. വളപുരം ജി യു പി സ്‌കൂളില്‍ നടക്കുന്ന ക്യാമ്പ് പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ഉദ്ഘാടനം ചെയ്യും. സമ്പൂര്‍ണ ശുചിത്വ ഗ്രാമപദ്ധതി, യോഗ പരിശീലനം, പ്ലാസ്റ്റിക് മുക്തഗ്രാമം, കുടിവെള്ള പരിശോധന, ആരോഗ്യ ബോധവത്കരണം എന്നിവ സ്‌കൂള്‍ പ്രദേശത്തെ നൂറോളം വീടുകളില്‍ നടപ്പാക്കും.
ഫുട്‌ബോള്‍
ടൂര്‍ണമെന്റ്
പെരിന്തല്‍മണ്ണ: ചെറുകര അക്ഷയ കലാ-കായിക സമിതി സംഘടിപ്പിക്കുന്ന ഏകദിന ഫഌഡ്‌ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍ ഈമാസം 27ന് നടത്തും. താല്‍പര്യമുളള ടീമുകള്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടുക: 9961991181, 9846692496, 9037991181.

---- facebook comment plugin here -----

Latest