വി എ അരുണ്‍കുമാറിനെതിരെ വീണ്ടും വിജിലന്‍സ് കേസ്

Posted on: December 20, 2014 11:34 pm | Last updated: December 20, 2014 at 11:34 pm

arun kumarതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിനെതിരെ വീണ്ടും വിജിലന്‍സ് കേസ്. കയര്‍ഫെഡ് എം ഡി ആയിരിക്കെ നടത്തിയ ക്രമക്കേടുകളുടെ പേരിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. പൂജപ്പുരയിലെ പ്രത്യേക അന്വേഷണസംഘം എസ് പി. എസ് ശശിധരനാണ് എഫ് ഐ ആര്‍ സമര്‍പ്പിച്ചത്.
1999-2001 കാലത്ത് ചേര്‍ത്തലയില്‍ കയര്‍ഫെഡിന്റെ ഗോഡൗണ്‍ നിര്‍മിച്ചതില്‍ സര്‍ക്കാറിന് നഷ്ടം വരുത്തിയെന്ന കേസിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. നിര്‍മാണ പ്രവൃത്തിയില്‍ 47 ലക്ഷത്തില്‍പ്പരം രൂപയുടെ അഴിമതി നടന്നുവെന്നാണ് പരാതി. പി ഡബ്ല്യു ഡി നിരക്കിനേക്കാള്‍ ഉയര്‍ന്ന തുകക്ക് കരാര്‍ നല്‍കിയതിലൂടെ സര്‍ക്കാറിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും എഫ് ഐ ആറില്‍ പറയുന്നു. അരുണ്‍കുമാര്‍ ഒന്നാം പ്രതിയായ കേസില്‍, കണ്‍സള്‍ട്ടന്റ് പി കെ രമേശ് രണ്ടാം പ്രതിയും കോണ്‍ട്രാക്ടര്‍ മൂന്നാം പ്രതിയുമാണ്.