ടൈറ്റാനിയം അഴിമതി: വിശദമായി അന്വേഷിക്കണം- ഹൈക്കോടതി

Posted on: December 19, 2014 8:24 pm | Last updated: December 20, 2014 at 12:24 am

കൊച്ചി: ടൈറ്റാനിയം അഴിമതി കേസില്‍ മുഴുവന്‍ ആരോപണങ്ങളും വിശദമായി അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച വിജിലന്‍സ് കോടതി ഉത്തരവിനെതിരെ കേസിലെ എട്ടാം പ്രതിയും ടൈറ്റാനിയം കമ്പനി ചെയര്‍മാനുമായ ടി ബാലകൃഷ്ണന്‍ സമര്‍പ്പിച്ച റിവിഷന്‍ ഹരജി തീര്‍പ്പാക്കിയാണ് ജസ്റ്റിസ് കെ രാമകൃഷ്ണന്റെ ഉത്തരവ്.
കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവിന്റെ കാര്യകാരണങ്ങളിലേക്ക് കടക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. വിജിലന്‍സ് കോടതിയിലെ ആദ്യ പരാതിയിലാകണം കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്നും ഇതോടൊപ്പം മറ്റ് പരാതികളിലെ ആരോപണങ്ങളും അന്വേഷണ വിധേയമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
അതേസമയം വിജിലന്‍സ് കോടതിയുടെ തുടരന്വേഷണ ഉത്തരവിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹരജിയില്‍ ആദ്യപരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നുവെന്നും ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുമെന്നും സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചു. എന്നാല്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുള്ളതിനാല്‍ അന്വേഷണം ആരംഭിക്കാന്‍ തടസ്സമുണ്ടെന്നും എ ജി വിശദീകരിച്ചു.
ആരോപണങ്ങള്‍ ഉന്നയിച്ച് പരാതി നല്‍കിയവര്‍ക്കെല്ലാം കേസന്വേഷണത്തില്‍ തെളിവുകള്‍ ഹാജരാക്കാമെന്ന് കോടതി വ്യക്തമാക്കി. അഴിമതി കേസുകളുടെ അന്വേഷണം നിലക്കരുതെന്നും അതിനാല്‍ സ്റ്റേ ഉത്തരവ് നീക്കുകയാണെന്നും കോടതി പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി കെ ഇബ്രാഹിംകുഞ്ഞ്, ടി ബാലകൃഷ്ണന്‍, മീകോണ്‍ കമ്പനി അധികൃതര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹരജി കോടതിയുടെ പരിഗണനയിലാണ്. കേസെടുത്ത് അന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ മറ്റൊരു ബഞ്ച് നേരത്തെ വിസമ്മതിച്ചിരുന്നു. എന്നാല്‍ ചെന്നിത്തലയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.