തെരുവ് വിളക്ക് സ്ഥാപിച്ചതിലെ ക്രമക്കേട്: എല്‍ ഡി എഫ് ആരോപണങ്ങള്‍ ഓഡിറ്റ് വിഭാഗം ശരിവെച്ചെന്ന്

Posted on: December 20, 2014 9:27 am | Last updated: December 20, 2014 at 9:27 am

കൊടുവള്ളി: ഗ്രാമപഞ്ചായത്തില്‍ തെരുവ് വിളക്കുകള്‍ മാറ്റി സ്ഥാപിച്ചതില്‍ ക്രമക്കേട് നടന്നെന്ന പ്രതിപക്ഷത്തിന്റെ് ആരോപണങ്ങള്‍ ശരിവെച്ചുകൊണ്ട് പഞ്ചായത്ത് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം.
നിലവിലില്ലാത്ത സോഡിയം വേപ്പര്‍ ലാമ്പുകള്‍ മാറ്റിയതായി കാണിച്ച് തുക ചെലവഴിച്ചെന്നും വാറന്റി കാലാവധിയുള്ള തെരുവ് വിളക്കുകള്‍ മാറ്റി പുതിയവ സ്ഥാപിച്ചതിനാല്‍ സാമ്പത്തികനഷ്ടം സംഭവിച്ചതായുമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. തെരുവ് വിളക്കുകളുടെ എണ്ണം കെ എസ് ഇ ബിയുടെ കണക്കുമായി പൊരുത്തപ്പെടുന്നില്ലെന്നും അഴിച്ചെടുത്ത തെരുവ് വിളക്കുകളുടെ സ്റ്റോക്ക് വിവരം പഞ്ചായത്തില്‍ ലഭ്യമല്ലെന്നും പരാമര്‍ശമുണ്ട്.
തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ ഗ്രാമസഭയുടെ അംഗീകാരം വാങ്ങിയിട്ടില്ലെന്നും കെ എസ് ഇ ബിയുടെ അംഗീകാരവും മേല്‍നോട്ടവുമില്ലാതെയാണ് പ്രവൃത്തികള്‍ നത്തിയതെന്നും സൂചനയുണ്ട്.
തൊഴില്‍ പരിശീലന പരിപാടികളില്‍ ടെന്‍ഡര്‍ നടപടി പാലിക്കാത്തതിനാല്‍ അധിക തുക ചെലവ് വന്നതായും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. പാലക്കുറ്റിയില്‍ പ്രവര്‍ത്തിക്കുന്ന വായനശാലക്ക് ഫര്‍ണിച്ചറും കമ്പ്യൂട്ടറുകളും വാങ്ങി നില്‍കിയതില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഈയിനത്തില്‍ ചെലവായ തുക ബന്ധപ്പെട്ടവരില്‍ നിന്ന് തിരിച്ച് പിടിക്കണമെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇത് സംബന്ധിച്ചും വിജിലന്‍സിന് നേരത്തെ എല്‍ ഡി എഫ് പരാതി നല്‍കിയിരുന്നു.