Connect with us

Malappuram

തെക്കേകെട്ട് കോള്‍പടവില്‍ ബണ്ട് തകര്‍ന്നു; 120 ഏക്കര്‍ കൃഷിയിടം വെള്ളത്തില്‍

Published

|

Last Updated

ചങ്ങരംകുളം: പെരുമ്പടപ്പ് പഞ്ചായത്തിലെ ചെറുവല്ലൂര്‍ തെക്കേ കെട്ട് കോള്‍പടവില്‍ ബണ്ട് തകര്‍ന്നു. പമ്പിംഗ് പൂര്‍ത്തിയായി അടുത്തയാഴ്ച കൃഷിയിറക്കാനിരിക്കെയാണ് ബണ്ട് തകര്‍ന്നത്.
വെള്ളം വറ്റിച്ച് കൃഷിയിറക്കാറായ 120 ഏക്കര്‍ കൃഷിയിടമാണ് ഇതോടെ വെള്ളത്തില്‍ മുങ്ങിയത്. നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി രണ്ടാഴ്ചയിലേറെയായി പമ്പിംഗ് നടന്നുവരികയായിരുന്നു. 50 മീറ്റര്‍ ദൂരത്തിലാണ് ബണ്ട് പൂര്‍ണമായും തകര്‍ന്നത്. നിലം ഉഴുത് അടുത്തയാഴ്ച കൃഷിയിറക്കാനിരിക്കുകയായിരുന്നു. കൃഷിക്കുവേണ്ടി ഒരുക്കിയ ഞാറുകളും ഇതോടൊപ്പം വെള്ളത്തിലായിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബണ്ടിന്റെ പലഭാഗങ്ങളിലും വിള്ളല്‍ രൂപപ്പെട്ടിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കെ എല്‍ ഡി സി ഉദ്യോഗസ്ഥര്‍ അറ്റകുറ്റപണിക്ക് നിര്‍ദേശവും നല്‍കിയിരുന്നു. ഇതിനിടയിലാണ് ബണ്ട്തകര്‍ന്നത്. തകര്‍ന്ന ബണ്ട് ഉടന്‍ തന്നെ പുനര്‍നിര്‍മിച്ച് കൃഷിയിറക്കാന്‍ വേണ്ട സംവിധാനം അടിയന്തിരമായി ഒരുക്കണമെന്നാണ് കര്‍ഷരുടെ ആവശ്യം. ബണ്ട് നിര്‍മാണം വൈകുന്നത് കൃഷി ആരംഭിക്കുന്നത് വൈകുന്നതിനും ജലക്ഷാമത്തിനും കാരണമാകും.

Latest