സര്‍ഗോത്സവം ‘2014 കല്‍പ്പറ്റയില്‍

Posted on: December 20, 2014 10:31 am | Last updated: December 20, 2014 at 10:31 am

കല്‍പ്പറ്റ: പട്ടികവര്‍ഗ്ഗ വികസനവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളുകളിലേയും പ്രീമെട്രിക് ഹോസ്റ്റലുകളിലേയും വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാന തല കലാമേള ‘സര്‍ഗോത്സവം 2014 ഈ മാസം 26,27,28 തീയതികളില്‍ ചിത്രമൂലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ നടക്കും.
പട്ടികവര്‍ഗ വികസനവകുപ്പിന്റെ കീഴിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ കലാപരമായ കഴിവ് മാറ്റുരക്കുന്നതിനും അവരെ പൊതു നിലവാരത്തിലേക്ക് എത്തിക്കുന്നതിന് പ്രാപ്തമാക്കുന്നതിനുമായി വകുപ്പിന്റെ പ്രധാന പദ്ധതിയായി ‘സര്‍ഗോത്സവം’ എന്ന പേരില്‍ സംസ്ഥാനതല കലാമേള കഴിഞ്ഞവര്‍ഷം കണിയാമ്പറ്റയില്‍ സംഘടിപ്പിച്ചിരുന്നു. കലാപരമായി മികവുള്ള ഒട്ടേറെ പ്രതിഭകളെ കണ്ടെത്താന്‍ ഇതിലൂടെ കഴിയുകയുണ്ടായി. മത്സര ഇനങ്ങളില്‍ പലതും ഉന്നത നിലവാരംപുലര്‍ത്തുന്നതായിരുന്നു. കുട്ടികളുടെ കലാപരമായ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിന് ഇത്തരം മേളകള്‍ വളരെയധികം സഹായകരമാവും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ‘സര്‍ഗോല്‍സവം- 2014’സംഘടിപ്പിക്കപ്പെടുന്നത്.സംഗീത സാന്ദ്രമായ അന്തരീക്ഷത്തില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഏകദേശം 1700- ഓളം പ്രതിനിധികള്‍ പങ്കെടുക്കും. ഭക്ഷണത്തിനും താമസത്തിനുമായി വിപുലമായ സൗകര്യങ്ങളാണ് സംഘാടക സമിതി ഏര്‍പ്പെടുത്തിയിട്ടുള്ളത്.
‘സര്‍ഗോത്സവം 2014’- ന്റെ നടത്തിപ്പിനായി മന്ത്രി പി കെ ജയലക്ഷ്മി, എം പി എം ഐ ഷാനവാസ്, എംഎല്‍ എമാരായ എം വി ശ്രേയാംസ്‌കുമാര്‍, ഐ സി ബാലകൃഷ്ണന്‍, പട്ടികവര്‍ഗവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍ എന്നിവര്‍ രക്ഷാധികാരികളായും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ് ചെയര്‍മാനായും ജില്ലാകലക്ടര്‍ കേശവേന്ദ്രകുമാര്‍ കണ്‍വീനറായും സംഘാടകസമിതി രൂപവത്കരിച്ചു. സര്‍ഗോത്സവത്തിന്റെ ലോഗോപ്രകാശനം ജില്ലാകലക്ടര്‍ കേശവേന്ദ്രകുമാര്‍ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ പി പി ആലി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.