ജില്ലാ ആശുപത്രിയില്‍ രണ്ട് ദിവസമായി വെള്ളമില്ല; രോഗികള്‍ ദുരിതത്തില്‍

Posted on: December 20, 2014 11:47 am | Last updated: December 20, 2014 at 11:47 am

തിരൂര്‍: ജില്ലാ ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ ദുരിതത്തില്‍. രണ്ട് ദിവസമായി വാട്ടര്‍ അതോറിറ്റി ജലവിതരണം മുടക്കി സമരം നടത്തിയതിനെ തുടര്‍ന്നാണ് ആശുപത്രിയിലെ രോഗികളും ജീവനക്കാരുമുള്‍പ്പടെ ദുരിതത്തിലായത്. ആശുപത്രിയിലെ പ്രധാന ജല ശ്രോതസ് നഗരസഭക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജലവിതണ കേന്ദ്രമാണ്. എന്നാല്‍ വാട്ടര്‍ അതോറിറ്റി മുഴുവന്‍ സമയ ജലവിതരണം നിര്‍ത്തി രണ്ട് ദിവസമായി സമരത്തിലാണ്. ആശുപത്രി മുറ്റത്ത് മൂന്ന് കിണറുകളുണ്ടെങ്കിലും ഇത് വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താത്തതാണ് ഇത്തരം സാഹചര്യങ്ങളില്‍ രോഗികളെ വലക്കുന്നത്. രണ്ട് കിണറുകള്‍ അര നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ചിട്ടുള്ളതാണ്. എട്ട് വര്‍ഷത്തോളം പഴക്കമുള്ള മോട്ടറുകളാണ് ഈ കിണറുകളിലെല്ലാം ഘടിപ്പിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി പ്രവര്‍ത്തന രഹിതമായിക്കിടക്കുകയാണ് ഇവയെല്ലാം. ആശുപത്രി അധികൃതര്‍ തിരിഞ്ഞുനോക്കാത്തതിനെ തുടര്‍ന്ന് മോട്ടറുകളെല്ലാം തുരുമ്പെടുത്ത് നശിച്ചിട്ടുമുണ്ട്. നിലവില്‍ ആശുപത്രിലേക്കുള്ള പ്രധാന ആശ്രയം വാട്ടര്‍ അതോറിറ്റിയാണ്. വ്യാഴായ്ച മുതല്‍ ആശുപത്രിയില്‍ വെള്ളം നിലച്ചിരുന്നു. ഇന്നലെയും സ്ഥിതി തുടര്‍ന്നതോടെ ആളുകളില്‍ പ്രതിഷേധത്തിനിടയാക്കി. വെള്ളമില്ലാതെ ഓപ്പറേഷന്‍ നടക്കാതെ വന്നു. എന്നാല്‍ ദിവസവും 7000 ലീറ്റര്‍ വീതമുള്ള നാല് ലോഡ് വെള്ളം ടാങ്കില്‍ നിക്ഷേപിച്ചെങ്കിലും ഇത് എങ്ങുമെത്താത്ത അവസ്ഥയിലായിരുന്നു. അതേസമയം ആശുപത്രിയിലെ ജലശ്രോതസ്സുകളെ കുറിച്ചും സംവിധാനങ്ങളെ കുറിച്ചും പരിശോധന നടത്തി മൂന്ന് ദിവസത്തിനകം എച്ച് എം സിക്ക് സമര്‍പ്പിക്കുമെന്ന് ജില്ലാ ആശുപത്രി ആര്‍ എം ഒ ഡോ. അലി അശ്‌റഫ് പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയിലെ സംവിധാനങ്ങള്‍ ഉപയോഗ യോഗ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊന്നാനിയില്‍ മന്ത്‌രോഗ ഗുളിക വിതരണം തുടങ്ങി

മലപ്പുറം: പൊന്നാനി നഗരസഭ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സാമൂഹിക മന്ത് രോഗ ഗുളിക വിതരണം തുടങ്ങി. ഡി ഇ സി, ആല്‍ബന്റസോള്‍ ഗുളികകളാണ് വിതരണം ചെയ്യുന്ന്. ബോധവത്കരണ പരിപാടികളുടെ ഭാഗമായി നഗരസഭയിലെ 29 വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് നേരിട്ട് ഗൃഹ സന്ദര്‍ശനം നടത്തും. വിവിധ തലങ്ങളില്‍ നിന്നുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, ഫീല്‍ഡ് അസ്സിസ്റ്റന്റ് ഓഫീസര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, തുടങ്ങിയ 216 പേരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് സര്‍വെ നടത്തുന്നത്. 2013 നവംബറില്‍ നടത്തിയ സര്‍വെയില്‍ 1,233 പേര്‍ക്ക് മന്ത് രേഗത്തിന്റെ പ്രകടമായ ലക്ഷണങ്ങള്‍ പൊന്നാനി മേഖലയില്‍ കണ്ടെത്തിയിരുന്നു. മന്ത് രോഗം പ്രതിരോധിക്കാന്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷം ഗുളിക കഴിക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.